നെതർലാണ്ട് രാജാവ് വില്യം അലക്സാണ്ടറിനും രാജ്ഞിക്കും രാജകീയ വരവേൽപ്പൊരുക്കി കേരളം; ഇരുവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച്ച നടത്തി

കേരളത്തിൽ സന്ദർശനത്തിന് എത്തിയ നെതർലാണ്ട് രാജാവ് വില്യം അലക്സാണ്ടറുമായും രാജ്ഞി മാക്സിമയുമായും മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി. കാർഷിക സാങ്കേതിക മേഖലകളിൽ ഉൾപ്പടെ നിരവധി മേഖലകളിൽ കേരളാ നെതർലാൻഡ് സഹകരണത്തോടെ നിരവധി പദ്ധതികൾ കൊണ്ട് വരാനും കൂടിക്കാഴ്ചയിൽ തീരുമാനമായി. കനത്ത സുരക്ഷയിൽ പരമ്പരാഗത രീതിയിൽ രാജകീയ വരവേൽപ്പാണ് നെതർലാണ്ട്‌ രാജാവ് വില്യം അലക്സാണ്ടറിനും രാജ്ഞി മാക്സിമയ്ക്കും കൊച്ചിയിൽ ഒരുക്കിയിരുന്നത്.
നെതർലാണ്ടുമായി സഹകരിച്ച് അന്താരാഷ്ട്ര തലത്തിൽ നിരവധി പദ്ധതികൾക്കാണ് കേരളം മുൻ കൈ എടുക്കുന്നത്.

നെതർലാണ്ട് രാജാവ് വില്യം അലക്സാണ്ടറുമായും രാജ്ഞി മാക്സിമയുമായും മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് കാർഷിക മേഖലയിൽ ഉൾപ്പടെ നിരവധി പദ്ധതികൾ രൂപീകരിക്കാൻ കേരളം താൽപര്യമറിയിച്ചത്. പതിനേഴാം നൂറ്റാണ്ടിൽ ഡച്ചുകാരുമായി ആരംഭിച്ച ബന്ധം കേരളം ഇന്നും തുടരുന്നുണ്ട് എന്ന് അറിയിച്ച മുഖ്യമന്ത്രി ഇൗ ബന്ധം ഇന്നത്തെ തലമുറയ്ക്ക് അടുത്തറിയാൻ പാകത്തിൽ ദേശീയ പുരാ രേഖകൾ ഉൾപ്പടെ ഉള്ളവ ലഭ്യമാക്കുമെന്നും അറിയിച്ചു. ശാസ്ത്ര സാങ്കേതിക രംഗത്തെ അഭിവൃദ്ധിക്ക് ഒപ്പം കാർഷിക രംഗത്തെ അഭിവൃദ്ധിയും നെതർലാണ്ടിന്റെ സഹായത്തോടെ ഉറപ്പ് വരുത്തും. കായിക രംഗത്ത് സമൂലമായ മാറ്റം നെതർലാണ്ടിൻെറ സഹകരണത്തോടെ കൊണ്ട് വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി നേതർലാൻഡ് രാജാവും രാജ്ഞിയും ഇന്നലെ ഉച്ചയോടെയാണ് കൊച്ചിയിൽ എത്തിയത്.

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രൊഫ. രവീന്ദ്രനാഥ്, ചീഫ് സെക്രട്ടറി ടോം ജോസ്, ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവർ ഡച്ച് രാജ കുടുംബത്തെ സ്വീകരിക്കാൻ കൊച്ചി അന്താരാഷ്ട്ര വിമാന താവളത്തിൽ എത്തിയിരുന്നു. കേരളീയ പരമ്പരാഗത ശൈലിയിലുള്ള വരവേൽപ്പ് ഏറ്റുവാങ്ങിയ നെതർലാണ്ട് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ചരിത്ര സ്മാരകമായ മട്ടാഞ്ചേരിയിലെ ഡച്ച് കൊട്ടാരവും കൂവപ്പാടത്തെ ഡച്ച് കമ്പനിയായ നെഡ് സ്പെയ്സും സന്ദർശിച്ചു. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്ക് നടുവിലും കലാപരിപാടികൾ ആസ്വദിക്കാനും ഡച്ച് രാജകുടുംബം സമയം കണ്ടെത്തി. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കി നെതർലാണ്ട് രാജാവ് വില്യം അലക്സാണ്ടറും രാജ്ഞി മാക്സിമയും ഇന്ന് വൈകീട്ടോടെ മടങ്ങും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here