ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് കൊല്ലം ജില്ലയിൽ പ്രൗഢോജ്വല തുടക്കം

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ 100–ാം വാർഷിക പരിപാടികൾക്ക് ജില്ലയിൽ പ്രൗഢോജ്വല തുടക്കം. ജില്ലയിലെ 2300 ബ്രാഞ്ച് കേന്ദ്രത്തിൽ പാർടി അംഗങ്ങളും അനുഭാവികളും ചേർന്ന് പ്രഭാതഭേരിയോടെ പതാക ഉയർത്തി. സെമിനാറും പ്രഭാഷണങ്ങളും സംഘടിപ്പിച്ചു. ഒരു നൂറ്റാണ്ടിന്റെ പാർടി ചരിത്രത്തിലെ പോരാട്ടങ്ങളുടെയും സഹനങ്ങളുടെയും ത്യാഗങ്ങളുടെയും ഓർമകൾ ബ്രാഞ്ച്, ലോക്കൽ, ഏരിയ കേന്ദ്രങ്ങളിൽ ഒത്തുകൂടി തലമുറഭേദമില്ലാതെ പ്രവർത്തകർ പങ്കുവച്ചു. ഒരു വർഷം നീളുന്ന പരിപാടികളാണ് സിപിഐ എം സംഘടിപ്പിക്കുന്നത്. സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസായ പോളയത്തോട് എൻ എസ്‌ സ്‌മാരകമന്ദിരത്തിൽ രാവിലെ ജില്ലാ സെക്രട്ടറി എസ് സുദേവന്റെയും നൂറുകണക്കിന് പ്രവർത്തകരുടെയും സാന്നിധ്യത്തിൽ സംസ്ഥാനകമ്മിറ്റിഅംഗം പി രാജേന്ദ്രൻ പതാക ഉയർത്തി.

ഏരിയകമ്മിറ്റി ഓഫീസുകൾക്കു മുന്നിൽ എ എം ഇക്ബാൽ കൊല്ലത്തും എസ് പ്രസാദ് കൊല്ലം ഈസ്റ്റിലും എസ്‌ എൽ സജികുമാർ കുണ്ടറയിലും എൻ സന്തോഷ് കൊട്ടിയത്തും വി കെ അനിരുദ്ധൻ അഞ്ചാലുംമൂട്ടിലും കെ സേതുമാധവൻ ചാത്തന്നൂരിലും പതാക ഉയർത്തി. ചവറയിൽ ടി മനോഹരൻ, കരുനാഗപ്പള്ളിയിൽ ജില്ലാ സെക്രട്ടറി എസ് സുദേവൻ, ശൂരനാട്ട് എം ഗംഗാധരക്കുറുപ്പ്‌, കുന്നത്തൂരിൽ ഡോ. പി കെ ഗോപൻ എന്നിവർ പതാക ഉയർത്തി.

നെടുവത്തൂരിൽ പി തങ്കപ്പൻപിള്ള, കൊട്ടാരക്കരയിൽ അഡ്വ. വി രവീന്ദ്രൻനായർ, കുന്നിക്കോട്ട് ആർ സഹദേവൻ, പത്തനാപുരത്ത് എൻ ജഗദീശൻ, പുനലൂരിൽ യു കെ അബ്‌ദുൾ സലാം, അഞ്ചലിൽ ഡി വിശ്വസേനൻ, ചടയമംഗലത്ത് എം എം ബഷീർ, കടയ്ക്കലിൽ എസ് വിക്രമൻ എന്നിവർ പതാക ഉയർത്തി. ലോക്കൽ കമ്മിറ്റി ഓഫീസുകൾക്കു മുന്നിൽ ജില്ല– ഏരിയാ നേതാക്കൾ പതാക ഉയർത്തി. എൻ എസ് പഠനഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ പോളയത്തോട് എൻ എസ് സ്മാരകഹാളിൽ വൈകിട്ട് നടന്ന സെമിനാറിൽ സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവൻ പ്രഭാഷണം നടത്തി. 100 മിനിറ്റ്‌ നീണ്ടതായിരുന്നു പ്രഭാഷണം.
ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിന് പുരോഗമന, സാമ്രാജ്യത്വ, ഫ്യൂഡൽ വിരുദ്ധമുഖം നൽകുന്നതിൽ കമ്യൂണിസ്റ്റ് പാർടി നടത്തിയ ഇടപെടലുകൾ പ്രഭാഷണത്തിൽ നിറഞ്ഞുനിന്നു. ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എക്‌സ് ഏണസ്റ്റ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ്‌അംഗം എസ് ജയമോഹൻ സംസാരിച്ചു. ജില്ലാ സെക്രട്ടിയറ്റ്‌അംഗം പി എ എബ്രഹാം, ജി മുരളീധരൻ, പ്രസന്ന ഏണസ്റ്റ്, കെ തുളസീധരൻ എന്നിവർ പങ്കെടുത്തു. എ എം ഇക്ബാൽ സ്വാഗതവും എസ് പ്രസാദ് നന്ദിയും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News