സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവ അവധി ആനുകൂല്യം : സംസ്ഥാന മന്ത്രിസഭാ തീരുമാനം കേന്ദ്രം അംഗീകരിച്ചു

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവ അവധി ആനുകൂല്യം ലഭിക്കും. സംസ്ഥാന മന്ത്രിസഭാ തീരുമാനം കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. ഇതോടെ സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയുൾപ്പെടുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്കാണ് ആനുകൂല്യം ലഭിക്കുക.

ചരിത്രം കുറിച്ച വിവിധ പദ്ധതികള്‍ നടപ്പാക്കി വരുന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പ്രവര്‍ത്തന വഴിയില്‍ കേരളത്തിലെ തൊഴിലാളി പക്ഷത്തിന് ഗുണകരമായ ഒരു പൊന്‍തൂവല്‍ കൂടിയാണ് തീരുമാനം. സംസ്ഥാനത്തെ അണ്‍ എയ്ഡഡ് മേഖലയുൾപ്പെടുന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാർക്കാണ് ഇനി പ്രസവ അവധി ആനുകൂല്യം ലഭിക്കുക. ഓഗസ്റ്റ് 29 ന് ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ച് കേന്ദ്ര സര്‍ക്കാറിന്‍റെ അംഗീകാരം തേടിയത്.

രാജ്യത്ത് ആദ്യമാണ് മറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ അണ്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകരെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സര്‍ക്കാര്‍ തീരുമാനമെടുക്കുന്നത്. നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്‍റെ പരിധിയിലില്ല. സംസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ ജോലി ചെയ്യുന്ന സ്വകാര്യ വിദ്യാഭ്യാസ മേഖലയിലെ സ്ത്രീ ജീവനക്കാരെ ആക്ടിന്‍റെ പരിധിയില്‍ കൊണ്ടുവരണമെന്ന ആവശ്യം പരിഗണിച്ചാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തതും കേന്ദ്ര സര്‍ക്കാരിന്‍റെ അംഗീകാരത്തിനയച്ചതും. നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്‍റെ പരിധിയില്‍ കൊണ്ടുവരുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും. നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന ജീവനക്കാര്‍ക്ക് 26 ആഴ്ച ശമ്പളത്തോടെയുള്ള അവധിയാണ് അനുവദിക്കുന്നത്.

കൂടാതെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തൊഴിലുടമ 1000 രൂപ അനുവദിക്കുകയും ചെയ്യും. നിയമത്തില്‍ പരിധിയില്‍ ഉള്‍പ്പെടുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും ലഭ്യമാകും. അണ്‍ എയ്ഡഡ് വിദ്യഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക ജീവനക്കാര്‍ക്ക് മിനിമം വേതനം നിശ്ചയിച്ചുകൊണ്ടുള്ള ബില്ല് ഈ വരുന്ന നിയമസഭാ സമ്മേളനത്തില്‍ വിദ്യഭ്യാസ വകുപ്പ് അവതരിപ്പിക്കാനിരിക്കെയാണ് ജീവനക്കാര്‍ക്ക് ഇരട്ടി മധുരമായി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര അംഗീകാരം ലഭിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News