ശമ്പളത്തോടെയുള്ള പ്രസവാനുകൂല്യം സ്വകാര്യ വിദ്യാഭ്യാസ മേഖലയിലേക്കും, ചരിത്രപരമായ തീരുമാനം: ഡി.വൈ.എഫ്.ഐ

സംസ്ഥാനത്തെ അൺ എയ്ഡഡ് മേഖലയിലടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പ്രസവാനുകൂല്യം നൽകാനുള്ള സർക്കാർ തീരുമാനം പുതുചരിത്രമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഈ മേഖലയിൽ യുവതികൾ അഭിമുഖീകരിച്ചുകൊണ്ടിരുന്നത്. നിലവിൽ പ്രസവാവധിയും ശമ്പളവും ഇല്ലെന്ന് മാത്രമല്ല ജോലി തന്നെ ഉപേക്ഷിച്ചു പോകേണ്ടിവരുന്ന സാഹചര്യമായിരുന്നു പലയിടത്തും.

ഉയർന്ന ബിരുദവും യോഗ്യതയുമുള്ള ആയിരക്കണക്കിന് യുവതികളാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നാമമാത്രമായ ശമ്പളത്തിന് ജോലി ചെയ്യുന്നത്. ഇവർക്ക് മനുഷ്യത്വപരമായ അവകാശം അനുവദിച്ചുനൽകിയത് ചരിത്രപരമായ തീരുമാനമാണ്.

ആയിരക്കണക്കിന് യുവതികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആശ്വാസം നൽകുന്നതാണ് സർക്കാർ തീരുമാനം. ഈ തീരുമാനത്തെ ഡി.വൈ.എഫ്.ഐ സ്വാഗതം ചെയ്യുന്നു. നിയമഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ സ്വകാര്യ വിദ്യാഭ്യാസ മേഖലയെ മെറ്റേണിറ്റി ബെനഫിറ്റിന്റെ പരിധിയിൽ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറും.

സ്വകാര്യമേഖലയിലും അസംഘടിതമേഖലയിലും തൊഴിലെടുക്കുന്നവർക്ക് മികച്ച തൊഴിൽ സാഹചര്യം ഒരുക്കുകയാണ് പിണറായി സർക്കാർ. അഭിമാനകരമായ മുന്നേറ്റമാണിതെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here