നിരവധി നാടകീയ മുഹൂര്‍ത്തങ്ങള്‍ക്കൊടുവില്‍ അയോധ്യഭൂമിതർക്ക കേസിൽ സുപ്രീംകോടതിയിൽ വാദം പൂർത്തിയാക്കി. തൊട്ടുപിന്നാലെ മധ്യസ്ഥ ചർച്ചകൾക്കായി ചുമതലപ്പെടുത്തിയ മൂന്നംഗ സമിതി റിപ്പോർട്ട് സമർപ്പിച്ചു. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് വ്യാഴാഴ്‌ച ചേംബറിൽ റിപ്പോർട്ട് പരിഗണിക്കും. വാദംകേൾക്കൽ പൂർത്തിയാക്കിയ ബെഞ്ച് മധ്യസ്ഥ റിപ്പോർട്ട് പരിഗണിക്കാൻ വീണ്ടും ചേരുന്നത് അസാധാരണ നടപടിയാണ്. മധ്യസ്ഥത പരാജയപ്പെട്ടതോടെയാണ് കേസിൽ വാദം തുടങ്ങിയത്.
തുടര്‍ച്ചയായി 40 ദിവസം വാദംകേട്ട കേസ് ബുധനാഴ്ച വൈകിട്ട് നാലിനാണ് ഭരണഘടനാബെഞ്ച് വിധിപറയാൻ മാറ്റിയത്. കൂടുതൽ വാദങ്ങളുണ്ടെങ്കില്‍ കക്ഷികള്‍ മൂന്നുദിവസത്തിനുള്ളിൽ എഴുതിനൽകണമെന്നും നിര്‍ദേശിച്ചു. എന്നാല്‍, ഭൂമിതർക്കത്തിന് പരിഹാരം കണ്ടെത്തുന്ന ‘ഒത്തുതീർപ്പ് റിപ്പോർട്ട്’ രാത്രിയോടെ കോടതിയിൽ സമർപ്പിച്ചു.
തർക്കഭൂമിയിലുള്ള അവകാശവാദം പിൻവലിക്കാമെന്ന് സുന്നിവഖഫ് ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ളവർ സമ്മതിച്ചെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ടെന്നാണ് സൂചന. അയോധ്യയിൽ നിലവിലുള്ള 22 മുസ്ലിംപള്ളികൾ പുതുക്കിപ്പണിയണം, ബാബ്‌റി മസ്‌ജിദിനു പകരമായി പുതിയ പള്ളി പണിയാൻ അനുവദിക്കണം, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള ചരിത്രപ്രധാനമായ പള്ളികളിൽ ആരാധന നടത്താൻ അനുവദിക്കണം, കാശിയിലെയും മഥുരയിലെയും പള്ളികൾ ക്ഷേത്രമാക്കണമെന്ന ആവശ്യം ഹിന്ദുസംഘടനകൾ പിൻവലിക്കണം തുടങ്ങിയ വ്യവസ്ഥകൾ സുന്നിവഖഫ് ബോർഡിലെ ഒരു വിഭാഗം മധ്യസ്ഥസമിതിമുമ്പാകെ ഉന്നയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.
മധ്യസ്ഥചർച്ചകളിൽ വിശ്വാസം പ്രകടിപ്പിച്ച സുപ്രീംകോടതിക്ക് നന്ദിയുണ്ടെന്ന് സമിതി അംഗമായ ആർട്ട് ഓഫ് ലിവിങ് ഫൗണ്ടേഷൻ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കര്‍ ട്വീറ്റ് ചെയ്‌തു. എന്നാല്‍, കേസിൽനിന്ന് സുന്നിവഖഫ് ബോർഡ് പിന്മാറുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സുന്നിവഖഫ് ബോർഡ് ചെയർമാൻ സുഫർ അഹമദ് ഫറൂഖി പ്രതികരിച്ചു.
സുന്നിവഖഫ് ബോർഡ്, നിർമോഹി അഖാഡ, രാംലല്ല വിരാജ്‌മൻ എന്നീ കക്ഷികൾക്ക് അയോധ്യയിലെ 2.77 ഏക്കർ ഭൂമി മൂന്നായി വിഭജിച്ച് നൽകണമെന്ന അലഹബാദ് ഹൈക്കോടതിയുടെ 2010ലെ വിധിക്കെതിരായ 14 അപ്പീലാണ് സുപ്രീംകോടതി പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്‌ജൻ ഗൊഗോയ് നവംബർ 17ന് വിരമിക്കുന്നതിനാൽ അതിനുമുമ്പ് വിധിയുണ്ടാകും. റിട്ട. ജസ്‌റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മധ്യസ്ഥ സമിതിയിൽ ശ്രീ ശ്രീ രവിശങ്കറിനു പുറമെ മുതിർന്ന അഭിഭാഷകൻ ശ്രീരാം പഞ്ചുവും അംഗമാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here