റോജോയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായി. എല്ലാ രേഖകളും അന്വേഷണസംഘത്തിനു കൈമാറിയെന്ന് റോജോ. അന്വേഷണത്തില്‍ പൂര്‍ണ തൃപ്തിയുണ്ട്. കൂടുതല്‍ അറസ്റ്റുണ്ടായേക്കാം.അറിയാവുന്ന കാര്യങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞു. താനും സഹോദരിയും മക്കളും രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടുമാത്രമാണെന്നും റോജോ. കേസുമായി ബന്ധപ്പെട്ടു പരാതി പിന്‍വലിക്കുന്നതിന് ജോളിയുടെ സമ്മര്‍ദമുണ്ടായിരുന്നു.

വസ്തു ഇടപാടിലെ ധാരണയ്ക്ക് പകരം കേസ് പിന്‍വലിക്കാനായിരുന്നു ആവശ്യം. പരാതി പിന്‍വലിക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്നെന്നും റോജോ. 9 മണിക്കൂര്‍ നേരം റോജോയുടെ മൊഴിയെടുത്തിരുന്നു. കേസില്‍ ഇത്രയും വ്യാപ്തി പ്രതീക്ഷിച്ചില്ല. ചില സംശയങ്ങളും സൂചനകളും അനുസരിച്ചാണ് പരാതി നല്‍കിയത്. എസ്പി കെ.ജി. സൈമണില്‍ വിശ്വസിക്കുന്നുവെന്നും റോജോ പ്രതികരിച്ചിട്ടുണ്ട്.

അതേസമയം കൂടത്തായി കൊലപാതകപരമ്പരയില്‍ ജോളി ഉള്‍പ്പെടെയുള്ള പ്രതികളുടെ കസ്റ്റഡി വെളളിയാഴ്ച വരെ നീട്ടി. ജോളി അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും. കൂട്ടുപ്രതി പ്രജികുമാറുമായി സംസാരിക്കാന്‍ ഭാര്യയ്ക്ക് 10 മിനിറ്റു സമയം കോടതി അനുവദിച്ചു. മൂന്നുദിവസം കസ്റ്റഡി നീട്ടണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി രണ്ടു ദിവസമാണ് അനുവദിച്ചത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ പ്രതികളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കി.