മഞ്ചേശ്വരത്തെ പ്രചാരണം അവസാന ലാപ്പിലേക്ക് കടക്കുമ്പോൾ ജന പിന്തുണയിൽ ഒന്നാമനായി എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെയാണ് നേതാക്കളും മന്ത്രിമാരും പങ്കെടുക്കുന്ന എൽ ഡി എഫിന്റെ കുടുബയോഗങ്ങളിൽ ആളുകൾ എത്തുന്നത്.

അതേ സമയം കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള മുന്നൊരുക്കങ്ങൾ മുന്നണികൾ ആരംഭിച്ചു. മുസ്ലിം ലീഗിന്റെയും ബി ജെ പി യുടെയും കോട്ടകളിൽ കടന്ന് കയറിയാണ് മഞ്ചേശ്വരത്ത് ശങ്കർ റൈ മാസ്റ്ററുടെ മുന്നേറ്റം.

സ്ഥാനാർത്ഥിയുടെ സ്വീകര പരിപാടികളിലും കുടുംബ യോഗങ്ങളിലുമെല്ലാം മികച്ച ജന പങ്കാളിത്തം.സർക്കാരിന്റെ വികസന നേട്ടങ്ങൾ പറഞ്ഞും വർഗീയതയെ എതിർത്തും മുസ്ലിം ലീഗിന്റെ ന്യൂന പക്ഷ വഞ്ചന തുറന്ന് കാട്ടിയുമാണ് എൽ ഡി എഫ് പ്രചാരണം.

മുൻകാലങ്ങളിൽ എൽ ഡി എഫിന് കടന്നു ചെല്ലാൻ കഴിയാത്ത സ്ഥലങ്ങളിലെല്ലാം ഇത്തവണ ചെങ്കൊടി പാറുന്നു. എൽ ഡി എഫ് സ്ഥാനാർഥി ശങ്കർ റൈ മാസ്റ്റർ നടത്തിയ അപ്രതീക്ഷിത മുന്നേറ്റത്തിൽ പരിഭ്രാന്തിയിലാണ് യു ഡി എഫ്,എൻ ഡി എ ക്യാമ്പുകൾ.

പ്രചാരണം അവസാനിക്കാൻ ഒരു ദിനം മാത്രം അവശേഷിക്കെ പ്രവർത്തകർക്ക് പരമാവധി ആവേശം പകർന്ന് നൽകാനുള്ള ശ്രമത്തിലാണ് നേതാക്കൾ.കൊട്ടിക്കലാശം ആഘോഷമാക്കാനുള്ള മുന്നൊരുക്കങ്ങളും മുന്നണികൾ ആരംഭിച്ചു കഴിഞ്ഞു.