
റിസർവ് ബാങ്ക് നടപടി നേരിടുന്ന പഞ്ചാബ് ആൻഡ് മഹാരാഷ്ട്ര സഹകരണ (പി.എം.സി.) ബാങ്കിനെതിരായ ധർണയിൽ പങ്കെടുത്ത 51കാരനായ നിക്ഷേപകൻ കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചതിന് പുറകെയാണ് 2 പേരുടെ കൂടി മരണം നഗരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ബാങ്ക് പ്രതിസന്ധിയിൽ മരണപ്പെട്ടവരുടെ എണ്ണം മൂന്നായി.
വർസോവ നിവാസിയായ ഡോക്ടർ നിവേദിത ബിജ്‌ലാനി (39) ഉറക്ക ഗുളിക കഴിച്ചാണ് ജീവനൊടുക്കിയത്. നിവേദിതക്ക് പി എം സി ബാങ്കിൽ 1 കോടിയിലധികം രൂപ നിക്ഷേപമുണ്ടായിരുന്നു. മുളുണ്ട് കോളനിയിലെ താമസക്കാരനും വ്യാപാരിയുമായ ഫട്ടോമൽ പഞ്ചാബിയുടെ മരണം ഹൃദയാഘാതം മൂലമായിരുന്നു. നിനച്ചിരിക്കാതെ വന്ന പ്രതിസന്ധിയിൽ അസ്വസ്ഥനായിരുന്ന ഫട്ടോമൽ ബാങ്കിന്റെ മുളുണ്ട് ബ്രാഞ്ചിൽ പോകാനായി തയ്യാറെടുക്കവെയാണ് കുഴഞ്ഞു വീണ് മരിച്ചത്.
എച്ച്ഡിഐ എല്ലിനു നല്‍കിയ 4335 കോടി രൂപയുടെ വായ്പ മൂന്നുവര്‍ഷമായി തിരിച്ചടവ് മുടങ്ങിയിട്ടും നിഷ്‌ക്രിയ ആസ്തിയാക്കി മാറ്റാതിരുന്നതാണ് ആര്‍ബിഐയുടെ നടപടികളിലേക്ക് നീങ്ങിയത്. കോര്‍ ബാങ്കിങ് സംവിധാനത്തില്‍ ഉള്‍പ്പെടുത്താത്ത 21,049 വ്യാജ അക്കൗണ്ടുകള്‍ വഴി ഈ വായ്പയുടെ വിവരങ്ങള്‍ ബാങ്ക് ഓഡിറ്റര്‍മാരില്‍നിന്ന് മറച്ചുവെക്കുകയായിരുന്നു. ബാങ്ക് ആകെ നൽകിയ 9000 കോടി വായ്പയിൽ 70 ശതമാനവും നൽകിയിരിക്കുന്നത് എച്ച്.ഡി.ഐ.എല്ലിനു ആയിരുന്നു.
എന്നാൽ തങ്ങളുടേതല്ലാത്ത കുറ്റത്തിന് നിക്ഷേപകരെ ക്രൂശിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് നഗരത്തിൽ ഉയർന്നിരിക്കുന്നത്. മനഃസാക്ഷിയില്ലാത്ത ഉദ്യോഗസ്ഥരുടെ തട്ടിപ്പുകൾ മൂലം ബാങ്കുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ ഉത്തരവാദിത്തം നിക്ഷേപകരുടെ തലയിൽ കെട്ടി വയ്ക്കുന്ന നടപടിക്കെതിരെയാണ് പരക്കെ പ്രതിഷേധം. മുംബൈ നഗരം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് പിഎംസി ബാങ്ക് പ്രതിസന്ധിയും തിരഞ്ഞെടുപ്പ് നേരിടുന്ന സർക്കാരിനെ സമ്മർദ്ദത്തിലാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here