അടിസ്ഥാന ജനതയുടെ സാമൂഹിക സുരക്ഷിതത്വത്തിന്റെ കാര്യത്തില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണെന്ന് മന്ത്രി എ കെ ബാലന്‍ പറഞ്ഞു. സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം സംസ്ഥാനതല സമാപന സമ്മേളനം ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പട്ടികജാതി പീഡന നിരോധന നിയമത്തെ ലഘൂകരിച്ച് സുപ്രീംകോടതി വിധി വന്നപ്പോള്‍ അതിനെതിരെ രാജ്യത്ത് ആദ്യമായി മുന്നോട്ട് വന്നത് കേരളമാണ്. കേന്ദ്രമന്ത്രിയെ കണ്ട് പീഡന നിരോധന നിയമത്തെ പുനസ്ഥാപിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിച്ചു എന്നത് ചരിത്രമാണ്. തൊഴില്‍ രഹിതരായ പട്ടികവിഭാഗ യുവാക്കള്‍ക്ക് വിദേശ തൊഴില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതികളും രാജ്യത്ത് ആദ്യസംരംഭമാണ്. 250 ല്‍പരം യുവതീയുവാക്കളെ വിദേശത്ത് ജോലിനേടിക്കൊടുക്കാന്‍ ഇതിനോടകം സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. ഇവര്‍ക്കായി സ്‌കില്‍ ട്രെയിനിങ് സെന്ററുകള്‍ തുടങ്ങുകയും വിദേശ യാത്രക്ക് ആവശ്യമായ എല്ലാ സാങ്കേതിക സഹായങ്ങളും ഒരുക്കാന്‍ സാധിച്ചത് വകുപ്പിന്റെ ശ്രദ്ധേയമായ നേട്ടമാണ്.

പഠിക്കാന്‍ ബുദ്ധിമുട്ടുന്ന പട്ടികവിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് പഠനമുറി തയ്യാറാക്കി നല്‍കിയത് കേന്ദ്രസര്‍ക്കാരിന്റെ അഭിനന്ദനത്തിന് കാരണമായിട്ടുണ്ട്. 20 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസമാണ് നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. പട്ടികവിഭാഗക്കാര്‍ക്കുള്ള ഭവനപദ്ധതികളും കൂടുതല്‍ കാര്യക്ഷമമായി നടപ്പിലാക്കാന്‍ സാധിച്ചിട്ടുണ്ട്. 23000 വീടുകള്‍ പട്ടികജാതിക്കാര്‍ക്കും 7000 വീടുകള്‍ പട്ടികവിഭാഗക്കാര്‍ക്കും നിര്‍മിച്ചു നല്‍കാന്‍ സാധിച്ചു. ആദിവാസി കലാകാരന്‍മാര്‍ക്ക് ഒത്തുകൂടാനും പരിപാടികള്‍ അവതിരിപ്പിക്കാനും ട്രൈബല്‍ മ്യൂസിയം പണിയാന്‍ സാധിച്ചതും നേട്ടമാണെന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രിസഡന്റ് സി രാധാമണി, പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ ഡോ പി പുകഴേന്തി, പട്ടികജാതി വകുപ്പ് ഡയറക്ടര്‍ പി ഐ ശ്രീവിദ്യ, സംസ്ഥാന പട്ടികജാതി ഉപദേശക സമിതി അംഗം കോവൂര്‍ മോഹന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ വൈ ബിപിന്‍ദാസ്, ജില്ലാ പട്ടികാജി വികസന ഓഫീസര്‍ ഇ എസ് അംബിക തുടങ്ങിയവര്‍ സംസാരിച്ചു.