ഓഫീസിന്റെ ഒന്നാംനിലയില്‍ ജോളിയുടെ മക്കളായ റൊമോയും റൊണാള്‍ഡോയും. രണ്ടാം നിലയില്‍ ജോളി. ഇവരാരും പരസ്പരം കണ്ടില്ല. മക്കള്‍ താഴത്തെ നിലയിലുണ്ടെന്ന് ജോളി അറിഞ്ഞുമില്ല. അമ്മ തൊട്ടുമുകളിലുണ്ടെന്ന് മക്കള്‍ക്ക് അറിയാമായിരുന്നു. പരസ്പരം കാണാതിരിക്കാന്‍ പോലീസ് പ്രത്യേകം ശ്രദ്ധിച്ചു. ജോളിയുടെ മനോനിലയെ ഇതുബാധിക്കുമെന്നും ചോദ്യംചെയ്യലിന് തടസ്സമാകുമെന്നും പോലീസ്.

റോജോയും റെഞ്ജിയുമൊന്നും ചൊവ്വാഴ്ച ജോളിയെ കണ്ടില്ല. ബുധനാഴ്ച ഇവര്‍ക്കൊപ്പം ഒന്നിച്ചിരുത്തി ജോളിയില്‍നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാണ് അന്വേഷണസംഘത്തിന്റെ പദ്ധതി.ചൊവ്വാഴ്ച രാവിലെ 10.15-ഓടെയാണ് റോജോയും റെഞ്ജിയും ജോളിയുടെ മക്കളും പുതുപ്പണത്തെ റൂറല്‍ എസ്.പി ഓഫീസിലെത്തിയത്. ഈ സമയം ജോളിയെ ഇവിടെ എത്തിച്ചിട്ടില്ലായിരുന്നു. 10.40-ഓടെ ജോളിയുമായി പോലീസെത്തി. നേരെ രണ്ടാംനിലയിലെ ചോദ്യംചെയ്യല്‍ മുറിയിലേക്ക് കൊണ്ടുപോയി.