ജോളി ഇപ്പോൾ പിടിക്കപ്പെട്ടത് നന്നായെന്ന് കൊല്ലപ്പെട്ട റോയിയുടെ സഹോദരൻ റോജോ. താനടക്കമുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നു. ഫോൺ രേഖകളിൽ നിന്ന് മനസ്സിലാകുന്നത് കൂടുതൽ പ്രതികൾക്കുള്ള സാധ്യതയെന്നും റോജോ പറഞ്ഞു. അന്വേഷണ സംഘം എല്ലാം തെളിയിക്കട്ടെ എന്നും മൊഴി നൽകിയ ശേഷം റോജോ പ്രതികരിച്ചു.

കൂടത്തായി കൊലപാതക പരമ്പരയിൽ പരാതിക്കാരനായ റോജോയുടെയും സഹോദരി റഞ്ചിയുടേയും മൊഴി അന്വേഷണ സംഘം വിശദമായി രേഖപ്പെടുത്തി. രണ്ട് ദിവസങ്ങളിലായി 22 മണിക്കൂറോളം ഇവർ മൊഴി നൽകി. 6 കേസുകളിലായി എല്ലാ അന്വേഷണ ഉദ്യോഗസ്ഥരും മൊഴിയെടുത്തതായി റോജോ പറഞ്ഞു. ജോളിയിൽ നിന്ന് താനടക്കമുള്ളവർ രക്ഷപ്പെട്ടത് ഭാഗ്യമായി കരുതുന്നതായും മൊഴി നൽകിയ ശേഷം റോജോ പ്രതികരിച്ചു.

കൂടുതൽ തെളിവുകൾ അന്വേഷണസംഘത്തിന് കൈമാറിയതായും റോജോ പറഞ്ഞു. ഓരോ മരണസമയത്തും വീട്ടിൽ നടന്ന സംഭവങ്ങൾ റെഞ്ചിയും വിശദമായി കൈമാറിയിട്ടുണ്ട്. മരിച്ച റോയ് യുടെ മക്കളുടെയും മൊഴി രണ്ട് ദിവസങ്ങളിലായി രേഖപ്പെടുത്തി. വടകര റൂറൽ എസ്പി ഓഫീസിലായിരുന്നു മൊഴിയെടുപ്പ്. കസ്റ്റഡിയിൽ തുടരുന്ന ജോളി അടക്കമുള്ള പ്രതികളുടെ ചോദ്യം ചെയ്യലും തെളിവെടുപ്പും രണ്ട് ദിവസങ്ങളിലായി തുടരുമെന്ന് റൂറൽ എസ് പി, കെ ജി സൈമൺ അറിയിച്ചു.