ദഹാനുവിൽ വിജയ പ്രതീക്ഷയോടെ സിപിഐഎം സ്ഥാനാർഥി

മഹാരാഷ്ട്രയില്‍ സിപിഐഎമ്മിന്റെ ശക്തികേന്ദ്രങ്ങളിലൊന്നാണ് ദഹാനു. ഇവിടെ സിറ്റിങ് ബി.ജെ.പി. എം.എല്‍.എ. പാസ്‌കല്‍ ധനാരേയ്ക്കെതിരേ മത്സരിക്കുന്ന വിനോദ് നിക്കോളിന് കോണ്‍ഗ്രസ്, എന്‍.സി.പി., വഞ്ചിത് ബഹുജന്‍ അഖാഡി എന്നീ പാര്‍ട്ടികളുടെ പിന്തുണയുണ്ട്. സംയുക്ത പ്രതിപക്ഷ സഖ്യത്തിന്റെ പിൻബലത്തോടെയാണ് വിജയപ്രതീക്ഷയുമായി ഇക്കുറി സിപിഐഎം സ്ഥാനാർഥി വിനോദ് നിക്കോള രംഗത്തുള്ളത്.

സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്, ഓള്‍ ഇന്ത്യ കിസാന്‍ സഭ ദേശീയ പ്രസിഡന്റ് അശോക് ധാവളെ തുടങ്ങി നിരവധി പ്രമുഖ നേതാക്കളാണ് വിവിധ തിരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ പങ്കെടുത്തു അണികൾക്ക് ആവേശം പകർന്നത്.

മഹാരാഷ്ട്ര തിരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ രാഷ്ട്രീയ പ്രചരണം നടക്കുന്ന മണ്ഡലം കൂടിയാണ് ഗുജറാത്ത് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ദഹാനു മണ്ഡലം. ബിജെപിയുടെ ജനദ്രോഹ ഭരണത്തിനെതിരെ അണി നിരന്ന പ്രതിപക്ഷ കൂട്ടായ്മയുടെ ശക്തി പ്രകടനം കൂടിയാകും ഈ മണ്ഡലമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

കഴിഞ്ഞ ദിവസം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളടക്കം അമ്പതോളം ശിവസേന പ്രവർത്തകർ സിപിഐഎമ്മിൽ ചേർന്നത് കാവി സഖ്യത്തെ ആശങ്കയിലാക്കിയിരിക്കയാണ്. ശിവസേനയ്ക്ക് വലിയ സ്വാധീനമില്ലാത്ത ദഹാനുവിൽ സഖ്യം തുണയാകില്ലെന്നതും ബിജെപിക്ക് തിരിച്ചടിയായേക്കും.

കഴിഞ്ഞ ദിവസം വൃന്ദ കാരാട്ട് പങ്കെടുത്ത യോഗത്തിൽ വൻ ജനാവലിയാണ് പങ്കെടുത്തത്. ജനകീയ പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള സിപിഐഎം പ്രചരണങ്ങൾക്ക് പ്രദേശവാസികൾ നൽകുന്ന പിന്തുണയാണ് ദഹാനു നിവാസിയായ വിനോദ് നിക്കോളെയുടെ വിജയ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here