സഹോദരി രഞ്ജി തോമസിനെയും വധിക്കാന്‍ ശ്രമിച്ചിരുന്നെന്നു സഹോദരന്‍ റോജോ. താന്‍ അമേരിക്കയില്‍ ആയതിനാല്‍ തന്റെ നേരെ വധശ്രമമുണ്ടായില്ല.നാട്ടില്‍ വരുമ്പോള്‍ താന്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറുണ്ടായിരുന്നില്ല.ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നത്. രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവര്‍ നേരത്തേ പൊലീസിനു മൊഴി നല്‍കിയിരുന്നു.

ജോളി നല്‍കിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നല്‍കിയ മൊഴി. ലിറ്റര്‍ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലേക്ക് എത്താനായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാന്‍ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു. റോയിയുടെ ശരീരത്തില്‍ ഉണ്ടായിരുന്ന ഏലസിനെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. കൂടുതല്‍ വിവര ശേഖരണത്തിനായി കട്ടപ്പനയിലെ ജോത്സ്യന്‍ കൃഷ്ണകുമാറിനെ വടകരയിലെ റൂറല്‍ എസ്പി ഓഫിസിലേക്കു വിളിപ്പിച്ചു.