അടൂർ പ്രകാശ് നിർദേശിച്ച സ്ഥാനാർഥിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധം ഉള്ള കോന്നിയിലെ കോൺഗ്രസുകാർ അരിവാളിന് കുത്തി കോൺഗ്രസിന് ഷോക്ക് ട്രീറ്റ്മെൻറ് നൽകണമെന്ന് കോടിയേരി ബാലകൃഷ്ണൻ. നിയമസഭയിൽ ചെന്നിത്തലക്കൊപ്പം വാക്കൗട്ട് നടത്താൻ ഒരാളെ തിരഞ്ഞെടുക്കുന്നതിലും നല്ലത്, അടുത്ത ഒന്നര കൊല്ലത്തേക്ക് സർക്കാരിന് ഒപ്പം നിൽക്കാൻ ഉള്ള ഒരു എംഎൽഎയെ തിരഞ്ഞെടുക്കുന്നതാണ് കോന്നിക്ക് നല്ലതെന്നും കോടിയേരി അഭിപ്രായപ്പെട്ടു. കോന്നിയിലെ വിവിധ പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വസ്തുതകളെ വിവരിക്കുമ്പോൾ നർമ്മബോധവും, അതിലേറെ രാഷ്ട്രീയ ചിന്തയും ഇടകലരുന്ന കോടിയേരിയുടെ പ്രസംഗികശൈലി കേൾക്കാൻ കോന്നിയിലെ വിവിധ പൊതുയോഗങ്ങളിൽ ആയിരങ്ങൾ ആണ് തടിച്ച് കൂടിയത്. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ ഉണ്ടയില്ലാ വെടി പൊട്ടിക്കുന്ന പ്രതിപക്ഷത്തെ നേതാക്കൾ കോടിയേരിയുടെ നാവിന്റെ ചൂടറിഞ്ഞു. കൂടത്തായി കേസിലെ മുല്ലപള്ളിയുടെ പരാമർശത്തെ പറ്റി കോടിയേരി പറഞ്ഞത് ഇങ്ങനെ.

ബിജെപി യെ കോൺഗ്രസിന് ഭയമാണ്. അതാണ് പി ചിദംബരത്തെ ജയിലിൽ അടച്ചപ്പോൾ ഒരു കൂട്ട കരച്ചിൽ നടത്താൻ പോലും കോൺഗ്രസിന് കഴിഞ്ഞില്ല. കരഞ്ഞാൽ കരയുന്നവനെ പിടിക്കും എന്ന പേടി കാരണം ഇപ്പോൾ വിമ്മി കരയാൻ പോലും കോൺഗ്രസിന് പേടിയാണ് കോടിയേരിയുടെ ട്രോൾ സഭസിനെ ചിരിപ്പിച്ചു. യുഡിഎഫ് നേതാക്കളുടെത് പോലെ നാറ്റക്കേസിൽ അല്ല ജനീഷ് കുമാർ പ്രതിയായതെന്ന് കോടിയേരി ഓർമ്മിപ്പിച്ചു. അടൂർ പ്രകാശിന് സീറ്റ് നൽകാത്തതിൽ അമർഷം ഉള്ള കോൺഗ്രസുകാർ അരിവാളിൽ കുത്തി പ്രതിഷേധിക്കണം എന്ന് കോടിയേരി കൂട്ടി ചേർത്തു

ഓർത്തഡോക്സ് സഭാ വിഭാഗം പുരോഹിതൻമാരുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലക്യഷ്ണൻ കോന്നിയിൽ കൂടി കാഴ്ച്ച നടത്തി. മൈലപ്ര ആശ്രമം സുപ്പീരിയർ റവ.നഥാനിയേൽ റമ്പാൻ, മാനേജർ ഫാദർ.പി.വൈ ജസൺ, ഫാ. റോയി മാത്യു, ഫാ.മർക്കോസ് സി പി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ തോമസ് ,ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു ആർ സനൽകുമാർ എന്നീവർ കൂടി കാഴ്ച്ചയിൽ പങ്കാളികളായി.