തുരുമ്പെടുത്ത് ദ്രവിച്ച സിലിണ്ടറിൽ നിന്നും പാചകവാതകം ചോർന്നത് പരിഭ്രാന്തി പടർത്തി. തീ കത്തിക്കുന്നതിന് തൊട്ടുമുമ്പ് ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ അപകടം ഒഴിവായി. നെടുമൺകാവ് ഏറ്റുവായ്ക്കോട് തെക്കേ കല്ലുവിള വീട്ടിൽ മോഹനന്റെ വീട്ടിലെ പാചക വാതക സിലിണ്ടറാണ് ചോർന്നത്. ബുധനാഴ്ച രാവിലെ 6നാണ് സംഭവം. സെപ്തംബർ 21ന് തട്ടാമല സെന്റ് ജൂഡ് ഗ്യാസ് എജൻസിയിൽ നിന്നെടുത്ത 2027 വരെ കാലാവധി രേഖപ്പെടുത്തിയിട്ടുള്ള സിലിണ്ടറാണ് തുരുമ്പെടുത്ത് ചോർന്നത്. അടുക്കളയോട് ചേർന്നുള്ള വർക്ക് ഏരിയയിലാണ് സിലിണ്ടറും സ്റ്റൗവും സ്ഥാപിച്ചിരുന്നത്.

ഒഴിഞ്ഞ സിലിണ്ടർ മാറ്റി ബുധനാഴ്ച രാവിലെയാണ് നിറച്ച സിലിണ്ടർ സ്റ്റൗവിൽ ഘടിപ്പിച്ചത്. സംഭവ സമയം മോഹനൻ വീട്ടിൽ ഇല്ലായിരുന്നു. പാചകം ചെയ്യുന്നതിനായി മോഹനനന്റെ ഭാര്യ വിനജ തീ കത്തിക്കാൻ ശ്രമിക്കുമ്പോഴാണ് സിലിണ്ടറിലെ ഗ്യാസ് ചോരുന്നതിന്റെ ശബ്ദം കേൾക്കുന്നതും ഗന്ധം അനുഭവപ്പെടുന്നതും. വിനജ വിവരമറിയിച്ചെത്തിയ മോഹനനും അയൽക്കാരും പരിശോധിച്ചപ്പോൾ തുരുമ്പെടുത്ത് ദ്രവിച്ച സിലിണ്ടറിന്റെ അടിഭാഗത്ത് നിന്നും വാതകം വലിയ തോതിൽ ചോരുന്നത് കണ്ടെത്തി. ഉടൻ തന്നെ ഗ്യാസ് ഏജൻസിയിലും എമർജൻസി നമ്പരിലും വിവരം അറിയിക്കാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. തുടർന്ന് കൊട്ടാരക്കര ഫയർഫോഴ്സിൽ വിവരമറിച്ചു.

ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എത്തി സിലണ്ടർ വീട്ടിൽ നിന്നും മാറ്റി ആദ്യം ബക്കറ്റ് വെള്ളത്തിലും പിന്നീട് സമീപമുള്ള ഈയ്യല്ലൂർ തോട്ടിലും സിലിണ്ടർ മുക്കി വച്ചപ്പോൾ വൻതോതിൽ ഗ്യാസ് ചോരുന്നതാണ് കണ്ടത്. ഗ്യാസ് പൂർണമായും നീക്കം ചെയ്ത ശേഷം ഉച്ചയോടെയാണ് ഗ്യാസ് ഏജൻസിയിൽ നിന്നുള്ളവർ എത്തിയത്. ചോർച്ചയുള്ള സിലിണ്ടറിന് പകരം പുതിയ സിലിണ്ടർ നൽകി ഏജൻസിക്കാർ തടി തപ്പി. വിനജ തീ കത്തിക്കാത്തതിനാലും വായു സഞ്ചാരമുള്ള മുറി ആയതിനാലും വൻ അപകടം ഒഴിവായി. മൂന്നര വയസുകാരിയായ മകൾ ശിവാനിയും വിനജയ്‌ക്ക് ഒപ്പമുണ്ടായിരുന്നു.