തിരുവനന്തപുരം: സോഷ്യല്‍മീഡിയയിലൂടെ സ്ത്രീത്വത്തെ അധിക്ഷേപിച്ച് പരാമര്‍ശം നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെ പിന്തുണച്ച് രമ്യ ഹരിദാസ്. സംഭവത്തില്‍ ഫിറോസിനെതിരെ കേസെടുത്ത വനിതാ കമ്മിഷനെ പിരിച്ചുവിടണമെന്ന് രമ്യ ഹരിദാസ് ആവശ്യപ്പെട്ടു.

ഇന്നലെയാണ് ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച ഫിറോസിനെതിരെ വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തത്.

ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സംസ്ഥാനത്തെ മുഴുവന്‍ സ്ത്രീകളെയുമാണ് ഫിറോസ് അപമാനിച്ചതെന്ന് വനിതാ കമിഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍ പറഞ്ഞു.

ഇയാള്‍ക്കെതിരെ പൊലീസ് എത്രയും വേഗം നടപടിയെടുക്കണം. സ്ത്രീകളെ ഇത്രയും വൃത്തികെട്ട രീതിയില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ലെന്നും ഇത്തരക്കാരെ സമൂഹം ഒറ്റപ്പെടുത്തണമെന്നും കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെയായിരുന്നു രമ്യയുടെ പരാമര്‍ശം.

രാഷ്ട്രീയകക്ഷികളുമായി ബന്ധമില്ലെന്ന് പറഞ്ഞിരുന്ന ഫിറോസ് മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം സി കമറുദ്ദീന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കാനെത്തിയതിനെ ജസ്‌ല എന്ന യുവതി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെയായിരുന്നു ജസ്‌ലയെ അപമാനിച്ച് ഫിറോസ് സംസാരിച്ചത്.

‘കുടുംബത്തില്‍ ഒതുങ്ങാത്ത സ്ത്രീ, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ, ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നില്‍ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ’ എന്നായിരുന്നു ഫിറോസിന്റെ പരാമര്‍ശങ്ങള്‍. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്.

നന്മ മരമെന്ന് പ്രചരിക്കപ്പെടുന്ന ഫിറോസിന്റെ തനിസ്വഭാവം പുറത്തുവന്നു എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. സംഭവത്തില്‍ ഫിറോസ് യുവതിയോട് മാപ്പ് പറയണമെന്ന് മറ്റു ചിലര്‍ ആവശ്യപ്പെടുന്നു. മുമ്പും ജസ്‌ലയ്ക്ക് നേരെ ഫിറോസ് ‘ആരാധകരില്‍’ നിന്ന് സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നിട്ടുണ്ട്.