എംജി: ആരുടേയും സഹായം തേടിയിട്ടില്ല, മാധ്യമങ്ങളുടേത് പച്ചക്കള്ളം: ജീവിക്കാന്‍ അനുവദിക്കണമെന്നും വിദ്യാര്‍ത്ഥിനി

കോട്ടയം: ഒരു മാര്‍ക്കിന് ഒരു പേപ്പര്‍ ലഭിക്കാതെ വരികയും മറ്റെല്ലാ സാധ്യതകളും അടയുകയും ചെയ്തപ്പോഴാണ് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അപേക്ഷ നല്‍കിയതെന്ന് അദാലത്തില്‍ പങ്കെടുത്ത ബിടെക് വിദ്യാര്‍ഥിനി.

ഇതിനായി ആരുടേയും സഹായം തേടിയിട്ടില്ല. മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് പച്ചക്കള്ളമാണ്. താന്‍ മന്ത്രിയുടെ സെക്രട്ടറിയുടെ അയല്‍ക്കാരിയാണെന്നും ഏതോ സിന്‍ഡിക്കറ്റ് അംഗത്തിന്റെ ബന്ധുവാണെന്നുമുള്ള പ്രചാരണങ്ങള്‍ എന്തൊക്കെയോ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്നും വിദ്യാര്‍ഥിനി പറയുന്നു.

ഭാവി നശിക്കുന്ന സാഹചര്യം ഉണ്ടായപ്പോഴാണ് അദാലത്തില്‍ അപേക്ഷനല്‍കിയത്. ആരും സഹായത്തിനുണ്ടായില്ല. ആകെയുള്ള 56 പേപ്പറില്‍ 55ലും വിജയിച്ചു. ആറാം സെമസ്റ്ററിലെ ഒരു പേപ്പറിന് ഒരു മാര്‍ക്കിന് തോറ്റു. ഇത് വല്ലാതെ നിരാശപ്പെടുത്തി.

രണ്ടര ലക്ഷം രൂപ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുണ്ട്. പലിശയ്ക്ക് കടംവാങ്ങിയ തുക ഇതില്‍കൂടുതല്‍ വരും. സ്വന്തമായി ഒരുസെന്റ് ഭൂമിയോ വീടോ ഇല്ല. വാടകവീട്ടിലാണ് താമസം. രോഗിയായ അച്ഛന് ജോലിക്ക് പോകാനാകില്ല.

ഒരുമാര്‍ക്കുകൂടി ലഭിച്ച് കോഴ്സ് പാസായാല്‍ എന്തെങ്കിലും ജോലി ലഭിക്കുമെന്ന അവസാനത്തെ പ്രതീക്ഷയുമായി കഴിയുമ്പോഴാണ് അദാലത്ത് വിവരം പത്രത്തില്‍ നിന്നറിയുന്നത്. ഉടന്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കി. ആരുടെയും ശുപാര്‍ശയ്ക്ക് പോയില്ല.

പാവപ്പെട്ട തങ്ങളുടെ കുടുംബത്തിന് ഉന്നതരുമായി ബന്ധവും ഇല്ല. അനാവശ്യ പ്രചാരണങ്ങളിലും വിവാദങ്ങളിലും ദുഃഖമുണ്ടെന്നും തന്നെ ജീവിക്കാന്‍ അനുവദിക്കണമെന്നും വിദ്യാര്‍ഥിനി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News