സംസ്ഥാന ചലച്ചിത്രപുരസ്‌കാര ജേതാവ് ടി.ദീപേഷിന്റെ കറുപ്പ് 25ാമത് കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് തെരഞ്ഞെടുത്തു. നവംബര്‍ 8 മുതല്‍ 15 വരെ നടക്കുന്ന ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.

കാനഡയിലെ ടോറന്റോയില്‍ നടക്കുന്ന നേപ്പാള്‍ കള്‍ച്ചറല്‍ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിലേക്കും മത്സരവിഭാഗത്തിലേക്ക് ചിത്രം തെരഞ്ഞെടുത്തിട്ടുണ്ട്. നവംബര്‍ 23 മുതല്‍ 27 വരെയാണ് ടോറന്റോ ഫെസ്റ്റിവല്‍. ഭൂട്ടാനില്‍ നടന്ന ഡ്രൂക്ക് ഇന്റര്‍ നാഷനല്‍ ഫെസ്റ്റിവലില്‍ നേരത്തെ മികച്ച കുട്ടികളുടെ ചിത്രമായി കറുപ്പ് തെരഞ്ഞെടുത്തിരുന്നു.

കറുത്ത മനുഷ്യരോടുളള പൊതുസമൂഹത്തിന്റെ മനോഭാവം തുറന്ന് കാണിക്കുന്ന കറുപ്പ് നിര്‍മ്മിച്ചത് കണ്ണൂര്‍ വേങ്ങാട് ഇ.കെ.നായനാര്‍ സ്മാരക ഹയര്‍സെക്കണ്ടറി സ്‌കൂളിലെ കുട്ടികളാണ്. മലയാളികളുടെ മനസിലേക്ക് വീണ്ടും കുടിയേറുന്ന ജാതിവെറിയുടെ നേര്‍ക്കാണ് കറുപ്പിന്റെ പ്രമേയം വിരല്‍ ചൂണ്ടുന്നത് .

സിനിമയിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ആദിവാസി ബാലനായ നന്ദനാണ്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് കുട്ടികള്‍ സിനിമ നിര്‍മ്മിച്ചത്.

ടി ദീപേഷും ഡോ. ജിനേഷ് കുമാര്‍ എരമവും ചേര്‍ന്നാണ് തിരക്കഥ രചിച്ചത്. വിഷ്ണു ആര്‍ ആര്‍ ക്യാമറയും ബിബിന്‍ അശോക് സംഗീതവും അരുണ്‍ വര്‍മ്മ അനൂപ് എന്നിവര്‍ ശബ്ദമിശ്രണവും ചെയ്യുന്നു. ജിയോ തോമസ് എഡിറ്റിംഗ്.