എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിനെതിരെ അന്വേഷണവുമായി സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റര്‍ കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസിലെത്തി. കരാര്‍ കമ്പനിക്ക് സഹായമായി വഴിവിട്ട രീതിയില്‍ ധന സഹായം നല്‍കിയെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാരാണ് മേയര്‍ സൗമിനി ജെയിനും ഡെപ്യൂട്ടി മേയര്‍ ടി ജെ വിനോദിനുമെതിരെ പരാതി നല്‍കിയത്.

കൊച്ചി കോര്‍പ്പറേഷനില്‍ എത്തി രേഖകള്‍ പരിശോധിച്ച അന്വേഷണ സംഘം കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തി. പശ്ചിമ കൊച്ചിയിലെ തുരുത്തി കോളനിയില്‍ 198 കുടുംബങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ കരാറിലാണ് വ്യാപക ക്രമക്കേട് നടന്നിരിക്കുന്നത്.

2019 ഫെബ്രുവരി മാസം രണ്ട് വര്‍ഷത്തെ നിര്‍മാണ കാലാവധി കരാര്‍ പ്രകാരം കഴിഞ്ഞിട്ടും 9 നിലകളില്‍ ഒരു നിലയുടെ നിര്‍മാണം പോലും പൂര്‍ത്തിയായിട്ടില്ല. ആദ്യ ഘട്ടത്തില്‍ 14 കോടി രൂപയ്ക്കാണ് ടെന്‍ഡര്‍ വിളിച്ചതെങ്കില്‍ പുതിയ ടെന്‍ഡര്‍ തുകയില്‍ 20 ശതമാനത്തിലധികം വര്‍ധന ഉണ്ട്.

കൊച്ചി കോര്‍പ്പറേഷന്‍ ഓഫീസില്‍ എത്തിയ സംസ്ഥാന പെര്‍ഫോമന്‍സ് ഓഡിറ്റര്‍ ഓഫീസ് അഡീഷനല്‍ സെക്രട്ടറി ബിജു കുട്ടന്‍, സെക്ഷന്‍ ഓഫീസര്‍ ബിനോയ് മാത്യു, അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസര്‍ കൃഷ്ണ കുമാര്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം രേഖകള്‍ പരിശോധിക്കുകയും കൗണ്‍സിലര്‍മാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. എന്നാല് പ്രതിസന്ധിയിലായ യുഡിഎഫ് നേതൃത്വം വിഷയത്തില്‍ മൗനം തുടരുകയാണ്.

വിഷയത്തില്‍ പ്രതികരിക്കാന്‍ ഇല്ലെന്നാണ് ഇത് സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹ്നാന്‍ നല്‍കിയ മറുപടി. സിഡ്‌കോ എന്ന കമ്പനിയുടെ അപേക്ഷ ആദ്യ ടെന്‍ഡറില്‍ തള്ളിയ കോര്‍പ്പറേഷന്‍ പുതിയ ടെന്‍ഡര്‍ സിഡ്‌ക്കോയ്ക്ക് അനുകൂലമായി മാറ്റി തയ്യാറാക്കുകയായിരുന്നു.

കരാര്‍ പ്രകാരം ജോലി പൂര്‍ത്തിയാക്കിയ ശേഷം മാത്രം തിരിച്ച് നല്‍കേണ്ട കമ്പനിയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് കൗണ്‍സിലിന്റെ അനുമതി ഇല്ലാതെ മടക്കി നല്‍കിയതും മേയര്‍ സൗമിനി ജെയിനും ഡെപ്യൂട്ടി മേയറും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി ജെ വിനോദും ചേര്‍ന്നാണ്.