ലോകത്തെ ഏറ്റവും പ്രധാന ടൂറിസം മാഗസിനുകളിൽ ഒന്നായ കോണ്ടേ നാസ്റ്റ് ട്രാവലർ ടൂറിസം നേതാക്കളെ തെരഞ്ഞെടുത്തതിൽ സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ കോ ഓർഡിനേറ്റർ കെ.രൂപേഷ് കുമാറും.

50 പേരിൽ മുപ്പതാമതായാണ് രൂപേഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങൾ ആരംഭിച്ച കാലം മുതൽ അതിന്റെ ഭാഗമായ രൂപേഷ് കുമാർ ലോകം ശ്രദ്ധിച്ച കേരള ഉത്തരവാദിത്ത ടൂറിസം മോഡലിന്റെ രൂപകൽപ്പനയിൽ നിർണ്ണായക പങ്കാണ് വഹിച്ചിട്ടുള്ളത്.

ടൂറിസം മേഖലയിലെ ഇടതു ബദൽ മാതൃക, ഉത്തരവാദിത്ത ടൂറിസം മിഷൻ രൂപപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ തെളിവാണ് ഉത്തരവാദിത്ത ടൂറിസത്തിന് ലഭിക്കുന്ന പ്രാദേശിക പിന്തുണകളും അന്താരാഷ്ട്ര അംഗീകാരങ്ങളുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.