കാല്‍പ്പന്തുകളിയുടെ ആരവമുണര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് നാളെ തുടക്കം

കാല്‍പ്പന്തുകളിയുടെ ആരവങ്ങളും ആവേശവുമുയര്‍ത്തി ഐഎസ്എല്‍ ആറാം സീസണിന് കൊച്ചിയില്‍ നാളെ തുടക്കമാകും.

മലയാളികളുടെ അഹങ്കാരമായ കേരള ബ്ലാസ്റ്റേ‍ഴ്സും കരുത്തരായ എടികെയും തമ്മിലാണ് ഉദ്ഘാടന മത്സരം. നൈജീരിയന്‍ സൂപ്പര്‍ താരം ബാര്‍ത്തലോമി ഒഗ്ബച്ചെയുടെ നായകത്വത്തില്‍ അടിമുടി മാറിയ മഞ്ഞപ്പട വന്‍തിരിച്ചുവരവ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

നിറംകെട്ട സീസണുകള്‍ ഇനി മറക്കാം. ബ്ലാസ്റ്റേ‍ഴ്സിന് ഇത് ആറാം പൂരമാണ്. വീണ്ടുമൊരു ഫുട്ബോള്‍ ആരവത്തിന് കലൂര്‍ സ്റ്റേഡിയം സാക്ഷ്യം വഹിക്കുമ്പോള്‍ മഞ്ഞക്കടല്‍ ആര്‍ത്തിരമ്പും. ശക്തരായ എടികെയുമായാണ് ബ്ലാസ്റ്റേ‍ഴ്സ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്.

2014ലും 16ലും ബ്ലാസ്റ്റേ‍ഴ്സിനെ പരാജയപ്പെടുത്തി കപ്പടിച്ച എടികെയെ സ്വന്തം മണ്ണില്‍ തറപറ്റിച്ച് അങ്കം കുറിക്കാനുളള തയ്യാറെടുപ്പിലാണ് മഞ്ഞപ്പട.

നോര്‍ത്ത് ഈസ്റ്റിനെ പ്ലേ ഓഫിലെത്തിച്ച ഡച്ച് പരിശീലകന്‍ എല്‍കോ ഷട്ടോരിയുടെ തന്ത്രങ്ങള്‍ കാത്തിരിക്കുകയാണ് ആരാധകര്‍. അടിമുടി മാറിയ തിളക്കത്തോടെയാണ് നൈജീരിയന്‍ താരം ബാര്‍ത്തലോമി ഒഗ്ബെച്ചയുടെ നായകത്വത്തില്‍ മഞ്ഞപ്പടയുടെ പുലിക്കുട്ടികള്‍ നാളെ കളത്തിലിറങ്ങുന്നത്.

മധ്യനിരയില്‍ സ്പാനിഷ് കളിയ‍ഴകുമായി സിഡോഞ്ചയെയും മാരിയോയെയും. സഹല്‍ അബ്ദു‍ള്‍ സമദും കെ പി രാഹുലും മുഹമ്മദ് റാഫിയടക്കമുളള കേരളത്തിന്‍റെ ആറ് യുവത്വങ്ങള്‍.

ബ്രസീലിയന്‍ താരം ജൈറോ റോഡ്രിഗ്സിനെയും ഡച്ച് താരം ജിയാനി സൂവര്‍ലൂണിനെയും ജംഷദ്പൂര്‍ എഫ്സിയില്‍ നിന്നും ചേക്കേറിയ രാജു ഗെയ്ക്വാദ് അടക്കമുളള പ്രതിരോധ നിരയുമെല്ലാം ക‍ളത്തിലിറങ്ങുമ്പോള്‍ ബ്ലാസ്റ്റേ‍ഴ്സ് ഇത്തവണ കലിപ്പ് തീര്‍ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ബ്ലാസ്റ്റേ‍ഴ്സിന്‍റെ ഔദ്യോഗിക ഭാഗ്യചിഹ്നമായി കുട്ടിയാനയുടെ രൂപത്തിലുളള കേശുവിനെ അവതരിപ്പിച്ചു.

ഞായറാ‍ഴ്ച കൊച്ചിയില്‍ നടക്കുന്ന ബ്ലാസ്റ്റേ‍ഴ്സ്- എടികെ മത്സരം കാണാന്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ മുന്‍ നായകന്‍ ഗാംഗുലിയും ഉണ്ടായേക്കും.

ആദ്യമത്സരത്തിനുളള ഗ്യാലറി ടിക്കറ്റുകളെല്ലാം നേരത്തേ തന്നെ വിറ്റ് തീര്‍ന്നു. ആറാം സീസണിലും പത്ത് ടീമുകള്‍ തന്നെയാണ് ഏറ്റുമുട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News