ദില്ലി മൃഗശാലയിലെ സിംഹ കൂട്ടില്‍ വീണ്ടും ആള്‍കയറി. സുരക്ഷ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിനൊടുവില്‍ ആളെ രക്ഷപ്പെടുത്തി.

2014ല്‍ കൂട്ടില്‍ വീണയാളെ വെള്ള കടുവ കൊന്നിരുന്നു. ഇതിന് ശേഷം സുരക്ഷ വര്‍ദ്ധിപ്പിച്ചുവെന്ന് ദില്ലി മൃഗശാല അധികൃതര്‍ അവകാശപ്പെടുമ്പോഴാണ് വീണ്ടും സമാനമായ സംഭവം ഉണ്ടായിരിക്കുന്നത്.

ഉച്ചയോട് കൂടിയാണ് സംഭവം. സിംഹ കൂട്ടിലെ കമ്പി വേലി മറികടന്ന് മനപൂര്‍വ്വം അകത്ത് കയറിയ ആള്‍ സിംഹത്തിന് മുമ്പില്‍ നേര്‍ക്ക് നേര്‍ നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം.സിംഹത്തിന് മുന്നില്‍ ഇരുന്നും നിരങ്ങിയും അയാള്‍ കുറേ സമയം ചിലവഴിച്ചു.

അല്‍പ്പസമയം കഴിഞ്ഞതോടെ സിംഹം ആക്രമണ ലക്ഷ്യങ്ങള്‍ കാണിച്ച് തുടങ്ങി. മൃഗശാല കാണാന്‍ എത്തിയവര്‍ ശബ്ദമുണ്ടാക്കി സിംഹത്തെ അകറ്റാനും ശ്രമിക്കുന്നുണ്ടായിരുന്നു. പിന്നീട് സുരക്ഷ ഉദ്യോഗസ്ഥര്‍ എത്തി സിംഹകൂട്ടില്‍ നിന്നും ആളെ രക്ഷിച്ചു.

സിംഹകൂട്ടില്‍ കയറിയാള്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് സംശയിക്കുന്നതായി ദില്ലി പോലീസ് പറഞ്ഞു. അന്വേഷണത്തിനൊടുവില്‍ ബീഹാര്‍ സ്വാദേശിയായ 28 വയസുകാരനായ റഹാന്‍ഖാനാണ് കൂട്ടിനുള്ളില്‍ കയറിയതെന്ന് കണ്ടെത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

2014ല്‍ സമാനമായ സംഭവം ദില്ലി മൃഗശാലയില്‍ സംഭവിച്ചിരുന്നു. അന്ന് കൂട്ടില്‍ അബദ്ധത്തില്‍ വീണയാളെ വെള്ളകടുവ കടിച്ച് കീറി കൊല്ലുകയും ചെയ്തു. അതിന് ശേഷം സുരക്ഷ വര്‍ദ്ധിപ്പിച്ചിരുന്നു.