#KairaliNewsExclusive കോന്നി യുഡിഎഫ് സ്ഥാനാര്‍ഥി മോഹന്‍രാജ് പ്രസിഡന്റായ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍; നിയമങ്ങള്‍ മറികടന്ന് സഹോദരന്റെ മകന്റെ ഭാര്യയ്ക്ക് സ്ഥിരനിയമനം; തിരുകി കയറ്റാന്‍ കൃത്രിമ തസ്തിക സൃഷ്ടിച്ചു

പത്തനംതിട്ട: കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ് പ്രസിഡണ്ടായ അര്‍ബന്‍ സഹകരണ ബാങ്കില്‍ വന്‍ ക്രമക്കേടുകള്‍.

ജേഷ്ഠന്റെ മകന്റെ ഭാര്യയെ നിയമം മറികടന്ന് ബാങ്കില്‍ നിയമിച്ചതായി സഹകരണ വകുപ്പ് ഓഡിറ്റ് റിപ്പോര്‍ട്ട്. സഹകരണ വകുപ്പില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥനെ ചട്ടങ്ങള്‍ മറികടന്ന് ബാങ്കിന്റെ സെക്രട്ടറിയാക്കി നിയമിച്ച ശേഷമാണ് അടുത്ത ബന്ധുവിന് ബാങ്കില്‍ ജോലി തരപ്പെടുത്തി കൊടുത്തത്. സഹകരണ ഇന്‍സ്‌പെക്ഷന്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈരളി ന്യൂസിന് ലഭിച്ചു.

പത്തനംതിട്ട നഗരത്തില്‍ സ്ഥിതിചെയ്യുന്ന അര്‍ബന്‍ സഹകരണ സംഘം നിലവില്‍ വന്ന കാലം മുതല്‍ ബാങ്കിന്റെ പ്രസിഡന്റ് ആണ് കോന്നിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി മോഹന്‍രാജ്. അദ്ദേഹത്തിന്റെ സഹോദരന്റെ മകനും കോണ്‍ഗ്രസ് നേതാവും പത്തനംതിട്ട നഗരസഭ കൗണ്‍സിലറുമായ റോഷന്‍ നായരുടെ ഭാര്യ ധനുശ്രീയെ ആണ് സഹകരണ ചട്ടങ്ങള്‍ മറികടന്ന് ബാങ്കില്‍ പ്യൂണ്‍ ആയി നിയമിച്ചത്.

അര്‍ബന്‍ സഹകരണ ബാങ്കിലെ കളക്ഷന്‍ ഏജന്റ് ആയ തനുശ്രീയെ സഹകരണ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തുക ആയിരുന്നു. അഞ്ചു വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തി പരിചയമുള്ള കളക്ഷന്‍ ഏജന്റുമാരെ മാത്രമേ ബാങ്കില്‍ പ്യൂണ്‍ ആയി നിയമിക്കാന്‍ നിയമം ഉള്ളു.

എന്നാല്‍ മോഹന്‍രാജിന്റെ ഉറ്റ ബന്ധുവായ തനുശ്രീക്ക് പ്രവൃത്തി പരിചയം ഇല്ല. മാത്രമല്ല ആകെ ഏട്ട് ജീവനക്കാരുള്ള ബാങ്കില്‍ തനുശ്രീക്ക് വേണ്ടി തസ്തിക സൃഷ്ടിച്ചതോടെ അടക്കം രണ്ട് അറ്റന്‍ഡര്‍മാരായി. ജേഷ്ഠന്‍ മകന്റെ ഭാര്യയെ മോഹന്‍രാജ് പ്രത്യേക താല്‍പര്യമെടുത്ത് ബാങ്കില്‍ നിയമിക്കുകയായിരുന്നു.

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിലെ ഗസ്റ്റ് അധ്യാപകയായിരുന്ന തനുശ്രീ ജോലി രാജി വെച്ചാണ് ബാങ്കില്‍ സ്ഥിര നിയമനം നേടിയത്. മറ്റൊരു സഹകരണ ബാങ്കില്‍ നിന്നും സെക്രട്ടറിയായി വിരമിച്ച പി.ജി ജോണിനെ ബാങ്കിന്റെ സെക്രട്ടറിയായി മോഹന്‍ രാജ് പ്രത്യേക താല്‍പര്യമെടുത്ത് നിയമിച്ചിരുന്നു.

ക്രമവിരുദ്ധമായി നിയമനം നേടിയ ജോണ്‍ ആണ് ചട്ടങ്ങള്‍ മറികടന്ന് തനുശ്രീയുടെ നിയമനം അംഗീകരിക്കണമെന്ന് ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. തനുശ്രീയെ ബാങ്കില്‍ നിയമിച്ചിതായി ബാങ്ക് പ്രസിഡന്റ് കൂടിയായ മോഹന്‍രാജ് കൈരളി ന്യൂസിനോട് സമ്മതിച്ചു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനും മാസങ്ങള്‍ക്ക് മുന്‍പ് സഹകരണ വകുപ്പ് ഇന്‍സ്‌പെക്ടര്‍ നടത്തിയ വിശദ പരിശോധനയിലാണ് നിയമന ക്രമക്കേട് കണ്ടെത്തിയത്. നിലവില്‍ ഈ റിപ്പോര്‍ട്ട് സഹകരണ വകുപ്പ് അസിസ്റ്റന്റ്‌റ് രജിസ്ട്രാറുടെ പരിഗണയിലാണ്.

പ്രത്യക്ഷത്തില്‍ തന്നെ ക്രമവിരുദ്ധമായ ബന്ധു നിയമനമാണ് പി മോഹന്‍രാജ് നടത്തിയിരിക്കുന്നത്. സഹകരണ ചട്ടങ്ങള്‍ മറികടന്ന് വിരമിച്ച ഒരു ഉദ്യോഗസ്ഥനെ സെക്രട്ടറിയുടെ ചുമതല നല്‍കിയാണ് മോഹന്‍രാജ് സ്വന്തം മരുമകളെ ബാങ്കില്‍ നിയമിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here