കോട്ടയം: ഭൗമ സംരക്ഷണം മുന്‍ നിര്‍ത്തി ജില്ലയില്‍ നാലര ലക്ഷം ചതുരശ്ര മീറ്റര്‍ സ്ഥലത്ത് കയര്‍ ഭൂവസ്ത്ര സംവിധാനമൊരുക്കും.

കയര്‍ ഭൂവസ്ത്രത്തിന്‍റെ ഉപയോഗം പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗമായി കയര്‍ വികസന വകുപ്പ് സംഘടിപ്പിച്ച സെമിനാറിലാണ് പ്രഖ്യാപനം നടത്തിയത്.

മുന്‍കാലങ്ങളിലേതുപോലെ വകുപ്പ് തദ്ദേശഭരണ സ്ഥാപനങ്ങളുമായി കരാര്‍ ഒപ്പുവച്ചായിരിക്കും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് തൊഴിലാളികളുടെ സഹകരണത്തോടെ പദ്ധതി നടപ്പിലാക്കുക.

മണ്ണ്, ജല സംരക്ഷണത്തോടൊപ്പം കയര്‍, തൊഴിലുറപ്പ് തൊഴിലാളികളുടെ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിച്ച് തൊഴിലും മിനിമം വേതനവും ഉറപ്പാക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

മുപ്പതിനായിരത്തോളം പരമ്പരാഗത കയര്‍ തൊഴിലാളികളുള്ള ജില്ലയില്‍ നിലവില്‍ മൂവായിരത്തോളം തൊഴിലാളികള്‍ക്കു മാത്രമാണ് ജോലിയുള്ളത്.

ബ്ലോക്ക്, പഞ്ചായത്ത് തലങ്ങളില്‍ ആവശ്യമായി വരുന്ന കയര്‍ ഭൂവസ്ത്രം കയര്‍ വികസന വകുപ്പ് ലഭ്യമാക്കും. സര്‍ക്കാര്‍ ഏജന്‍സികളായ കയര്‍ഫെഡ്, കയര്‍ കോര്‍പ്പറേഷന്‍, ഫോം മാറ്റിംഗ്സ് ഇന്ത്യ എന്നീ മൂന്ന് സ്ഥാപനങ്ങളെയാണ് ഇതിന്‍റെ നിര്‍മാണം ഏല്‍പ്പിച്ചിട്ടുള്ളത്.

കോട്ടയം ജില്ലയില്‍ ഫോം മാറ്റിംഗ്സ് ഇന്ത്യയ്ക്കാണ് ചുമതല. രണ്ടു മീറ്റര്‍ വീതിയിലും 50 മീറ്റര്‍ നീളത്തിലുമായി ചതുരശ്ര മീറ്ററിന് 740 ഗ്രാം വരുന്ന ഭൂവസ്ത്രമാണ് കമ്പനി നിര്‍മ്മിക്കുന്നത്.

കോട്ടയം നാഗമ്പടം സീസര്‍ പാലസ് ഹോട്ടലില്‍ സംഘടിപ്പിച്ച സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ഉദ്ഘാടനം ചെയ്തു.

പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വകുപ്പ് സീനിയര്‍ സൂപ്രണ്ട് സി.ആര്‍ പ്രസാദ്, പ്രോജക്ട് ഓഫീസര്‍ എസ്. സുധാ വര്‍മ്മ, അസിസ്റ്റന്‍റ് രജിസ്ട്രാര്‍ സി.ഡി. സ്വരാജ്, കയര്‍ വികസന വകുപ്പ് പ്രതിനിധി റോബിന്‍സണ്‍ എന്നിവര്‍ സംസാരിച്ചു.

തൊഴിലുറപ്പും കയര്‍ ഭൂവസ്ത്ര സംയോജിത സാധ്യതകളും സംബന്ധിച്ച് പി.എ.യു പ്രോജക്ട് ഡയറക്ടര്‍ പി.എസ്. ഷിനോ, കയര്‍ ഭൂവസ്ത്ര വിതാനത്തെക്കുറിച്ച് ഫോം മാറ്റിംഗ്സ് ഇന്ത്യ ലിമിറ്റഡ് കൊമോഴ്യസല്‍ ഓഫീസര്‍ എം. ശെന്തില്‍ കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു.

തദ്ദേശ സ്ഥാപന അധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.