അയോധ്യാ കേസ്; അന്തിമവാദത്തിനിടെ നാടകീയ രംഗങ്ങൾ; വിധി പറയുന്നത് മാറ്റി

അയോധ്യാ തർക്കഭൂമിക്കേസിന്റെ അന്തിമവാദം നാടകീയ രംഗങ്ങളോടെ പൂർത്തിയാക്കി വിധി പറയാൻ മാറ്റി. കേസിൽ നിന്ന് പിന്മാറുകയാണെന്ന് കാട്ടി യു.പി സുന്നി വഖഫ് ബോർഡ് അധ്യക്ഷൻ സുഫർ അഹമ്മദ് ഫാറൂഖി അപേക്ഷ നൽകി. എന്നാൽ, ഇടക്കാല അപേക്ഷകൾ പരിഗണിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് നിലപാടെടുത്തു. ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ വലിച്ചുകീറിയത് ബഹളത്തിനിടയാക്കി. ഇതിനിടെ, ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥസമിതി സുപ്രീംകോടതിയ്ക്ക് റിപ്പോർട്ട് കൈമാറി.

അന്തിമവാദത്തിന്റെ നാൽപതാം ദിനത്തിൽ കേസ് പരിഗണിച്ചയുടൻ തന്നെ ഇടക്കാല അപേക്ഷകൾ പരിഗണിക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ, ഇടക്കാല അപേക്ഷകൾ കേൾക്കില്ലെന്നും ഇന്ന് അഞ്ച് മണിയ്ക്ക് തന്നെ അന്തിമവാദം അവസാനിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ് കർശന നിർദേശം നൽകി. ഇതോടെ, കേസിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിക്കാനുള്ള സുന്നി വഖഫ് ബോർഡ് ചെയർമാന്റെ ശ്രമം പാളി. ഇതിനിടെ ജസ്റ്റിസ് എഫ്.എം. ഇബ്രാഹിം ഖലീഫുല്ല അധ്യക്ഷനായ മധ്യസ്ഥസമിതി, റിപ്പോർട്ട് സമർപ്പിച്ചു. സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാഡ തുടങ്ങി കക്ഷികളുമായി നടത്തിയ ചർച്ചയിൽ സമവായ ഫോർമുല ഉരുത്തിരിഞ്ഞെന്നാണ് സൂചന.

അയോധ്യയിലെ ഇരുപത്തിരണ്ട് മുസ്‌ലിം പള്ളികളുടെ അറ്റകുറ്റപ്പണി സർക്കാർ ഏറ്റെടുക്കും, ചരിത്ര പ്രാധാന്യമുള്ള പള്ളികൾ സംരക്ഷിക്കാൻ പുരാവസ്തുവകുപ്പിനെയും കൂടി ഉൾപ്പെടുത്തി പ്രത്യേക സമിതി രൂപികരിക്കും തുടങ്ങിയ വ്യവസ്ഥകൾ അംഗീകരിക്കപ്പെട്ടുവെന്നാണ് ചെയർമാന്റെ വാദം.അതേസമയം, ഹിന്ദു മഹാസഭ കൈമാറിയ രേഖകൾ സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകൻ രാജീവ് ധവാൻ കോടതിക്കുള്ളിൽ വലിച്ചുകീറി. ഇതിൽ ക്ഷുഭിതനായ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗൊയ്, കാര്യങ്ങൾ ഇങ്ങനെ പോകുകയാണെങ്കിൽ സിറ്റിങ് നിർത്തിവയ്ക്കുമെന്ന് മുന്നറിയിപ്പ് നൽകി.

വാദം കേൾക്കുന്നതിന് പകരം രേഖകൾ പരിശോധിച്ചു തീരുമാനമെടുക്കാവുന്നതേയുള്ളുവെന്നും വ്യക്‌തമാക്കിയതോടെ രംഗം ശാന്തമായി.ഇതിന് ശേഷം 4 മണിയോടെ വാദം പൂർത്തിയാക്കി വിധിപപറയാൻ മാറ്റി. അതോടൊപ്പം ഇനി വാദങ്ങൾ രേഖാമൂലം നല്കേണ്ടവർക്ക് 3 ദിവസത്തിനകം നൽകണമെന്നും കോടതി നിർദേശം നൽകിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News