മരട് ഫ്ലാറ്റ്; വിലപ്പെട്ട രേഖകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്

മരട് ഫ്ലാറ്റ് കേസുമായി ബന്ധപ്പെട്ട് വിലപ്പെട്ട രേഖകള്‍ പ്രതികള്‍ നശിപ്പിച്ചുവെന്ന് ക്രൈംബ്രാഞ്ച്. ഫ്ലാറ്റിന് ചട്ടവിരുദ്ധമായി അനുമതി നല്‍കിയ ശേഷമാണ് രേഖകള്‍ നശിപ്പിച്ചത്.പ്രതികളുടെ റിമാന്‍റ് റിപ്പോര്‍ട്ടിലാണ് ക്രൈംബ്രാഞ്ച് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.ഇന്നലെ അറസ്റ്റിലായ ഹോളി ഫെയ്ത്ത് എംഡിയും പഞ്ചായത്ത് മുന്‍ സെക്രട്ടറിയുമുള്‍പ്പടെ 3 പ്രതികളെ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി മൂന്ന് ദിവസത്തേക്ക് റിമാന്‍റ് ചെയ്തു.

അ‍ഴിമതി നിരോധന നിയമപ്രകാരമുള്ള കേസായതിനാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതിയിലാണ് പ്രതികളെ ഹാജരാക്കിയത്.ഇവരുടെ റിമാന്‍റ് റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ:

മരട് പഞ്ചായത്ത് മുന്‍ സെക്രട്ടറിയും രണ്ടാം പ്രതിയുമായ മുഹമ്മദ് അഷറഫും ഉദ്യോഗസ്ഥരായ മറ്റ് പ്രതികളും ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തില്‍ കുറ്റകരമായ വീ‍ഴ്ച്ച വരുത്തി.ഒന്നാം പ്രതിയും ഹോളി ഫെയ്ത്ത് എംഡിയുമായ സാനിഫ്രാന്‍സിസ് മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി പരാതിക്കാരനെ വഞ്ചിച്ചു.തീരദേശ പരിപാലനച്ചട്ടങ്ങളുടെ ലംഘനമാണെന്നറിഞ്ഞിട്ടും ഇക്കാര്യങ്ങള്‍ മറച്ചുവെച്ച് കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കി.

ഇതുമായി ബന്ധപ്പെട്ട നോട്ട് ഫയലുകള്‍ കരുതിക്കൂട്ടി നീക്കം ചെയ്തു.കേസിലെ നാലാം പ്രതിയും യു ഡി ക്ലര്‍ക്കുമായിരുന്ന ജയറാം നായിക്കിനെ അറസ്റ്റ് ചെയ്തിട്ടില്ല.പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ട്. കൂടാതെ പ്രതികളെ കസ്റ്റഡിയില്‍ എടുത്ത് വിശദമായി ചോദ്യം ചെയ്യേണ്ടതുള്ളതിനാല്‍ ഇവര്‍ക്ക് ജാമ്യം നല്‍കരുതെന്നും റിമാന്‍റ് റിപ്പോര്‍ട്ടില്‍ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. തുടര്‍ന്ന് പ്രതികളെ ഈ മാസം 19വരെ റിമാന്‍റ് ചെയ്ത് കോടതി ഉത്തരവിടുകയായിരുന്നു.ഇന്നലെയാണ് പ്രതികളെ ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഗൂഢാലോചന, വിശ്വാസവഞ്ചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News