ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ടതിന്റെ ശതാബ്ദി പ്രസ്ഥാനത്തെ ശക്തിപ്പെടുത്താൻ ഉതകണം; ഇൻക്വിലാബ് സിന്ദാബാദ് ഇന്നത്തെ വർഗീയ സങ്കുചിത ദേശീയ വാദത്തിന്റെ കടന്നാക്രമണത്തെ ചെറുക്കാനുള്ള കാഹളധ്വനിയാണ്; സീതാറാം യെച്ചൂരി

യെച്ചൂരിയുടെ ലേഖനം പൂർണ്ണരൂപത്തിൽ:
കമ്യൂണിസ്റ്റ് പാർടി സ്ഥാപിതമായതിനുശേഷമുള്ള ഒരു നൂറ്റാണ്ട് ആധുനിക ഇന്ത്യയുടെ ചരിത്രത്തിലെ തിളങ്ങുന്ന ഒരധ്യായമാണ്. സ്വാതന്ത്ര്യ സമര കാലത്തും, തുടർന്നും ദേശീയ അജൻഡയിലേക്ക് സാധാരണ ജനങ്ങളുടെ ജീവിതപ്രശ്നങ്ങൾ ഉയർത്തി അസംഖ്യം സഖാക്കൾ ഏറ്റെടുത്ത പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും ചരിത്രമാണത്. സ്ഥാപിതമായ അന്നു മുതൽ, കമ്യൂണിസ്റ്റുകാർ സമകാലിക സംഭവ വികാസങ്ങൾ ശാസ്ത്രീയമായും ഭൗതികവാദപരമായും വിലയിരുത്തി ജനങ്ങളുടെ ജീവനോപാധിയും സ്വതന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ഘടനയും മെച്ചപ്പെടുത്തുന്നതിനുള്ള പരിഹാരമാർഗങ്ങൾ നിർദേശിച്ചു. മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കിനെക്കുറിച്ചുള്ള ഒരു വീക്ഷണത്തെ ആസ്‌പദമാക്കിയായിരുന്നു ഇത്. അതാകട്ടെ, അന്തിമമായി നീങ്ങുക സോഷ്യലിസത്തിൽ മാത്രം സാധ്യമാകും വിധം, നമ്മുടെ രാഷ്ട്രീയ സ്വാതന്ത്ര്യത്തെ മുഴുവൻ ജനങ്ങളുടെയും മോചനത്തിലേക്ക് പരിവർത്തനപ്പെടുത്തുകയും ചെയ്യും.

ഒന്നാം ലോകമഹായുദ്ധത്തിനു തൊട്ടുമുമ്പുള്ള വർഷങ്ങളിലും യുദ്ധകാലത്തും ദേശീയ പ്രസ്ഥാനത്തിനകത്ത് മിതവാദികളും വിപ്ലവകാരികളും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നു. 1917 ലെ റഷ്യൻ വിപ്ലവത്തിന്റെ വിജയത്തിലാണ് അത് കേന്ദ്രീകരിച്ചത്. ഇന്ത്യൻ വിപ്ലവകാരികളെയെന്ന പോലെ ലോകത്തെങ്ങുമുള്ള പുരോഗമനവാദികളെ ആവേശഭരിതരാക്കിയ ഒരു സംഭവമായിരുന്നു അത്. ഒരേ സമയത്തു സംഭവിച്ച ഈ രണ്ടു ഘടകങ്ങളും ഒന്നിച്ചു ചേർന്നതോടെ പല ഇന്ത്യൻ വിപ്ലവകാരികളും കമ്യൂണിസ്റ്റുകാരായി മാറി.
പ്രവാസികളായ ഇന്ത്യൻ വിപ്ലവകാരികൾ താഷ്‌കെന്റിൽ 1920 ഒക്ടോബർ 17 ന് കമ്യൂണിസ്റ്റ് പാർടി ഓഫ് ഇന്ത്യയുടെ സ്ഥാപനത്തിന് മുൻകൈയെടുത്തു. ഇന്ത്യയിലുടനീളം ചിതറിക്കിടക്കുകയായിരുന്ന വിപ്ലവ ഗ്രൂപ്പുകൾക്ക് ആദ്യമായി താത്വികവും പ്രായോഗികവുമായ വിദ്യാഭ്യാസം നൽകാൻ അതു വഴി കഴിഞ്ഞു. ബോംബെയിലും കൽക്കത്തയിലും മദിരാശിയിലും യുപി – പഞ്ചാബ് മേഖലയിലുമുള്ള ചെറിയ കമ്യൂണിസ്റ്റ് ഗ്രൂപ്പുകളെ കാൺപൂരിൽ 1925ൽ ചേർന്ന കമ്യൂണിസ്റ്റ് കോൺഫറൻസിലേക്ക് ഒന്നിപ്പിച്ചു കൊണ്ടുവരാൻ കഴിഞ്ഞു. അങ്ങനെയാണ് രാജ്യത്തിനകത്ത് കമ്യൂണിസ്റ്റ് പാർടി പ്രവർത്തിച്ചു തുടങ്ങിയത്.

വീക്ഷണങ്ങൾ തമ്മിലുള്ള പോരാട്ടം
ഇക്കാലയളവിൽ ഉയർന്നു വന്ന നിരന്തരമായ ഒരു പോരാട്ടമായിരുന്നു മൂന്ന്‌ വീക്ഷണങ്ങൾ തമ്മിൽ. അതാകട്ടെ, എല്ലാം ഉൾച്ചേരുന്ന ഒരിന്ത്യ എന്ന സങ്കൽപ്പനത്തിന് രൂപം നൽകി. മൂന്നു വീക്ഷണങ്ങളിൽ ഒന്ന്, മുഖ്യധാരാ കോൺഗ്രസിന്റെ വീക്ഷണമാണ്. സ്വതന്ത്ര ഇന്ത്യ ഒരു മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്കായിരിക്കണം എന്നതായിരുന്നു ആ വീക്ഷണം. ഇതിനോട് യോജിക്കവേ തന്നെ, കമ്യൂണിസ്റ്റുകാർ പറഞ്ഞത് അത്തരമൊരു മതനിരപേക്ഷ ജനാധിപത്യഘടനയ്‌ക്ക് മുതലാളിത്ത വികസന പാതയാണ് തുടരുന്നതെങ്കിൽ നിലനിൽക്കാനാവില്ല എന്നുകൂടി വ്യക്തമാക്കി. നേടാൻ പോകുന്ന രാഷ്ട്രീയ സ്വാതന്ത്ര്യം സാമൂഹിക -സാമ്പത്തിക സ്വാതന്ത്ര്യമായി ഓരോ ഇന്ത്യൻ പൗരനും അനുഭവവേദ്യമാകണം. അതാകട്ടെ,സോഷ്യലിസത്തിൽ മാത്രമേ സാധ്യമാകൂ.

ഈ രണ്ടിനോടും എതിരിട്ടു കൊണ്ട്, മൂന്നാമതൊരു വീക്ഷണം ഉയർന്നു വന്നത്, സ്വതന്ത്ര ഇന്ത്യയുടെ സ്വഭാവം ജനങ്ങളുടെ മതപരമായ ആഭിമുഖ്യത്തെ ആശ്രയിച്ചായിരിക്കണം എന്നായിരുന്നുവാദം. ഈ വീക്ഷണത്തിന് രണ്ട് ആവിഷ്‌കാരങ്ങളുണ്ട്. മുസ്ലിം ലീഗ് ഉയർത്തിപ്പിടിച്ച ഇസ്ലാമിക് സ്‌റ്റേറ്റും ആർഎസ്എസ് വാദിച്ചു പോന്ന ഹിന്ദു രാഷ്ട്രവും. ആദ്യത്തേതിന്റെ വിജയം ദൗർഭാഗ്യകരമായ വിഭജനത്തോടെയാണ് പൂർത്തിയായത്. രണ്ടാമത്തേതാകട്ടെ, സ്വാതന്ത്ര്യലബ്‌ധിയുടെ കാലത്ത് പരാജയപ്പെട്ടെങ്കിലും, ആധുനിക ഇന്ത്യയെ തീർത്തും അസഹിഷ്ണുതാപരമായ ഫാസിസ്റ്റ്‌ “ഹിന്ദു രാഷ്ട്ര’മാക്കി മാറ്റിത്തീർക്കാനുള്ള ആർഎസ്‌എസിന്റെ പരിശ്രമം തുടരുകയാണ്. ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനം ആർഎസ്എസിന്റെ വീക്ഷണത്തെയും രാഷ്ട്രീയ പദ്ധതികളെയും തള്ളിക്കളഞ്ഞതിലുള്ള നിരാശയുടെ പ്രതിഫലനമാണ് ഗാന്ധി വധം.

ഇടതുപക്ഷത്തിന്റെ പങ്ക്
തങ്ങൾ കെട്ടഴിച്ചുവിട്ട പ്രക്ഷോഭങ്ങളിലൂടെ ദേശീയ പ്രസ്ഥാനത്തിന്റെ അജൻഡയിലേക്ക് എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരിന്ത്യ എന്ന ആശയം എത്തിക്കുന്നതിൽ കമ്യൂണിസ്റ്റ് പാർടി സുപ്രധാന പങ്കാണ് നിർവഹിച്ചത്. ആദ്യം, ഭൂപ്രശ്നം ഉയർത്തി കമ്യൂണിസ്റ്റുകാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പോരാട്ടങ്ങൾ സംഘടിപ്പിച്ചു.- കേരളത്തിലെ പുന്നപ്ര വയലാറും, ബംഗാളിലെ തേഭാഗയിലും, അസാമിലെ സുർമ താഴ്‌‌വരയിലും, മഹാരാഷ്ട്രയിലെ വർളിയിലും മറ്റും നടന്ന പ്രക്ഷോഭം ഇതിന്റെ ഭാഗമാണ്‌. തെലങ്കാനയിലെ സായുധ കലാപത്തിലും – ഭൂപരിഷ്‌കരണത്തെ കേന്ദ്ര പ്രശ്നമാക്കിത്തീർത്തു, തുടർന്ന് സെമീന്ദാരി സമ്പ്രദായം തന്നെ അവസാനിപ്പിക്കപ്പെട്ടു. ഇതുവഴി കോടിക്കണക്കിന് ആളുകൾ ഫ്യൂഡൽ ചങ്ങലക്കെട്ടുകളിൽ നിന്ന് മോചിതരാക്കാനും ഗ്രാമീണ മേഖലയിലെ ചൂഷിത ജനതയെ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തോട്‌ അടുപ്പിച്ചു നിർത്താനുമായി. ഇതിന് നേർവിപരീതമായി കോൺഗ്രസ് നേതൃത്വം ഗ്രാമീണ ഇന്ത്യയിലെ ചൂഷിതവർഗത്തെ തങ്ങളുടെ കൂട്ടു പങ്കാളികൾ ആക്കുകയായിരുന്നു.
രണ്ടാമതായി, കമ്യൂണിസ്റ്റുകാർ മുന്നോട്ടു നയിച്ചത് ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനപുനഃസംഘടനയ്‌ക്ക് വേണ്ടിയുള്ള ജനകീയ പ്രക്ഷോഭമാണ്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം ന്യായയുക്തമായും ശാസ്ത്രീയവും ജനാധിപത്യപരവുമായി നിർമിച്ചെടുക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ അതിന് കഴിഞ്ഞു. വിശാലാന്ധ്രയ്‌ക്കും, ഐക്യകേരളത്തിനും സംയുക്ത മഹാരാഷ്ട്രയ്‌ക്കും വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ നയിക്കുന്നതിൽ മറ്റു പലർക്കുമെന്ന പോലെ രാജ്യത്തെ കമ്യൂണിസ്റ്റ് അതികായരും ഉണ്ടായിരുന്നു, ഇത് രാജ്യത്തെ വിവിധ ഭാഷാ ദേശീയതകളെയും തുല്യതയുടെ അടിസ്ഥാനത്തിൽ കൂട്ടിയോജിപ്പിക്കുന്ന ഉൾക്കൊള്ളലിന്റെ ഇന്ത്യയാക്കി മാറ്റുന്നതിന് വഴിതെളിച്ചു.

മൂന്നാമതായി, ഇടതുപക്ഷത്തിന്റെ മതനിരപേക്ഷതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത പ്രതിബദ്ധത, ഇന്ത്യൻ യാഥാർഥ്യത്തെ അംഗീകരിക്കുന്നതിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടതാണ്. 1920ലെ വളർന്നു വരുന്ന വർഗീയകലാപങ്ങളുടെ പശ്ചാത്തലത്തിൽ, എല്ലാ ജാതികളിലും മതങ്ങളിലുംപെട്ട തൊഴിലെടുക്കുന്ന മനുഷ്യരുടെ വർഗഐക്യം മാത്രമാണ് വർഗീയ വിഭജനത്തിനുള്ള മറുകുറി എന്ന് 1920ൽ, പുതുതായി രൂപം കൊണ്ട ഉടനെ കമ്യൂണിസ്റ്റ് പാർടിക്കുവേണ്ടി എം എൻ റോയ് വ്യക്തമാക്കിയിരുന്നു. ഇത്രക്കേറെ വൈജാത്യങ്ങളുള്ള ഒരു രാജ്യത്തിന്റെ ഐക്യം നിലനിർത്താൻ, ആ വൈജാത്യത്തിനിടയിലെ സമാനതകളുടെ കെട്ടുപാടുകൾ ശക്തിപ്പെടുത്തിക്കൊണ്ടു മാത്രമേ കഴിയൂ. ഈ വൈജാത്യത്തിനുമേൽ ഏകത്വം അടിച്ചേൽപ്പിക്കാനാകില്ല.അത്തരം ഏകത്വം അടിച്ചേൽപ്പിക്കുന്ന പ്രവർത്തനമാണ് വർഗീയ ശക്തികൾ ഇന്ന് അക്രമാസക്തമായി ചെയ്യുന്നത്‌. മതനിരപേക്ഷതയെന്നാൽ, മതത്തെ രാഷ്ട്രീയത്തിൽനിന്ന് അകറ്റിനിർത്തലാണ്. വ്യക്തികൾക്ക് ഏത് വിശ്വാസവും തെരഞ്ഞെടുക്കാനുള്ള അവകാശത്തെ പതറാതെ സംരക്ഷിക്കുന്നതോടൊപ്പം, ഭരണകൂടം ഒരു മതത്തെയും പ്രചരിപ്പിക്കുകയോ അതിന് പ്രത്യേക മുൻഗണന നൽകുകയോ ചെയ്യില്ല എന്നാണ് അതിനർഥം. എന്നാൽ, സ്വാതന്ത്ര്യാനന്തരം, ഫലത്തിൽ മതനിരപേക്ഷതയെന്നാൽ എല്ലാ മതങ്ങൾക്കുമുള്ള തുല്യപരിഗണനയാണ് എന്ന നിർവചനത്തിലേക്ക് വെട്ടിച്ചുരുക്കപ്പെടുകയായിരുന്ന അതിന്റെ സഹജ ദൗർബല്യമാണ്, ഭൂരിപക്ഷമതത്തോടുള്ള പക്ഷപാതം. ഇതാണ്, ഇന്ന് വർഗീയ മതമൗലിക ശക്തികൾക്ക് ഏറെ പ്രയോജനകരമായിത്തീർന്നത്.

ഭരണവർഗത്തിന്റെ ഉദയവും വർഗസമരങ്ങളും
കോളനി രാജ്യങ്ങളിൽവച്ച് ഒരു പക്ഷേ ഏറ്റവും വികസിതമായ ഒന്നായിരുന്നു ഇന്ത്യൻ മുതലാളി വർഗം. സ്വാതന്ത്ര്യാനന്തരം, അതു കൊണ്ടു തന്നെ ഏറെ ഔത്സുസുക്യത്തോടെ അത് മുതലാളിത്ത വികസനപാത പിന്തുടർന്നു. ഭരണ വർഗമെന്ന നിലയിൽ പ്രവർത്തിക്കാൻ, അത് ഭൂപ്രഭുക്കളുമായി സന്ധി ചെയ്യുകയും അധികാരക്കൈമാറ്റത്തിനുവേണ്ടി സാമ്രാജ്യത്വവുമായി വില പേശുകയും ചെയ്‌തു.

സ്വാതന്ത്ര്യസമര പ്രസ്ഥാനം
ഇന്ത്യൻ വിപ്ലവത്തിന്റെ ജനാധിപത്യ ഘട്ടത്തിന് ഫ്യൂഡൽ വിരുദ്ധവും സാമ്രാജ്യത്വ വിരുദ്ധവും കുത്തക വിരുദ്ധവുമായ കടമകൾ നിറവേറ്റാനുണ്ടെന്ന് കമ്യൂണിസ്റ്റ പാർടി കൃത്യമായി നിർവചിച്ചു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അഭ്യുദയകാംക്ഷികൾ, രാജ്യത്തും പുറത്തുമുള്ളവർ ഒരേ പോലെ ഉയർത്തുന്ന ഒരു ചോദ്യമാണ്, 1920ൽ സ്ഥാപിതമായ പാർടിക്ക് എന്തുകൊണ്ട് സോഷ്യലിസത്തിന്റെ ലക്ഷ്യം നേടാനായില്ല എന്നത്. ചൈനയിലും വിയറ്റ്നാമിലും കൊറിയയിലും കമ്യൂണിസ്റ്റ് പാർടികൾക്ക് വിജയിക്കാനായെങ്കിൽ, ഏതാണ്ട് അതേ കാലത്ത് സ്ഥാപിതമായ ഇന്ത്യയിൽ അതെന്തുകൊണ്ട് സംഭവിക്കുന്നില്ല. സമർപ്പണത്തിന്റെയും ത്യാഗസന്നദ്ധതയുടെയും കുറവ് എന്നതല്ല ഉത്തരം. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടിയും തൊഴിലാളികളും കർഷകരുമടക്കം ചൂഷിതരായ ജനലക്ഷങ്ങളുടെ പ്രതിരോധത്തിനും സംരക്ഷണത്തിനുമായും വിവരണാതീതമായ ത്യാഗങ്ങളേറ്റുവാങ്ങിക്കൊണ്ട് വമ്പൻ വർഗസമരങ്ങൾ നടത്തിയതിന്റെ അഭിമാനകരമായ ചരിത്രമുണ്ട് ഇന്ത്യയിലെ കമ്യൂണിസ്റ്റുകാർക്ക്‌. ഇന്ത്യൻ വിപ്ലവ പ്രസ്ഥാനത്തിന്റെ മഹനീയ പൈതൃകത്തെയാണ് അവർ പ്രതിനിധാനം ചെയ്യുന്നത്.

മാർക്‌സിസം– ലെനിനിസം ഒരു രചനാത്മക ശാസ്ത്രമാണ്. അതിന്റെ അന്തസ്സത്ത “മൂർത്ത സാഹചര്യങ്ങളുടെ മൂർത്ത വിശകലന’ മാണ്. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തപ്പെടാതിരിക്കുകയോ, വിശകലനം മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ചല്ലാതെയാവുകയോ ചെയ്‌താൽ തെറ്റുപറ്റും. കമ്യൂണിസ്റ്റുകാർ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ ഒരു സുപ്രധാന പങ്ക് വഹിച്ചെങ്കിലും ചൈനയിലോ വിയറ്റ്നാമിലോ കൊറിയയിലോ നടന്നതു പോലെ ഇവിടെ അതിന്റെ നേതൃത്വം കൈവരിക്കാനായില്ല. മൂർത്ത സാഹചര്യങ്ങളെക്കുറിച്ച് കമ്യൂണിസ്റ്റുകാർക്കിടയിലുള്ള അഭിപ്രായവ്യത്യാസങ്ങൾ, ഉദാഹരണത്തിന് ഇന്ത്യൻ ഭരണവർഗത്തിന്റെ വർഗ സ്വഭാവം, ഇന്ത്യൻ വിപ്ലവപാത തുടങ്ങിയവ ദശകങ്ങളായി പല വിഭജനങ്ങളിലേക്ക് പ്രസ്ഥാനത്തെ നയിച്ചു, ഭരണവർഗത്തെക്കുറിച്ചുള്ള ശരിയായ വിശകലനം മുന്നോട്ടുവച്ച സിപിഐ എമ്മിന് വർഗസമരങ്ങളിലേക്ക് കൂടുതൽ വിഭാഗം ജനങ്ങളെ ആകർഷിക്കാനായി. അതു വഴി സ്വതന്ത്ര ഇന്ത്യയിലെ പ്രധാന കമ്യൂണിസ്റ്റ് പാർടിയായി ഉയർന്നു. പാർലമെന്ററി പ്രവർത്തനവും പാർലമെന്റേതര പ്രവർത്തനവും കൂട്ടിയോജിപ്പിച്ചുകൊണ്ട് രാഷ്ട്രീയ സംഭവ വികാസങ്ങളെ സാരമായി സ്വാധീനിക്കാനും, ഇന്ത്യയിൽ സർക്കാരുകൾ രൂപം കൊള്ളുന്നതിൽ ഇടപെടാനും കഴിഞ്ഞു.

1957ൽ കേരളത്തിലെ ഒന്നാം കമ്യൂണിസ്റ്റ് സർക്കാർ, തുടർന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണി സർക്കാറുകൾ, പിന്നീട് ത്രിപുരയിലെ സിപിഐ എം നേതൃത്വത്തിലുള്ള ഇടതു സർക്കാർ, അതിനും പുറമെ ഇന്ത്യൻ പാർലമെന്റിലെ അതിന്റെ പങ്ക് – ഇവയൊക്കെയും ആധുനിക ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പരിണാമത്തിൽ ഏറെ സംഭാവനകൾ നൽകിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ ഒരു ദശകക്കാലമായി സിപിഐ എമ്മിന്റെ പാർലമെന്ററി സ്വാധീനം ഗണ്യമായി കുറഞ്ഞിട്ടുണ്ട്. തങ്ങളുടെ രാഷ്ട്രീയ പദ്ധതിയുടെ കടുത്ത രാഷ്ട്രീയ എതിരാളികൾ, സന്ധിയില്ലാ ശത്രുക്കൾ കമ്യൂണിസ്റ്റുകാരാണെന്ന് കണ്ടുകൊണ്ട് വലതുപക്ഷം അതിന്റെ ശക്തി മുഴുവൻ സമാഹരിച്ച് ഉന്നംവച്ചത് കമ്യൂണിസ്റ്റുകാരെയാണ്. ശാരീരികാക്രമണങ്ങളും മർദനങ്ങളും അഴിച്ചുവിട്ടും അക്രമത്തിന്റെയും ഭീകരതയുടെയും അരാഷ്ട്രീയ സംസ്‌കാരം വളർത്തിയെടുത്തുമാണ് ഇത് നടപ്പാക്കിയത്. ഇതാണ് ബംഗാളിലും പിന്നീട് ത്രിപുരയിലും സംഭവിച്ചത്. ഇപ്പോൾ കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിനെ അസ്ഥിരീകരിക്കുന്നതിനുള്ള പരാജയപ്പെട്ട പരിശ്രമങ്ങളും ഇതിന്റെ ഭാഗമാണ്. പക്ഷേ, അപ്പോഴും അതേ കാലത്ത് തന്നെ തൊഴിലാളി വർഗത്തിന്റെയും കർഷകരുടെയും മറ്റിതര ചൂഷിത ജനവിഭാഗങ്ങളുടെയും പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്ന മുഖ്യശക്തി സിപിഐ എം ആയിരുന്നു. ഈ പ്രക്ഷോഭങ്ങളാണ് പല പ്രശ്നങ്ങളെയും ദേശീയ അജൻഡയിലേക്കെത്തിച്ചത്. അത് തുടരുകയുമാണ്.

ഇന്നത്തെ വെല്ലുവിളികൾ
പ്രബലമായ ഒരു കോർപറേറ്റ് വർഗീയ മുന്നണി രൂപപ്പെട്ടു കഴിഞ്ഞു. അത് വർഗീയവും യുദ്ധോദ്യുക്തവുമായ സങ്കുചിത ദേശീയതയെ ഊതിപ്പെരുപ്പിക്കുകയാണ്. അതിന്റെ പേരിൽ ജനങ്ങളുടെ താൽപ്പര്യങ്ങൾക്കു മേലെയാണ് “രാജ്യതാൽപ്പര്യം’ എന്ന് ശക്തമായി പ്രചരിപ്പിക്കുകയാണ്. “ദേശ’നാമത്തിൽ, ജനാധിപത്യാവകാശങ്ങളടക്കം ത്യാഗം ചെയ്യണം എന്നാണ് അവർ ആവശ്യപ്പെടുന്നത്. മതാടിസ്ഥാനത്തിലാക്കിക്കൊണ്ട് മുസ്ലിങ്ങളെ അതിൽനിന്ന് ഒഴിച്ചുനിർത്തുന്നത്, ഇതൊക്കെ ചൂണ്ടിക്കാട്ടുന്നത് മതനിരപേക്ഷ ജനാധിപത്യ ഭരണഘടനാക്രമംതന്നെ ആപത്തിൽ എന്നാണ്.

ഈ വലതുപക്ഷ രാഷ്ട്രീയ ധ്രുവീകരണത്തിനെതിരെയുള്ള വെല്ലുവിളി സ്വാഭാവികമായും ഉയരുക, ഇടതുപക്ഷത്തിന്റെയും മധ്യത്തിൽ നിന്ന് ഇടതായി നിൽക്കുന്ന കക്ഷികളുടെയും രാഷ്ട്രീയ ഏകീകരണംവഴിയാണ്. വെല്ലുവിളി ഏറ്റെടുക്കാൻ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. ഈശതാബ്‌ദി ആചരണം അതിൽ നിന്നും ആവേശം ഉൾക്കൊള്ളാനും അതിനെ നമ്മളുടെ ദൗർബല്യങ്ങൾ പരിഹരിക്കാനുള്ള അവസരമാക്കി മാറ്റാനും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും ഉതകണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളർച്ചയ്‌ക്ക് മാത്രമേ നമ്മുടെ ഭരണഘടനാക്രമത്തെ സംരക്ഷിക്കാനും അതിനെ മുന്നോട്ട് കൊണ്ടുപോയി ചൂഷണമവസാനിപ്പിക്കാനും കഴിയൂ. മൗലാനാ ഹസ്രത്ത് മൊഹാനി ഉയർത്തുകയും ഭഗത്‌സിങ്‌ അനശ്വരമാക്കുകയും ചെയ്‌ത ഇൻക്വിലാബ് സിന്ദാബാദ് ഇന്നത്തെ വർഗീയ സങ്കുചിത ദേശീയ വാദത്തിന്റെ കടന്നാക്രമണത്തെ ചെറുക്കാനുള്ള കാഹളധ്വനിയാണ്. ഉൾക്കൊള്ളലിന്റെ ഇന്ത്യ വിജയിക്കും. ജനകീയ ജനാധിപത്യം സ്ഥാപിക്കുന്നതിനും സോഷ്യലിസത്തിലേക്ക് മുന്നേറുന്നതിനുമായുള്ള പോരാട്ടങ്ങൾ ശക്തിപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here