പിഎംസി ബാങ്കിൽ 90 ലക്ഷത്തിന്റെ നിക്ഷേപം; 51കാരൻ ഹൃദയാഘാതം മൂലം മരിച്ചു

പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര കോ ഓപ്പറേറ്റീവ് ബാങ്കിന്റെ ഓഷിവാര ബ്രാഞ്ചില്‍ കുടുംബാംഗങ്ങളുടെ പേരില്‍ 90 ലക്ഷത്തിന്റെ നിക്ഷേപമാണ് തപോര്‍വാല സ്വദേശിയായ സഞ്ജയ് ഗുലാത്തിയ്ക്കുണ്ടായിരുന്നത്.

ബാങ്ക് പ്രതിസന്ധിക്കിടെയാണ് സഞ്ജയ് ഗുലാത്തി എന്ന 51കാരൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. പിഎംസി ബാങ്ക് തട്ടിപ്പിനെതിരെയുള്ള പ്രതിഷേധത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു മരണം.

സാമ്പത്തിക തട്ടിപ്പിനെ തുടർന്ന് റിസര്‍വ് ബാങ്ക് പിഎംസി അക്കൗണ്ട് ഉടമകള്‍ക്ക് പണം പിന്‍വലിക്കാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

ഇതോടെയാണ് അ‌ക്കൗണ്ട് ഉടമകള്‍ പ്രതിഷേധവുമായി മുന്നോട്ട് വന്നത്. ഗുലാത്തിയുടെ കുടുംബത്തില്‍ നിന്ന് നാല് അക്കൗണ്ടുകളാണ് പിഎംസി ബാങ്കിലുണ്ടായിരുന്നത്.

ഗുലാത്തിക്ക് പുറമേ ഭാര്യ, രക്ഷിതാക്കള്‍ എന്നിവരുടേതായി മൂന്ന് അക്കൗണ്ടുകളാണ് റിസര്‍വ് ബാങ്ക് നിയന്ത്രണത്തിൽ മരവിപ്പിക്കപ്പെട്ടത്.

മരണപ്പെട്ട സഞ്ജയ് ഗുലാത്തി അദ്ദേഹത്തിന്റെ 80 വയസ്സുള്ള പിതാവുമൊത്താണ് പ്രതിഷേധനത്തിനെത്തിയത്. പ്രതിഷേധം കഴിഞ്ഞു മടങ്ങവെയായിരുന്നു ഇയാളുടെ മരണം.

ജെറ്റ് എയര്‍വേയ്‌സിലെ എഞ്ചിനീയര്‍ ആയിരുന്ന ഗുലാതി എയര്‍വേയ്‌സ് പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെയാണ് തൊഴിൽ രഹിതനായത്.

ഇയാള്‍ക്ക് ശാരീരിക വെല്ലുവിളി നേരിടുന്ന ഒരു മകന്‍ ഉള്‍പ്പടെ രണ്ടു കുട്ടികളും ഭാര്യയും ഉണ്ട്. മകന്റെ ചികിത്സക്ക്വ തന്നെ വന്‍ തുക ആവശ്യമായി വരാറുണ്ടെന്നാണ് ബന്ധുക്കൾ അറിയിച്ചത്.

എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തോടെ പണം പിന്‍വലിക്കാന്‍ കഴിയാതെ ഗുലാത്തി അസ്വസ്തനായിരുന്നുവെന്നും ഇവർ പറയുന്നു.

മുംബൈ ഫോര്‍ട്ട് പരിസരത്തെ കോടതിയില്‍ നടന്ന പ്രതിഷേധത്തില്‍ സഞ്ജയ് ഗുലാത്തി പങ്കെടുത്തിരുന്നു. പിഎംസി ബാങ്ക് തട്ടിപ്പ് കേസില്‍ കുറ്റക്കാരായ എച്ച്ഡിഐഎല്ലിന്റെ ഡയറ്കടര്‍മാരായ രാകേഷ് വാധവന്‍, സാരംഗ് വാധവന്‍, മുന്‍ പിഎംസി ബാങ്ക് ചെയര്‍മാന്‍ വാര്യം സിംഗ് എന്നിവരെ കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് പ്രതിഷേധക്കാരെത്തിയത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോഴാണ് നിക്ഷേപകരെ ദുരിതക്കയത്തിലേക്ക് തള്ളിയിട്ട നടപടികൾ ഈ മേഖലയെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഇത്രയധികം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെടുന്നതെന്നും സ്വകാര്യ മേഖലയില്‍ ആരും ആരെയും വിശ്വസിക്കാത്ത അവസ്ഥയാണ് സംജാതമായിരിക്കുന്നതെന്നും സാമ്പത്തിക വിദഗ്ദർ പറയുന്നു.

ജനദ്രോഹ നടപടികൾ കൊണ്ട് പൊരുതി മുട്ടിയ സാധാരണക്കാരുടെ ആശങ്കകൾ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഫഡ്‌നാവിസ് സർക്കാരിന് വലിയ വെല്ലുവിളിയായിരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News