തിരുവനന്തപുരം: “ഞാൻ ചെയ്‌തത്‌ വലിയ കാര്യമൊന്നുമല്ല. പേരിനും പ്രശസ്‌തിക്കുമായി ചെയ്‌തതുമല്ല. നമ്മുടെ മേയർ ബ്രോയും പ്രശസ്‌തിക്കായല്ല ചെയ്‌തത്‌.

ദുരന്തമുഖത്ത്‌ എല്ലാം നഷ്‌ടപ്പെട്ട കുഞ്ഞുങ്ങൾ, സ്‌ത്രീകൾ. ഇവരുടെയല്ലാം മുഖം കാണുമ്പോൾ എങ്ങനെയാ നമുക്ക്‌ സഹായിക്കാതിരിക്കാനാവുക.

പ്രളയകാലത്ത്‌ ദുരന്തത്തിൽ വിറങ്ങലിച്ചവരെ കൈപിടിച്ചുയർത്താനായി എത്ര ലോഡ്‌ സ്‌നേഹമാണ്‌ മേയർ ബ്രോ ഇവിടെ നിന്ന്‌ അയച്ചത്‌.

ഈ കുഞ്ഞ്‌ മനുഷ്യൻ വട്ടിയൂർക്കാവിൽ മത്സരിക്കുമ്പോൾ അദ്ദേഹത്തിനായി പ്രചാരണത്തിനിറങ്ങാനായത്‌ എന്റെ ഭാഗ്യമാണ്‌. എല്ലാവരും നമ്മുടെ ബ്രോയ്‌ക്ക്‌, വി കെ പ്രശാന്തിന്‌ വോട്ട്‌ ചെയ്യണം. അദ്ദേഹത്തെ ജയിപ്പിക്കണം.

വട്ടിയൂർക്കാവിന്റെ മാത്രമല്ല കേരള നാടിന്റെ ആവശ്യമാണത്‌’. എറണാകുളത്ത്‌ നിന്ന്‌ വട്ടിയൂർക്കാവിൽ എൽഡിഎഫ്‌ സ്ഥാനാർഥി വി കെ പ്രശാന്തിനെ ചേർത്ത്‌ പിടിച്ച്‌ നൗഷാദിന്റെ വാക്കുകൾ ജനങ്ങളുടെ കണ്ണ്‌ നനയിപ്പിച്ചു.

” പ്രളയകാലത്ത്‌ ഒരു ബർമുഡയും ബനിയനും ചോദിച്ച് കടകൾ കയറിയിറങ്ങുന്നവരെ കണ്ടപ്പോ സങ്കടംതോന്നി. അങ്ങനെയാ ഞാൻ കടയിലെ വസ്‌ത്രങ്ങളെല്ലാം കൊടുത്തത്‌.

നമ്മൾ പോകുമ്പോൾ ഇതൊന്നും കൊണ്ടുപോകില്ല. ദുരിത കയത്തിൽ മുങ്ങിയവർക്ക്‌ ഉപകാരപ്പെടുമെങ്കിൽ ഉപകാരപ്പെടട്ടേ എന്ന്‌ വിചാരിച്ചു. അന്നൊക്കെ പത്രങ്ങളിലും ടിവിയിലും കണ്ടത്‌ ആരും ഒന്നും കൊടുക്കുന്നില്ലെന്നായിരുന്നു. അപ്പോഴെല്ലേ നമ്മുടെ മേയർ ബ്രോ രക്ഷകനായെത്തിയത്‌.

ഒരു ചെറുപ്പകാരൻ നാടിലെ യുവാക്കളെയാകെ ഒരുമിപ്പിച്ച്‌ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനിറങ്ങി. എല്ലാവരുടെ മനസ്സ്‌ നിറച്ചു.’ തോരൻകോടിൽ പ്രശാന്തിനെ കെട്ടിപിടിച്ച്‌ കണ്ണ്‌ നനഞ്ഞ്‌ കൊണ്ട്‌ നൗഷാദ്‌ പറഞ്ഞു.

പ്രശാന്തിനെ കാണാനും, അനുഗ്രഹിക്കാനുമായി നിന്നിരുന്നവരെല്ലം നൗഷാദിന്റെ വാക്കുകളിൽ വികാരഭരിതരായി. തുടർന്ന്‌ കാവല്ലൂരിലും വോട്ടഭ്യർഥിച്ച്‌ സ്ഥാനാർഥിയ്‌ക്ക്‌ എല്ലാവിധ ആശംസകളും നേർന്നാണ്‌ നൗഷാദ്‌ മടങ്ങിയത്‌.