(മന്ത്രി കെടി ജലീലിന്റെ ലേഖനം)

 

കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല പതുക്കെ പതുക്കെ മാറിവരികയാണ്. വിവിധ സർവകലാശാലകൾ പരീക്ഷകൾ നടത്തിയിരുന്നതും റിസൽട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നതും ഡിഗ്രി പി.ജി ക്ലാസ്സുകൾ ആരംഭിച്ചിരുന്നതും വ്യത്യസ്ത തിയ്യതികളിലായിരുന്നു എന്ന് ആർക്കാണ് അറിയാത്തത്.

പരസ്പരം സർട്ടിഫിക്കറ്റുകൾ പോലും നമ്മുടെ സർവകലാശാലകൾ അംഗീകരിച്ചിരുന്നില്ല. ഇക്വലൻസി സർട്ടിഫിക്കറ്റില്ലാതെ കേരള സർവകലാശാലയിൽ ഡിഗ്രി കഴിഞ്ഞ ഒരുക്കുട്ടിക്ക് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ ഒരു കോളേജിൽ ഉപരിപഠനത്തിന് ചേരാൻ കഴിയാത്ത അവസ്ഥയും നിലനിന്നിരുന്നു.

അദ്ധ്യായന വർഷം തുടങ്ങി മൂന്നും നാലും മാസങ്ങൾ കഴിഞ്ഞാണ് കേരളത്തിൽ ബിരുദ ബിരുദാനന്തര ക്ലാസ്സുകൾ തുടങ്ങിയിരുന്നത്. ഇതിനെല്ലാം ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നു.

സർവകലാശാലകളുടെ പരീക്ഷാ കലണ്ടറുകൾ തമ്മിൽ നല്ല സാമ്യത ദൃശ്യമാണ്. ഏപ്രിൽ 30 ന് മുമ്പ് ഡിഗ്രി റിസൽററുകളും മെയ് 30 ന് മുമ്പ് പി.ജി ഫലങ്ങളും പബ്ലിഷ് ചെയ്യാൻ ക്രമീകരണങ്ങൾ എല്ലാ യൂണിവേഴ്സിറ്റികളിലും വരുത്താനായത് ചെറിയ കാര്യമല്ല. ഡിഗ്രി പി.ജി ക്ലാസ്സുകൾ ഈ വർഷം യഥാക്രമം ജൂൺ 24 നും 17 നും എല്ലാ സർവകലാശാലകളിലും ആരംഭിക്കാനായത് ചരിത്രനേട്ടം തന്നെയാണ്.

രണ്ടുവർഷം കൂടുമ്പോൾ സിലബസുകൾ പരിഷ്‌കരിക്കാനും വ്യവസ്ഥയുണ്ടാക്കിയിട്ടുണ്ട്. മുല്യനിർണ്ണയത്തിന് വരാത്ത അദ്ധ്യാപകരുടെ ശമ്പളം തൊട്ടടുത്ത മാസം എഴുതേണ്ടതില്ലെന്ന് ഉത്തരവിറക്കി. വാല്വേഷനിൽ പിഴവ് വരുത്തി കുട്ടികളുടെ ഭാവി കൊണ്ട് പന്താടുന്ന അദ്ധ്യാപകർക്ക് ഭീമമായ പിഴ ചുമത്തി വിജ്ഞാപനമിറക്കുകയും ചെയ്തു.

സർവകലാശാലകളുടെ റജിസ്ട്രാർ, പരീക്ഷാ മേധാവി, ഫിനാൻസ് ഓഫീസർ തസ്തികകളിൽ കാല പരിമിതികളില്ലാതെ തുടരാൻ കഴിയുന്ന സാഹചര്യം അവസാനിപ്പിച്ച് നാലു വർഷത്തേക്കായി മേൽ പോസ്റ്റുകളിൽ ഇരിക്കുന്നവരുടെ കാലാവധി പരിമിതപ്പെടുത്തി നിയമം കൊണ്ടുവന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിക്കപ്പെട്ട് ഒരു വർഷത്തിനിടയിൽ ഉണ്ടായ മാറ്റങ്ങളാണ് ഇവയെല്ലാം.

സർവകലാശാലകളിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ പരിശോധിച്ചപ്പോൾ അധികമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ എല്ലായിടത്തും അദാലത്തുകൾ നടത്താൻ തീരുമാനിച്ചു. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, അനദ്ധ്യാപകർ, മാനേജ്മെന്റുകൾ തുടങ്ങി പലവിധ മേഖലകളിൽ നിന്നുള്ളവരുടെ കെട്ടിക്കിടക്കുന്ന പരാതികളിൽ ഒട്ടുമിക്കതിലും തീർപ്പുണ്ടാക്കാൻ രണ്ടുമാസമെടുത്ത് നടന്ന പരാതി പരിഹാര മേളക്ക് സാധിച്ചു.

ഈ അദാലത്തുകളിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട് സന്തോഷത്തോടെ മടങ്ങിയവരുടെ മുഖത്ത് കണ്ട സന്തോഷം മതി ഒരു ജീവിത സാഫല്യത്തിന്. പരിഷ്കാരങ്ങളും മാററങ്ങളും ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ന്യൂനപക്ഷം ഏതൊരു നാട്ടിലുമുണ്ടാകും.

അവർ നിയമവും വകുപ്പും ചട്ടങ്ങളും പറഞ്ഞ് കാലം കഴിക്കും. ന്യായവും നീതിയും കിട്ടേണ്ടവർക്ക് നിഷ്ക്കരുണം അതു നിഷേധിക്കും. കേരളവും അതിൽ നിന്നു ഭിന്നമല്ലെന്നാണ് ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട വിവാദങ്ങൾ സൂചിപ്പിക്കുന്നത്.

വിദ്യാർത്ഥികൾക്ക് കാലാകാലങ്ങളായി നൽകിവരുന്ന മോഡറേഷനെയാണ് മാർക്കു ദാനമെന്ന് ബഹുമാന്യനായ പ്രതിപക്ഷ നേതാവ് വിശേഷിപ്പിച്ചത്.

കഴിഞ്ഞ അഞ്ചെട്ടുവർഷം മുമ്പുവരെ എസ്.എസ്.എൽ.സിക്ക് മോഡറേഷൻ പത്തും ഇരുപതും മാർക്കുവെച്ച് നൽകിയിരുന്നത് നമുക്കറിയാം. ഒന്നോ രണ്ടോ മാർക്ക് കൂടുതൽ കിട്ടിയാൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുന്ന കുട്ടികളുണ്ടെങ്കിൽ അവർക്ക് മോഡറേഷൻ നൽകി ഉന്നത വിജയികളാക്കുന്ന രീതി ഇപ്പോഴും തുടരുന്നുണ്ട്.

സർവകലാശാലകളിൽ മോഡറേഷൻ നൽകാനുള്ള ആത്യന്തിക ഉത്തരവാദിത്തം ബന്ധപ്പെട്ട സിൻഡിക്കേറ്റുകൾക്കാണ്.

ന്യായമെന്ന് തോന്നിയാൽ ഫലം പ്രസിദ്ധീകരിക്കുന്നതിന്റെ മുമ്പായാലും ശേഷമായാലും മോഡറേഷൻ നിയമപ്രകാരം തന്നെ യൂണിവേഴ്സിറ്റികൾക്ക് നൽകാം.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ നൂറ്റി അമ്പതിലധികം കുട്ടികൾക്ക് ഗുണം ലഭിച്ച അത്തരമൊരു സംഭവത്തെയാണ് മഹാപരാധമായി അവതരിപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിനെ കരിവാരിത്തേക്കാൻ തൽപര കക്ഷികൾ ശ്രമിക്കുന്നത്.

ഇനി മുതൽ മോഡറേഷനേ (മാർക്കുദാനം!) വേണ്ട എന്നുണ്ടോ പ്രതിപക്ഷത്തിനും അവരുടെ വിദ്യാർത്ഥി സംഘsനകൾക്കും? അങ്ങിനെയെങ്കിൽ അതെക്കുറിച്ച് ചർച്ചയാവാം. വിദ്യാർത്ഥി താൽപര്യമനുസരിച്ച് തീരുമാനവുമെടുക്കാം.

എന്റെ പ്രൈവറ്റ് സെക്രട്ടറിയെ കോളേജുകളുടെയോ സർവകലാശാലകളുടെയോ അയലത്ത് കാണാൻ പാടില്ലെന്ന ബാലിശവാദം അവജ്ഞയോടെ തള്ളിക്കളയുകയാണ്.

വിദ്യാർത്ഥികളുടെ സ്വപനങ്ങൾക്ക് കാളിമ തീർക്കുന്നതും അദ്ധ്യാപകരുടെയും മാനേജ്മെന്റിന്റെയും ന്യായമായ ആവശ്വങ്ങൾക്ക് തടസ്സം നിൽക്കുന്നതുമായ ഏത് ഹിമാലയൻ പ്രതിബന്ധങ്ങളെയും തട്ടിമാറ്റി ഉന്നത വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകും. അതിലാർക്കും സംശയം വേണ്ട.