ശബരിമലയെ അതിന്റെ പ്രൗഢിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം; സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ജനപിന്തുണ വര്‍ദ്ധിച്ചെന്നും മുഖ്യമന്ത്രി പിണറായി

അരൂര്‍: ശബരിമലയെ അതിന്റെ പ്രൗഡിയോടെ നിലനിര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

ശബരിമലയുടെ വികസനത്തിന് യുഡിഎഫ് സര്‍ക്കാര്‍ അഞ്ച് കൊല്ലം കൊണ്ട് 216 കോടി നല്‍കിയപ്പോള്‍, എല്‍ഡിഎഫ് സര്‍ക്കാര്‍  3 കൊല്ലം കൊണ്ട് 1265 കോടിയാണ് നല്‍കിയത്. 300 കോടിയുടെ പദ്ധതി വേറെയുമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതിന് പുറമെ ശബരിമല വിമാനത്താവള പദ്ധതി യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടി ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അടിസ്ഥാന വികസനം ഉള്‍പ്പെടെ വിവിധ മേഖലകളില്‍ സര്‍ക്കാര്‍ വന്‍ മുന്നേറ്റമാണ് നടത്തിയിട്ടുള്ളത്.

സംസ്ഥാനത്ത് ഇടതുപക്ഷത്തിന്റെ ജനപിന്തുണ വര്‍ദ്ധിച്ചെന്നും അഞ്ചു ഉപതിരഞ്ഞെടുപ്പുകളിലും പാലായും ചെങ്ങന്നൂരും ആവര്‍ത്തിക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ചയ്ക്ക് ബിജെപിയെ പോലെതന്നെ കോണ്‍ഗ്രസും കാരണക്കാരാണ്. രാജ്യം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് നേരിടുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം തകര്‍ച്ചയുടെ വക്കിലാണ്. ഇവിടെയാണ് കേരളം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയാകുന്നത്.

ആരോഗ്യ, പൊതുവിദ്യാഭ്യാസ, ദേശീയപാത വികസനം, ഭരണമികവ്, ക്രമസമാധാനപാലനം തുടങ്ങിയ മുഴുവന്‍ മേഖലകളിലും കേരളം ഒന്നാമതെത്തി. ഇതാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ വികസനമാതൃക മാതൃകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അരൂര്‍ പള്ളിപ്പുറം ഒറ്റപ്പുന്നയില്‍ നടന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു
മുഖ്യമന്ത്രി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News