കൊച്ചി: നടന്‍ ഷെയിന്‍ നിഗത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്.

താന്‍ ആരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജോബി ജോര്‍ജ്ജ് പറഞ്ഞു. നിശ്ചയിച്ച സമയത്തൊന്നും ഷെയിന്‍ തന്റെ സിനിമയുടെ ഷൂട്ടിങ്ങുമായി സഹകരിച്ചില്ല. ഇത് തുടരുകയാണെങ്കില്‍ ഷെയിനിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ജോബി ജോര്‍ജ്ജ് കൊച്ചിയില്‍ പ്രതികരിച്ചു.

ഹെയര്‍ സ്‌റ്റൈല്‍ മാറ്റിയതിന്റെ പേരില്‍ നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് തനിക്കെതിരെ വധഭീഷണി മുഴക്കിയെന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗത്തിന്റെ ആരോപണം. എന്നാല്‍ ഈ ആരോപണങ്ങള്‍ പൂര്‍ണ്ണമായും നിഷേധിച്ച് നിര്‍മ്മാതാവ് ജോബി ജോര്‍ജ്ജ് രംഗത്തെത്തുകയായിരുന്നു.

പലിശയ്ക്ക് പണമെടുത്താണ് താന്‍ വെയില്‍ എന്ന സിനിമ ചെയ്യുന്നത്.പ്രതിഫലമായി മുപ്പത് ലക്ഷം രൂപ ആദ്യം ആവശ്യപ്പെട്ട ഷെയിന്‍ പിന്നീട് 40 ലക്ഷം ചോദിച്ചു. ഇതിനിടെ മറ്റൊരു സിനിമയുമായി ഷെയ്ന്‍ സഹകരിച്ചു.

ഇക്കാര്യം നിര്‍മ്മാതാക്കളുടെ സംഘടനയെ അറിയിക്കുകയും സംഘടന ഇടപെട്ടതിന്റെ ഭാഗമായി തന്റെ സിനിമ തീരുന്നതുവരെ മുടിവെട്ടില്ലെന്ന് ഷെയിന്‍ കരാറില്‍ ഏര്‍പ്പെടുകയും ചെയ്തു. എന്നാല്‍ നിശ്ചയിച്ച സമയത്ത് ഷൂട്ടിങ്ങിന് വരാതിരിക്കുകയും ഹെയര്‍ സ്‌റ്റൈല്‍ മാറ്റുകയും ചെയ്തു.ഇക്കാര്യം ചോദിക്കാനായി താന്‍ ഷെയ്‌നെ വിളിച്ചതല്ലാതെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് ജോബി ജോര്‍ജ്ജ് പറഞ്ഞു.

ഷെയിനിനോട് തനിക്ക് ഒരു വിരോധവുമില്ല. ഷെയിനിനെ മറ്റുചിലത് നിയന്ത്രിക്കുന്നുണ്ട്. അതെന്താണെന്ന് ഇപ്പോള്‍ പറയുന്നില്ല. ഷെയിന്‍ സഹകരിച്ചാല്‍ പത്തുദിവസത്തിനകം തന്റെ സിനിമ തീരും. നിര്‍മാതാക്കളുടെ സംഘടന ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ചാല്‍ സഹകരിക്കും. ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്നും ജോബി ജോര്‍ജ്ജ് വ്യക്തമാക്കി.