ഫിറോസിന്റേത് തോന്ന്യാസം, പാവപ്പെട്ടവരുടെ ദയനീയത ചൂഷണം ചെയ്ത് വന്‍കൊള്ള; പിന്നില്‍ മാഫിയ; കാശ് നല്‍കുന്നവരും ഈ ‘നെന്മ മെര’ത്തെ അറിഞ്ഞിരിക്കണം

തിരുവനന്തപുരം: യുവതിയെ അപമാനിച്ചെന്ന പരാതിയില്‍ നിയമനടപടി നേരിടുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ രംഗത്ത്.

ഫിറോസിന്റേത് ജനത്തെ പറ്റിക്കുന്ന പരിപാടിയാണെന്നും ഒരു അക്കൗണ്ടബിലിറ്റിയുമായില്ലാതെ നന്മമരം എന്ന മറ വെച്ച് ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നത് ഫ്രോഡാണെന്നും കള്ളത്തരമാണെന്നും അഷീല്‍ പറയുന്നു.

മുഹമ്മദ് അഷീലിന്റെ വാക്കുകള്‍:

”കുറേയാള്‍ക്ക് ഗുണം ലഭിക്കുന്നുണ്ട് എന്ന കാര്യം മനസിലാക്കിക്കൊണ്ട് തന്നെ പറയുകയാണ്. എന്താണ് ഇവിടെ സംഭവിക്കുന്നതെന്ന് മനസിലാക്കേണ്ടതുണ്ട്. മിലാപ്, കീറ്റോ പോലുള്ള കാശ് കളടക്ട് ചെയ്ത് ആളുകളെ സഹായിക്കുന്ന പ്രൈവറ്റ് സംവിധാനങ്ങള്‍ ഉണ്ട്.

അവര്‍ കൃത്യമായി പറയുന്നത് കളക്ട് ചെയ്യുന്നതിന്റെ 20 ശതമാനം അവര്‍ എടുക്കുന്നു. ബാക്കി മറ്റുള്ളവര്‍ക്ക് നല്‍കുന്നു. എന്നാല്‍ നന്മമരത്തിന്റെ കണ്‍സെപ്റ്റ് വല്ലാത്തൊരു കണ്‍സെപ്റ്റാണ്. ഇത് കണ്ട് സഹിക്കാന്‍ പറ്റാഞ്ഞിട്ട് പറയുകയാണ്.

ഒരിക്കല്‍ ഒരു കുട്ടിയുടെ ദൈന്യതയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടു. ആരോഗ്യമന്ത്രി തന്നെ നേരിട്ട് കുട്ടിയുടെ ബന്ധുക്കളെ വിളിച്ച് സംസാരിച്ചു. ബന്ധുക്കള്‍ ഫോണ്‍ അവിടെയുള്ള മറ്റൊരാള്‍ക്ക് കൈമാറി.നന്മമരത്തിന്റെ ആ ആശുപത്രിയിലെ കോഓര്‍ഡിനേറ്ററായിരുന്നു അത്. കുട്ടിയുടെ ചികിത്സക്കായി 30 ലക്ഷം രൂപയാണ് വേണ്ടചെന്നും ഇതില്‍ 25 ലക്ഷം രൂപ സമാഹരിച്ചെന്നും അദ്ദേഹം മന്ത്രിയോട് പറഞ്ഞു.

ആ പണം ആശുപത്രിയില്‍ കെട്ടിവയ്ക്കണമെന്നും ബാക്കി തുക സര്‍ക്കാര്‍ അടയ്ക്കാമെന്നും മന്ത്രി അറിയിച്ചു. എന്നാല്‍ തങ്ങളുടെ രീതി അങ്ങനെയല്ലെന്ന മറുപടിയാണ് അദ്ദേഹം മന്ത്രിയോട് പറഞ്ഞത്. പിരിച്ചതുകയില്‍ നിന്ന് 10 ലക്ഷം രൂപ കുട്ടിക്ക് നല്‍കും. ബാക്കി തുക മറ്റുള്ള ആവശ്യക്കാര്‍ക്ക് നല്‍കുമെന്നാണ്. ആരാണ് ഇത് തീരുമാനിക്കുന്നത്, ആര്‍ക്കാണ് വിതരണം ചെയ്യുന്നത് എന്ന്.

ഒരുകുട്ടിയുടെ ഫോട്ടോയും വീഡിയോയും ആ കുട്ടിയുടെ ദയനീയത കാട്ടി സമാഹരിച്ച തുക മറ്റുള്ളവര്‍ക്കേ കൊടുക്കൂവെന്ന് പറയുന്നത് തോന്നിവാസമല്ലാതെ മറ്റെന്താണ്. ഇത് എന്ത് രീതിയാണെന്ന് അന്ന് മിസിസ്റ്റര്‍ ചോദിക്കുകയും ചെയ്തു.

സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. എന്നാല്‍ നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഏത് ആശുപത്രിയിലാണ് 50 ലക്ഷം രൂപയ്ക്ക് കിഡ്നി മാറ്റിവെക്കുന്നത്.

അതേസമയം ഈ പറയുന്ന നന്മമരത്തിന് എല്ലായിടത്തും പോകാന്‍ കഴിയില്ലല്ലോ അതുകൊണ്ട് തന്നെ വളരെ ചൂസിയാണ്. ഏറ്റവും കൂടുതല്‍ കാശ് കിട്ടാന്‍ കഴിയുന്ന സ്ഥലത്താണ് നന്മമരം പോകുന്നത്.

ബാക്കിയുള്ള കേസുകള്‍ നമ്മള്‍ എടുക്കേണ്ടി വരും. സര്‍ക്കാര്‍ എന്ന രീതിയില്‍ നമുക്ക് ഇന്നയാളെ മാത്രമേ എടുക്കാന്‍ പറ്റൂ എന്ന ചോയിസ് ഇല്ല. നന്മമരത്തിലൂടെ ചെയ്യുകയാണെങ്കില്‍ ആ ആശുപത്രിലെ ബില്‍ 30 ലക്ഷം രൂപയാണ്. സര്‍ക്കാര്‍ സംവിധാനത്തിലൂടെ ചെയ്യുകയാണെങ്കില്‍ ബില്‍ 20 ലക്ഷമാണ്. 50 ലക്ഷവും 1 കോടിയുടേയും എന്ത് ചികിത്സയാണ് ഇവര്‍ ചെയ്യുന്നത്. ശരിക്കും ആളെ പറ്റിക്കുന്ന പരിപാടിയാണ് ഇത്.

അപ്പോള്‍ ഒരു ചോദ്യം ഉയരുന്നത് എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ നടപടിയെടുക്കാത്തത് എന്നാണ്. സര്‍ക്കാര്‍ നടപടിയെടുക്കാത്തതിന് കൃത്യമായ കാരണമുണ്ട്.

സമാനമായ മറ്റൊരു ആളിന്റെ ഓണ്‍ലൈന്‍ ഫണ്ട് സമാഹരണത്തിന്റെ കാര്യം വാര്‍ത്തയാക്കിയ ഒരു വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് ഈ നന്മമരത്തിന്റെ വെട്ടുകിളി സംഘത്തിന്റെ ആക്രമണം നേരിടേണ്ടിവന്നു.

വലിയ മാനസിക പീഡനമാണ് അവര്‍ അനുഭവിച്ചത്. ഈ നന്മമരം ചെയ്തതിന്റെ എത്രയോ ഇരട്ടി സഹായം സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി ചെയ്തു. എന്നാല്‍ നമ്മുടെ പൊതുബോധം സര്‍ക്കാര്‍ സംവിധാനങ്ങളെ അവഗണിക്കുന്നതാണ്.

സ്വകാര്യ ആശുപത്രിയില്‍ പോലും കിഡ്നി മാറ്റിവയ്ക്കുന്നതിന് മൂന്നു ലക്ഷമാണ്. ഇഷ്ടംപോലെ കേസുകള്‍ സാമൂഹ്യസുരക്ഷാ മിഷന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ നന്മമരം 30 മുതല്‍ 50 ലക്ഷം രൂപവരെ എന്നാണ് പറയുന്നത്. ഇത് പറ്റിപ്പല്ലേ, എന്ത് നന്മയാണ് അതിനകത്തുള്ളത്. 10 ലക്ഷത്തിന് പറ്റിച്ചാലും 20 ലക്ഷത്തിന് പറ്റിച്ചാലും കുറേ പേര്‍ക്ക് ഗുണം ലഭിക്കുന്നില്ലേ എന്നാണ് ചിലര്‍ ചോദിക്കുന്നത്.

നന്മമരം ഏറ്റെടുക്കുന്നതിന്റെ നൂറിരട്ടി കേസുകള്‍ സാമൂഹ്യമിഷന്‍ ഏറ്റെടുക്കുന്നുണ്ട്. ദയയീയത കാണിച്ചോ ആളെ പറ്റിച്ചോ അല്ല അത് ചെയ്യുന്നത്.

സാമൂഹ്യസുരക്ഷാ മിഷനില്‍ ഒരു രൂപയിട്ടാല്‍ അത് ഓഡിറ്റബിളാണ്. മറ്റുള്ളവരുടെ പണം വാങ്ങി സഹായിക്കുമ്പോള്‍ അക്കൗണ്ടബിലിറ്റി വേണം. 200 കോടിയില്‍ പരം സഹായിച്ചുവെന്ന് ചാനല്‍ ചര്‍ച്ചയില്‍ നന്മമരം പറഞ്ഞു. എവിടെയാണ് അതിന്റെ കണക്ക്. ആരാണ് അത് ഓഡിറ്റ് ചെയ്യുന്നത്. വല്ലവന്റേയും കാശ് കൊണ്ട് ഉണ്ടാക്കുന്നതിനേയല്ല പറയേണ്ടത്.

പത്ത് രൂപയാണ് കൊടുത്തത് എങ്കില്‍ പോലും വിവരാകാശം കൊടുത്താല്‍ എന്തൊക്കെ ആര്‍ക്കൊക്കെ കൊടുത്തു എന്ന് കിട്ടില്ലേ. പ്രത്യേകിച്ച് വല്ലവന്റേയും കാശ് വെച്ച് ചെയ്യുമ്പോള്‍ അത് ഓഡിറ്റ് ചെയ്യണം. അത് ചോദ്യം ചെയ്യപ്പെടണം. ആ സമയത്ത് വെട്ടുകിളികളെ പോലെ ആക്രമിക്കുകയല്ല വേണ്ടത്.

ഒരു സ്ത്രീയെ അപമാനിച്ചതുമാത്രമല്ല വിഷയം. വലിയൊരു മാഫിയ ഇതിനകത്തുണ്ട്. വെറുതെ പറയുകയല്ല. കോടികളുടെ വരവാണുള്ളത്. അതിന് പുറമെ കുട്ടികളെ നിര്‍ത്തിയതുകൊണ്ടോ ദയനീയത കാണിച്ചതുകൊണ്ടോ ഇവര്‍ക്ക് വേണ്ടിയാണ് ചെയ്യുന്നത് എന്ന് പറയുന്നതുകൊണ്ടോ അങ്ങനെ വിട്ടുകളയാന്‍ പറ്റില്ല.

കുറച്ചുപേര്‍ക്ക് സഹായം ലഭിച്ചിട്ടുണ്ട്. പക്ഷേ, അതിലുപരി ഈ പറയുന്നവര്‍ എന്തൊക്കെയുണ്ടാക്കിയിട്ടുണ്ടെന്ന് അറിയണം. ഇതൊരു നന്മ മാത്രമല്ല, ബിസിനസ് ഇതാണ് ട്രസ്റ്റ് ഇത്രയാണ് ടാക്സ് ഇതാണ് അക്കൗണ്ടുകള്‍ ഇതൊക്കെ പറയണ്ടേ.. ഇതൊന്നും പറയാതെ ഇദ്ദേഹം മാത്രമല്ല ഇയാളെപ്പോലുള്ള പല നന്മമരങ്ങളും ചെയ്യുന്നത് ഇത്തരത്തിലുള്ള തോന്നിവാസമാണ്. കണ്ട് സഹിക്കാന്‍ പറ്റാത്തതുകൊണ്ട് പറയുന്നതാണ്. ഇതൊക്കെ ചോദ്യം ചെയ്യപ്പെടണം. അസഹിഷ്ണുത ഉണ്ടായിട്ടുകാര്യമില്ല.

ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് കാശുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്. അതില്‍ സംശയമില്ല. ഇത് ബിസിനസ് ആണെന്ന് പറഞ്ഞ് ചെയ്യൂ. അതില്‍ എന്താണ് തെറ്റ്. കൃത്യമായ ഓഡിറ്റബിളായിട്ടുള്ള അക്കൗണ്ട് നമ്പര്‍ വെച്ച് ഇത് ചെയ്യൂ.

ബിസിനസ് ആണെങ്കില്‍ ബിസിനസ് ആയി നടത്തണം. അതിന് നന്മമരം എന്ന മറ വെക്കുന്നുണ്ടെങ്കില്‍ അത് ഫ്രോഡാണ് കള്ളത്തരമാണ്. ഇതിന് മുകളില്‍ വരുന്ന എന്തുപൊങ്കാലയും സ്വീകരിക്കാന്‍ തയാറായി തന്നെയാണ് ഇത്രയും പറയുന്നത്.” അഷീല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News