ഹിന്ദി ഭാഷയെ ആയാസരഹിതമായി സമീപിക്കാനും പഠനം മധുരതരമാക്കാനും സമഗ്രശിക്ഷാ, കേരളയുടെ നേതൃത്വത്തില്‍ കര്‍മ്മ പദ്ധതി തയ്യാറായി. കഴിഞ്ഞ വര്‍ഷം തുടക്കം കുറിച്ച സുരീലീ ഹിന്ദിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചാണ് ഈ വര്‍ഷത്തെ പരിപാടികള്‍ നടപ്പാക്കുക. സംസ്ഥാനതലത്തില്‍ നടന്ന ആശയ രൂപീകരണ ശില്പശാലയിലെ സമീപനത്തെ അടിസ്ഥാനമാക്കി പാലക്കാട് ജില്ലയില്‍ സംസ്ഥാനത്തെ തെരഞ്ഞടുത്ത ട്രെയിനര്‍മാരുടെ നേതൃത്വത്തിലാണ് നിര്‍വ്വഹണ പദ്ധതിയുടെ ചട്ടക്കൂട് തയ്യാറാക്കിയത്.

മൂന്ന് തലങ്ങളിലാണ് ഈ വര്‍ഷത്തെ സുരീലീ ഹിന്ദി പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ആദ്യ തലത്തില്‍ ഒരു ദിവസത്തെ പാക്കേജാണ് നല്‍കുക. അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള കുട്ടികള്‍ക്ക് ഏകദിന ശില്പശാലയാണ് ഇത് സംഘടിപ്പിക്കുന്നത്. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാവും ഇത് നടപ്പിലാക്കുക. കുട്ടി കവിതകള്‍, കഥകള്‍, നാടകാവിഷ്‌കാരങ്ങള്‍, കോറിയോഗ്രഫി, ഓഡിയോ ടെക്സ്റ്റുകള്‍, വായനാകാര്‍ഡുകള്‍ എന്നീ സങ്കേതങ്ങള്‍ ഉപയോഗപ്പെടുത്തി ഇരുനൂറ്റി നാല്‍പ്പത് മിനിട്ടിന്റെ പാക്കേജാണ് ഇതി ഉള്‍പ്പെടുത്തിയിട്ടുള്ളത്. രണ്ടാം ഘട്ടത്തി പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തി സുരീലീ ഹിന്ദി പരിപാടി പഠനപ്രവര്‍ത്തനങ്ങളുമായി ഉള്‍ച്ചേര്‍ന്ന് കൊണ്ട് നടപ്പാക്കും. വായനാ സാമഗ്രികള്‍ പ്രയോജനപ്പെടുത്തി ഹിന്ദി ഭാഷാ പഠനം സുഗമമാക്കുകയാണ് ലക്ഷ്യമാക്കുന്നത്. മൂന്നാമതായി പരിഹാര ബോധന ക്ലാസുകളാണ് നടപ്പില്‍ വരുത്തുക. പഠന പിന്നോക്കാവസ്ഥ മറികടക്കാനും അടിസ്ഥാനഭാഷാ ശേഷി കൈവരിക്കാനും കഴിയുന്ന ഈ പാക്കേജിലൂടെ വായന, എഴുത്ത് എന്നിവ ഉറപ്പിക്കാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.

വയനാകാര്‍ഡുകളുടെ വിതരണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. നവംബര്‍ ആദ്യവാരം ട്രൈഔട്ട് നടത്തി എല്ലാ വിദ്യാലയങ്ങളിലേക്കും സുരീലീ ഹിന്ദി പാക്കേജ് വ്യാപിപ്പിക്കുന്നതോടെ ആഹ്ലാദകരമായി ഹിന്ദി പഠനത്തെ പ്രയോജനപ്പെടുത്താന്‍ കുട്ടികള്‍ക്ക് കഴിയും. ആത്മവിശ്വാസത്തോടെ ഹിന്ദിയില്‍ ആശയവിനിമയം നടത്താന്‍ പ്രാപ്തമാക്കുക എന്ന ഉദ്ദേശ്യമാണ് ഈ പരിപാടി പ്രധാനമായും മുന്നോട്ടു വയ്ക്കുന്നത്. ഈ അക്കാദമിക വര്‍ഷത്തെ പഠനോത്സവത്തില്‍ ഇതിന്റെ തെളിവ് പൊതു സമൂഹത്തിനു മുന്നില്‍ കുട്ടികള്‍ പ്രകടിപ്പിക്കും. ഹിന്ദി വാര്‍ത്താ പത്രിക, അതിഥികളുമായി ആശയസംവാദം എന്നിവ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം മുന്നോട്ടു വച്ചിട്ടുള്ള ഹിന്ദി ഭാഷാ നൈപുണി ഈ വര്‍ഷത്തോടെ സമ്പൂര്‍ണ്ണമായി കൈവരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കുന്നത്. ആശയരൂപീകരണ ശില്പശാലയി സമഗ്രശിക്ഷാ, കേരളം സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ ഡോ. എ.പി. കുട്ടികൃഷ്ണന്‍, കണ്‍സള്‍ട്ടന്റ് ഡോ. പി.കെ. ജ.യരാജ്, സംസ്ഥാന പ്രോഗ്രാം ഓഫീസര്‍ ഡോ. പി പ്രമോദ് എന്നിവര്‍ സന്നിഹിതരായിരുന്നു. സമഗ്രശിക്ഷാ, കേരളയിലെ ഹിന്ദി അധ്യാപകരായ ട്രെയിനര്‍മാരാണ് കര്‍മ്മ പദ്ധതിക്ക് നേതൃത്വം വഹിക്കുന്നത്.