ദില്ലി: അയോധ്യ കേസ് വാദത്തിനിടെ സുപ്രീംകോടതിയില്‍ നാടകീയ സംഭവങ്ങള്‍.

രാമജന്മഭൂമി എവിടെ എന്ന് അടയാളപ്പെടുത്തിയ മാപ്പ് സുന്നി വഖഫ് ബോര്‍ഡിന്റെ അഭിഭാഷകന്‍ രാജീവ് ധവാന്‍ ജഡ്ജിമാര്‍ക്ക് മുന്നില്‍വെച്ച് വലിച്ചു കീറി. ഹിന്ദുമഹാ സഭ നല്‍കിയ മാപ്പാണ് രാജീവ് ധവാന്‍ വലിച്ചുകീറിയത്.

അഭിഭാഷകനെതിരെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി രംഗത്തെത്തി. കോടത്തിമുറിക്കുള്ളിലെ മാന്യത പാലിക്കണമെന്നും ഇത്തരത്തില്‍ എങ്ങനെ മുന്നോട്ട് പോകുമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ചോദിച്ചു.

ഇന്ന് വൈകിട്ട് 5 മണിയോടെ വാദം പൂര്‍ത്തിയക്കണമെന്നാണ് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ അംഗീകരിക്കാന്‍ ആകില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഹിന്ദുമഹാ സഭ നല്‍കിയ ഹര്‍ജി പരിഗണിക്കാന്‍ കഴിയില്ലെന്ന് രാവിലെ തന്നെ വ്യക്തമാക്കിയിരുന്നു. വാദം പറയാന്‍ എല്ലാ കക്ഷികള്‍ക്കും നാല്‍പ്പത്തിയഞ്ച് മിനുട്ട് വീതമാണ് അനുവദിച്ചിട്ടുള്ളത്.

അയോധ്യയിലെ തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡക്കും രാംലല്ലക്കുമായി വിഭജിച്ചു നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുള്ള അപ്പീലുകളാണ് സുപ്രീംകോടതിക്ക് മുന്നിലുള്ളത്.