കടുത്ത സാമ്പത്തിക പ്രതിസന്ധി ദീപാവലി ആഘോഷങ്ങളുടെ നിറം കെടുത്തുമെന്ന് വ്യാപാരികൾ

മഹാരാഷ്ട്ര ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന വേളയിൽ ഈ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന് ഏറെ നിർണായകമാകും.

മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതിസന്ധിയില്‍ ഞെരുങ്ങുകയാണ്. വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും ഇക്കുറി ആഘോഷങ്ങളുടെ നഗരമായ മുംബൈയിലെ ദീപാവലി വിപണിയെ വിപരീതമായി ബാധിക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ.

ജനങ്ങളുടെ ആശങ്കകളും ആവലാതികളും അനശ്ചിതത്വവും തുടരുമ്പോൾ കൊട്ടിഘോഷത്തോടെ ദീപാവലിയെ വരവേൽക്കാൻ ഇനിയും മടിച്ചു നിൽക്കുകയാണ് നഗരം. ദീപാവലിക്കാലമായാൽ ഉപഭോക്താക്കളെ ആകർഷിക്കുന്ന ഡിസ്‌കൗണ്ട് സ്കീമുകൾക്കു മാത്രമല്ല മധുര പലഹാരങ്ങൾക്ക് പോലും ഇക്കുറി ആവശ്യക്കാർ കുറവാണ്.

വിപണിയിൽ ഇറക്കുമതി ചെയ്‌ത ചൈനീസ് അലങ്കാര വസ്തുക്കളും ആഡംബര വിളക്കുകളുമെല്ലാം കടകളെ ആകർഷകമാക്കിയെങ്കിലും എളുപ്പം വിറ്റഴിക്കാനുള്ള വഴി തേടുകയാണ് കച്ചവടക്കാർ.

ജനങ്ങൾ ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയിടിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടപ്പോൾ നിക്ഷേപത്തിലും ഉത്പാദനത്തിലും ഒന്നാമതായിരുന്ന മഹാരാഷ്ട്ര ഇന്ന് കര്‍ഷക ആത്മഹത്യയുടെ കാര്യത്തിലും തൊഴിലില്ലായ്മായിലുമാണ് ഒന്നാമതായി നില്‍ക്കുന്നത്. സംസ്ഥാനത്തെ ട്രാൻസ്‌പോർട്ട് മേഖല തകർച്ചയുടെ വക്കിലാണെന്നാണ് ലോറി ഉടമകൾ വേവലാതിപ്പെടുന്നത്.

സംസ്ഥാനത്തെ കർഷകരുടെ അവസ്ഥയാണ് തങ്ങളും നേരിടുന്നതെന്നാണ് ഇവരും പറയുന്നത്. ചെറുകിട വ്യവസായങ്ങൾ അടച്ചു പൂട്ടിയതോടെ നിരവധി പേർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതോടെ ജനങ്ങളുടെ വാങ്ങൽ ശേഷിയിലും വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്.

നഗരത്തിലെ നിരവധി ഹോട്ടലുകളാണ് ചിലവ് ചുരുക്കലിന്റെ ഭാഗമായി ജീവനക്കാരെ കുറച്ചും വിഭവങ്ങൾ ലഘൂകരിച്ചും അതിജീവനത്തിനായി പാട് പെടുന്നത്.

ഊബർ, ഓലെ തുടങ്ങിയ ഓണ്‍ലൈന്‍ ടാക്സികൾക്കും വരുമാനത്തിൽ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ചിലവ് ചുരുക്കലിന്റെ ഭാഗമായി കൂടുതൽ യാത്രക്കാർ ലോക്കൽ ട്രെയിൻ സർവീസുകളെയും ബസ്സുകളെയും ആശ്രയിക്കാൻ തുടങ്ങി. പി എം സി ബാങ്ക് പ്രതിസന്ധിയിൽ നിരവധി നിക്ഷേപകരാണ് അനശ്ചിതത്തിലായത്. ബാങ്കുകളിലുള്ള ജനങ്ങളുടെ വിശ്വാസം കെടുത്തുന്നതായിരുന്നു റിസർവ് ബാങ്ക് നടപടി.

കടുത്ത മാനസിക സമ്മർദ്ദത്തിലായ മൂന്ന് നിക്ഷേപകരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ നിസംഗത പുലർത്തുന്നത് വലിയ പ്രതിഷേധമാണ് ഉയർത്തിയിരിക്കുന്നത്. പണക്കൊഴുപ്പിന്റെ പിൻബലത്തിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ബി ജെ പി സർക്കാർ ജനകീയ വിഷയങ്ങൾ അഭിസംബോധന ചെയ്യുന്നതിൽ തികച്ചും പരാജയമാണെന്നാണ് പരക്കെ പരാതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News