കൊല്ലം ജില്ലാ കളക്ടറെ കാണാൻ എത്തിയ അവശതയുള്ള വൃദ്ധയെ താങി പടിയിറക്കിക്കുന്ന ജില്ലാ കളക്ടറുടെ ചിത്രവും ഇത് പകർത്തിയ മൃഗസംരക്ഷണ വകുപ്പ് പി.ആർ.ഒ ഡോക്ടർ ഷൈൻകുമാറിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വൈറലായി

ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

സങ്കടങ്ങൾ കാണാൻ കണ്ണുകളുണ്ടാവണം. ചേർത്തുപിടിക്കാൻ കൈകളും ..അല്പം മുമ്പ് കൊല്ലം കളക്ടറേറ്റിൽ രണ്ടാം നിലയിലേയ്ക്ക് പടി കയറുമ്പോൾ ഒരു ശബ്ദം.

നിങ്ങളെപ്പോലുള്ള അമ്മമാർക്ക് കയറാനല്ലേ ഞാൻ ലിഫ്റ്റ് വച്ചിരിക്കുന്നതു്. നോക്കുമ്പോൾ കളക്ടർ അബ്ദുൾ നാസറാണ്.

മുകളിലേക്ക് കയറാൻ പാടുപെടുന്ന ഒരമ്മയോട് സംസാരിക്കുകയാണ്. ഞാൻ ശ്രദ്ധിച്ചു കളക്ടർ അടുത്ത് ചെന്ന് ആ അമ്മയെ കൈപിടിച്ച് ഇറക്കിക്കൊണ്ടുവരുന്നു താഴെ ലിഫ്റ്റിലേയ്ക്ക്.. എവിടെ പോകുന്നു.? അമ്മയോട് കളക്ടർ. കളക്ടറെ കാണാൻ പോകുന്നു.

എന്നിട്ട് കണ്ടോ? ഇല്ല. എന്ന് അമ്മ . എങ്കിൽ ഞാനാണ് കളക്ടർ . നല്ലവണ്ണം കണ്ടോ . ആ അമ്മ വിതുമ്പുന്നുണ്ടായിരുന്നു.

കരുതി വെച്ചിരുന്ന സങ്കടക്കണ്ണീരത്രയും ആ പടികൾ ഏറ്റുവാങ്ങി… പൊതിരെ വിമർശിക്കുമ്പോഴും ബ്യൂറോക്രസിയിലെ ഈ നന്മകൾ കാണാതിരുന്നുകൂടാ.

കളക്ടർ ബി.അബ്ദുൾ നാസർ ജനാധിപത്യത്തിന്റെ കരുത്താണ്( ഈ ചിത്രം ഞാനെടുത്തപ്പോൾ കളക്ടർ വിലക്കി. അതു് മറികടന്ന് ഇത് ഇവിടെ പോസ്റ്റ് ചെയ്യുന്നു )