നിക്ഷേപകർക്ക്‌ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ഒരു സ്ഥലം ലോകത്ത്‌ കണ്ടെത്താനാകില്ല; ഇന്ത്യയിൽ മുതലാളിത്തത്തെ ബഹുമാനിക്കുന്ന സാഹചര്യമാണെന്ന് ധനമന്ത്രി നിർമല സീതാരാമൻ

നിക്ഷേപകർക്ക്‌ ഇന്ത്യയേക്കാൾ മെച്ചപ്പെട്ട ഒരു സ്ഥലം ലോകത്ത്‌ കണ്ടെത്താനാകില്ലെന്ന്‌ ധനമന്ത്രി നിർമല സീതാരാമൻ. ഇന്ത്യയിൽ മുതലാളിത്തത്തെ ബഹുമാനിക്കുന്ന സാഹചര്യമാണുള്ളതെന്നും പരിഷ്‌കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ നിരന്തരം പ്രയത്നിക്കുകയാണെന്നും അവർ പറഞ്ഞു. ഐഎംഎഫ്‌ ആസ്ഥാനത്ത്‌ ഫെഡറേഷൻ ഓഫ്‌ ഇന്ത്യൻ ചേംബർ ആൻഡ്‌ കൊമേഴ്‌സ്‌ ആൻഡ്‌ ഇൻഡസ്‌ട്രിയും (ഫിക്കി) യുഎസ്‌ ഇന്ത്യ സ്‌ട്രാറ്റജിക്‌ ആൻഡ്‌ പാർട്‌ണർഷിപ്‌ ഫോറവും ചേർന്ന്‌ സംഘടിപ്പിച്ച പാരസ്‌പര്യത്തിൽ ചോദ്യങ്ങളോട്‌ പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ഇപ്പോൾ പോലും ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌ഘടനകളിൽ ഒന്നാണ്‌ ഇന്ത്യയെന്ന്‌ അവർ പറഞ്ഞു. കോടതി സംവിധാനം അല്പം കാലതാമസമുള്ളതാണെങ്കിലും ഇന്ത്യ സുതാര്യവും തുറന്ന സമൂഹവുമാണ്‌. ഇൻഷുറൻസ്‌ രംഗത്ത്‌ നിക്ഷേപ പരിധി നീക്കണമെന്ന്‌ പ്രധാന ഇൻഷുറൻസ്‌ കമ്പനികളുടെ പ്രതിനിധികൾ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യത്തിൽ തനിക്ക്‌ തുറന്ന സമീപനമാണെന്ന്‌ ധനമന്ത്രി പ്രതികരിച്ചു. കമ്പനികൾ ആവശ്യം സംബന്ധിച്ച വിശദാംശങ്ങൾ അയക്കാനും അവർ നിർദേശിച്ചു. ഇന്ത്യൻ സമ്പദ്‌ഘടനയിലെ തളർച്ച നേരിടാൻ കുഴപ്പമുള്ള മേഖലകളിൽ സർക്കാർ നടപടികൾ സ്വീകരിച്ചുവരികയാണ്‌.

ബജറ്റ്‌ അവതരിപ്പിച്ചത്‌ ജൂലൈയിലാണെങ്കിലും അടുത്ത ഫ്രെബ്രുവരിയിലെ ബജറ്റുവരെ കാത്തിരിക്കാതെ ഏതാണ്ട്‌ ഓരോ 10 ദിവസത്തിനിടയിലും കുഴപ്പമുള്ള മേഖലകളിൽ സർക്കാർ ഇടപെടലുകൾ പ്രഖ്യാപിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here