സ്പാനിഷ് ലീഗ് ഫുട്ബോളായ ലാ ലീഗയിലെ വന്‍ ശക്തികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഏറ്റുമുട്ടുന്ന എല്‍ ക്ലാസിക്കോ കാറ്റാലന്‍ സ്വാതന്ത്ര്യ പ്രക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ മാറ്റിവെച്ചു. ഈ മാസം 26-ന് ബാഴ്സലോണയുടെ സ്വന്തം മൈതാനമായ നൗക്യാമ്പില്‍ നടക്കേണ്ടിയിരുന്ന സീസണിലെ ആദ്യ എല്‍ ക്ലാസിക്കോയാണ് മാറ്റിവെച്ചത്.

ഫുട്‌ബോള്‍ മൈതാനങ്ങളെ തീ പിടിപ്പിക്കുന്ന, ചിരവൈരികളായ റയല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മിലുള്ള പോരാട്ടം കാത്തിരിക്കുന്ന നിരവധി ഫുട്ബോള്‍ പ്രേമികളെ നിരാശരാക്കുന്ന റിപ്പോര്‍ട്ടുകളാണ് പ്രക്ഷോഭത്തെ തുടര്‍ന്ന് സ്പെയിനില്‍ നിന്ന് വരുന്നത്.

2017-ല്‍ കാറ്റലോണിയ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കാന്‍ മുന്‍കൈയെടുത്ത മുന്‍ കാറ്റലോണിയന്‍ വൈസ് പ്രസിഡന്റ് ഓറിയോള്‍ ഹാന്‍ക്വാറാസ് അടക്കമുള്ള 13 കാറ്റലോണിയന്‍ നേതാക്കളെ രാജ്യദ്രോഹക്കുറ്റത്തിന് ശിക്ഷിച്ചുകൊണ്ട് സ്പാനിഷ് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധിപുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാറ്റലോണിയയില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറിയത്. പല സ്ഥലങ്ങളിലും പൊലീസും പ്രതിഷേധക്കാരും തമ്മിലേറ്റുമുട്ടി, കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഗതാഗതവും നിലച്ചു. വാഹനം ലഭിക്കാത്തതിനെ തുടര്‍ന്ന്
ബാഴ്‌സാതാരം വിമാനത്താവളത്തില്‍ നിന്ന് നടന്നുപോകുന്ന ഫൊട്ടോ കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. നഗരത്തില്‍ പ്രക്ഷോഭങ്ങള്‍ കരുത്താര്‍ജ്ജിച്ചുകൊണ്ടിരിക്കെ ബാഴ്‌സലോണ നേരിടാന്‍ പോകുന്ന പ്രതിസന്ധികള്‍ എന്തൊക്കെയാകുമെന്ന് വിളിച്ചോതുന്നതായിരുന്നു ആ ചിത്രം.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഈ മാസം 26-ന്, എല്‍ ക്ലാസിക്കോ ദിവസം തന്നെ പ്രതിഷേധക്കാര്‍ ബാഴ്‌സലോണ നഗരത്തില്‍ റാലി നടത്തുന്നുണ്ട്. ഇതിനെത്തുടര്‍ന്നാണ് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ മത്സരം മാറ്റിവെയ്ക്കാമെന്ന് തീരുമാനിച്ചത്. മത്സരം ഡിസംബര്‍ 16 ലേക്ക് മാറ്റാമെന്ന ഫെഡറേഷന്റെ നിര്‍ദേശത്തോട് ലാ ലിഗ അധികൃതര്‍ അനുകൂല നിലപാടല്ല സ്വീകരിച്ചത്.

അതേസമയം മത്സരം മാറ്റിവെയ്ക്കാതെ ബാഴ്സലോണയുടെ ഹോം ഗ്രൗണ്ടില്‍ നിന്ന് റയലിന്റെ മൈതാനത്ത് നടത്തണമെന്ന നിര്‍ദേശവും ഫെഡറേഷന്റെ മുന്നിലുണ്ട്. ബാഴ്സ പരിശീലകന്‍ ഏര്‍ണസ്റ്റോ വാല്‍വെര്‍ദെയാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്.

വെറുമൊരു കായികമത്സരം എന്നതിനപ്പുറം രാഷ്ട്രീയവും സാംസ്‌കാരികവുമായ പല മാനങ്ങളുണ്ട് എല്‍ ക്ലാസിക്കോയ്ക്ക്. സ്‌പെയിനില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച കാറ്റലോണിയ 1978 മുതല്‍ സ്വതന്ത്ര ഭരണസംവിധാനമുള്ള പ്രദേശമാണ്. അതേസമയം കാറ്റലോണിയന്‍ ദേശീയതയെ സ്‌പെയിനിന് കീഴില്‍വരുന്ന വിഭിന്ന ദേശീയതയായാണ് സ്പാനിഷ് ഭരണഘടന നിര്‍വചിക്കുന്നത്. ഇക്കാര്യങ്ങളെല്ലാം എക്കാലത്തും ഫുട്ബോളിലും പ്രതിഫലിച്ചിട്ടുണ്ട്. ലാ ലീഗയിലെ ഏറ്റവും വാശിയേറിയ മത്സരമായി റയല്‍ – ബാഴ്‌സലോണാ പോരാട്ടങ്ങള്‍ മാറിയതിന് ഇതും ഒരുകാരണമായി.

കാറ്റാലന്‍ ദേശീയതാ പ്രക്ഷോഭങ്ങളോട് ചേര്‍ന്ന് നില്‍ക്കുന്ന നിലപാടാണ് ബാഴ്‌സലോണ എക്കാലത്തും സ്വീകരിച്ചിട്ടുള്ളത്. തങ്ങളുടെ അഭിപ്രായങ്ങള്‍ തുറന്നുപറയുന്നതില്‍ ബാഴ്‌സ താരങ്ങളും മടികാണിക്കാറില്ല. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡിനെ പ്രതിനിധാനം ചെയ്യുന്ന ക്ലബാണ് റയല്‍. ബാഴ്‌സലോണയാകട്ടെ സ്‌പെയിനില്‍ നിന്ന് വിമോചനം ആവശ്യപ്പെടുന്ന കാറ്റലോണിയ എന്ന പ്രദേശത്തെ പ്രതിനിധീകരിക്കുന്നവരും.

റയലിന്റെ മൈതാനമായ സാന്റിയാഗോ ബെര്‍ണബുവില്‍ സ്പാനിഷ് ദേശീയത മുഴങ്ങുമ്പോള്‍ സ്പാനിഷ് വിരുദ്ധ മുദ്രാവാക്യങ്ങളും കാറ്റലോണിയന്‍ ദേശീയതയുമാണ് ബാഴ്‌സലോണയുടെ ക്യാമ്പ് ന്യൂ സ്റ്റേഡിയത്തിന്റെ ഗ്യാലറികളില്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. സ്പെയിനിനോടുള്ള ഭിന്നാഭിപ്രായങ്ങള്‍ എക്കാലത്തും കാറ്റലന്‍ ഫുട്ബോളിന്റെ ഭാഗമായിരുന്നു.