ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം തൃശൂര്‍ തൊഴിയൂരിലെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ തൊഴിയൂര്‍ സുനില്‍ വധക്കേസിലെ യഥാര്‍ഥ പ്രതികളും ഗൂഢാലോചനയും പുത്തുവരുമ്പോള്‍ മറനീക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട കമ്യൂണിസ്റ്റ് വിരുദ്ധ കുപ്രചാരണത്തിന്റെയും അധികാരി വര്‍ഗത്തിന്റെ നെറികെട്ട രാഷ്ട്രീയ താല്‍പര്യത്തിന്റെയും ഇരുണ്ട ഇന്നലെകള്‍.

മാധ്യമങ്ങളും കെ കരുണാകരന്റെ പൊലീസും മുന്‍ ധാരണകളോടെ ഒരുപോലെ വേട്ടയാടിയ ഇടതുപക്ഷത്തിന്റെയും ഇടതുപക്ഷ പ്രവര്‍ത്തകരുടെയും നിരപരാധിത്വം വെളിച്ചത്ത് കൊണ്ടുവരാന്‍ പ്രതികളായി മുദ്രകുത്തപ്പെട്ടവര്‍ക്ക് അഴികളില്‍ ഹോമിക്കേണ്ടിവന്നത് ഒരു യവ്വനകാലം മുഴുവന്‍.

തൊഴിയൂര്‍ സുനില്‍ വധവും പിന്നിലെ ഗൂഢാലോചനയും അന്വേഷണവും പ്രതിചേര്‍ക്കലുമൊക്കെ രാഷ്ട്രീയകേരളത്തില്‍ ഒറ്റപ്പെട്ട സംഭവമായി മാറ്റി നിര്‍ത്തേണ്ടതല്ല.

പകയുണ്ടോ എന്ന ചോദ്യത്തിന് എനിക്ക് ഇപ്പോഴും ഉത്തരമില്ല പക്ഷേ ലോകത്തോട് ഒരു ചോദ്യം ഞാനിപ്പോഴും ബാക്കിയാക്കുന്നു എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്.

അധികാരി വര്‍ഗം അതിന്റെ മര്‍ദ്ധനോപാധികള്‍ എര്‌റവും നെറികെട്ട രീതിയില്‍ ഉപയോഗിക്കപ്പെട്ട അടിയന്തിരാവസ്ഥയുടെ കിരാതനാളുകളില്‍ ഭരണ വര്‍ഗത്തിന്റെ അടിവേരറുക്കാന്‍ കെല്‍പുള്ളൊരു ചോദ്യമായിരുന്നു ഇത് ഈച്ചരവാര്യരെന്ന അച്ഛനെയും രാജനെന്ന മകനെയും രാഷ്ട്രീയ കേരളത്തിന് മറക്കാന്‍ കഴിയില്ല അതുപോലെ തന്നെ കരുണാകരനെന്ന മഖ്യമന്ത്രിയെയും.

ഇതേ കരുണാകരന്റെ പൊലീസ് തന്നെയാണ് തൊഴിയൂരിലെ സുനില്‍ വധക്കേസില്‍ സിപിഐഎം പ്രവര്‍ത്തകരെ പ്രതികളാക്കി ജയിലിലടച്ചതും.

കണ്ണൂര്‍ തലശേരിയിലെ ഫസല്‍ വധക്കേസ് ഇതേ നീതി നിഷേധത്തിന്റെയും കമ്യൂണിസ്റ്റ് വേട്ടയുടെയും പുതിയ ഉദാഹരണമാണ്. 2006 ഒക്ടോബര്‍ 22 നാണ് തലശേരിയിലെ മുഹമ്മദ് ഫസല്‍ കൊല്ലപ്പെടുന്നത്.

കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസുകാരാണെന്ന് എന്‍ഡിഎഫ് ആദ്യം അഭിപ്രായപ്പെട്ടെങ്കിലും പിന്നീട് തിരുത്തിയാണ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. 2006 ല്‍ നടന്ന കൊലപാതക കേസ് 2008 സിംഗിള്‍ ബെഞ്ച് സിബിഐക്ക് വിട്ടു 2010 ല്‍ കേസ് സിബിഐ ഏറ്റെടുത്തു.

രോഗി ഇച്ഛിച്ച രീതിയില്‍ തന്നെ സിബിഐ വൈദ്യന്‍മാര്‍ കേസിന്റെ അന്വേഷണം നടത്തിയെന്ന് വേണം പറയാന്‍. കണ്ണൂരില്‍ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷിക്കുന്ന ആദ്യത്തെ കേസാണ് ഫസലിന്റേതെന്നത് കേസിലെ പ്രത്യേക രാഷ്ട്രീയ താല്‍പര്യം വെളിവാക്കുന്നതാണ്.

സിബിഐ അന്വേഷണമേറ്റെടുത്തതും സിപിഐഎം നേതാക്കളിലേക്ക് പ്രതിപ്പട്ടിക നീണ്ടതുമൊക്കെ വളരെ പെട്ടന്നായിരുന്നു. കേസന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും മനപ്പൂര്‍വം സിപിഐഎം പ്രവര്‍ത്തകരെ പ്രതിചേര്‍ത്തതാണെന്നും അന്നുമുതല്‍ തന്നെ ശക്തമായ ആരോപണമായിരുന്നു.

പടുവിലായിയിലെ സിപിഐഎം പ്രവര്‍ത്തകന്‍ മോഹനന്റെ കൊലപാതകത്തെ തുടര്‍ന്ന് അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഫസലിനെയും വധിച്ചത് തങ്ങളാണെന്ന് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ് സമ്മതിക്കുന്നത്. കൂട്ടുപ്രതികളെയും കൊലചെയ്ത രീതിയുമൊക്കെ വിശദീകരിച്ചുള്ള പ്രതിയുടെ തന്നെ മൊഴി അതും പൊലീസ് കസ്റ്റഡിയില്‍ നടത്തിയത് എന്തുകൊണ്ട് സിബിഐക്ക് പ്രസക്തമായി തോന്നിയില്ലെന്നതാണ് കൗതുകം.

കുറ്റസമ്മതം സുബീഷ് നിഷേധിച്ചെങ്കിലും പിന്നീട് പുറത്ത് വന്ന സുബീഷിന്റെ തന്നെ ഫോണ്‍കോള്‍ കുറ്റസമ്മതത്തിന് ശേഷം സുബീഷിന് മേലുണ്ടായ രാഷ്ട്രീയ സമ്മര്‍ദം വെളിവാക്കുന്നതാണ്. പതിമൂന്ന് വര്‍ഷത്തിലേറെയായി സിപിഐഎം എന്ന സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാധ്യമങ്ങളും ഇടതുവിരുദ്ധരും ആഘോഷമാക്കിയ ഒരു കേസ്.

പ്രതിയുടെ വെളിപ്പെടുത്തല്‍ വന്നിട്ടും പുനരന്വേഷണം വേണ്ടെന്ന ദുശാഢ്യത്തില്‍ നില്‍ക്കുന്ന സിബിഐ. സ്വതന്ത്ര ഭാരതത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നാടുകടത്തെലെന്ന ശിക്ഷാ വിധി കല്‍പ്പിക്കപ്പെട്ട് അഞ്ച് വര്‍ഷത്തോളമായി നീതിനിഷേധത്തിന്റെ സംസാരിക്കുന്ന അഏടയാളമായി കാരായി സഖാക്കള്‍.

അടങ്ങാത്ത പോരാട്ട വീര്യമാണ് കമ്യൂണിസ്റ്റ് കാരന്റെ കരുത്തെന്ന് വിളിച്ചുപറഞ്ഞ് കാരായി സഖാക്കള്‍ക്കൊപ്പം നില്‍ക്കുന്ന കണ്ണൂരിന്റെ മനസ്. പ്രിയസഖാക്കളെ നെഞ്ചിലെ കരുതലൂട്ടി കാക്കുന്ന എറണാകുളത്തിന്റെ മണ്ണ്.
‘എല്ലാ കോട്ട കൊത്തളങ്ങളും പുരാവസ്തുവാകും.
എല്ലാ പീരങ്കികളും നിശബ്ദമായി തുരുമ്പിക്കും.
എല്ലാ സുല്‍ത്താന്മാരും വെളിച്ചം കടക്കാത്ത
ഗുഹയിലൂടെ ഒളിച്ചോടും.
ഉറക്കച്ചടവില്ലാത്ത എന്റ്‌റെ കുട്ടികള്‍
ഇവയെല്ലാം കൗതുകപൂര്‍വ്വം നോക്കിക്കാണും.’