തന്റെ കുടുംബജീവിതത്തിലെ പൊരുത്തകേടുകളും അസ്വാരസ്യങ്ങളും തുറന്നുപറഞ്ഞ് നടന്‍ സായ്കുമാര്‍. വ്യക്തി ജീവിതത്തില്‍ താന്‍ ഏറ്റവും കൂടുതല്‍ വേദനിക്കേണ്ടി വന്ന സാഹചര്യവും അദ്ദേഹം തുറന്നു പറഞ്ഞു.

‘ഒന്നുമില്ലായിമയില്‍ നിന്നും തുടങ്ങി കഷ്ടപ്പെട്ടത് മുഴുവനും അവര്‍ക്കും മോള്‍ക്കും വേണ്ടി മാത്രമായിരുന്നു. മോളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് അച്ഛന്റെ കടമയാണ്. സന്തോഷത്തോടെയാണ് എനിക്കുള്ളതെല്ലാം അവര്‍ക്ക് നല്‍കിയത്. പിന്നീടു മോളും എന്നെ കുറ്റപ്പെടുത്തി സംസാരിച്ചു എന്നുകേട്ടപ്പോള്‍ വലിയ വിഷമമായി. ഞാന്‍ തിരുത്താനും പോയില്ല.

അവളുടെ വിവാഹാലോചനയും നിശ്ചയവും ഒന്നും അറിയിച്ചില്ല. ഞാനില്ലാത്ത ഒരു ദിവസം വിവാഹം ക്ഷണിക്കാന്‍ മോള്‍ ഫ്‌ലാറ്റില്‍ വന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്‌സ് ആപ്പില്‍ ഒരു മെസേജും വന്നു. മകളുടെ വിവാഹം അച്ഛനെ അങ്ങനെയാണല്ലോ അറിയിക്കേണ്ടത്. അതിഥികള്‍ക്കൊപ്പം ഒരാളായി പങ്കെടുക്കേണ്ടതല്ലല്ലോ, മകളുടെ വിവാഹം. അതുകൊണ്ട് പോയില്ല”, സായ്കുമാര്‍ പറഞ്ഞു.

നാടകനടിയും ഗായികയുമായിരുന്ന കൊല്ലം സ്വദേശിനി പ്രസന്നകുമാരിയായിരുന്നു സായ്കുമാറിന്റെ ആദ്യ ഭാര്യ. പ്രൊഫഷണല്‍ നാടകങ്ങളില്‍ അഭിനയിക്കുന്ന കാലത്താണ് പ്രസന്നകുമാരിയുമായി സായ്കുമാര്‍ അടുക്കുന്നത്. ആ പ്രണയം വിവാഹത്തിലെത്തുകയായിരുന്നു. വൈഷ്ണവിയാണ് മകള്‍.

സായ്കുമാറിനൊപ്പമാണ് ബിന്ദു പണിക്കരും മകള്‍ അരുന്ധതിയും. ബിന്ദു പണിക്കറുടെ ആദ്യവിവാഹത്തിലെ മകളാണ് അരുന്ധതി. അരുന്ധതിയുടെ അച്ഛന്‍ 2003ലാണ് മരിക്കുന്നത്. 2009ലായിരുന്നു സായ്കുമാറും ബിന്ദു പണിക്കറും വിവാഹിതരായത്.