ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്തിന് രണ്ടുനാള്‍മാത്രം ശേഷിക്കെ തീപാറുന്ന വാക്പ്പോരും വീറും വാശിയും വാദപ്രതിവാദങ്ങളും ചേര്‍ന്ന് ഇഞ്ചോടിഞ്ച് പോരാട്ടം. വട്ടിയൂര്‍ക്കാവുമുതല്‍ മഞ്ചേശ്വരംവരെ അതിശക്തമായ മത്സരമാണ്. പരസ്യപ്രചാരണത്തിന് ഇന്ന് കലാശക്കൊട്ടാകുമ്പോള്‍ നിര്‍ണായക വിധിയെഴുത്തിന്റെ ആവേശത്തിലാണ് കേരളം.

ജാതിരാഷ്ട്രീയം കേന്ദ്രീകരിച്ച് യുഡിഎഫും അതിനെതിരെ രൂക്ഷവിമര്‍ശവുമായി എല്‍ഡിഎഫും രംഗത്തുവന്നു. എന്‍എസ്എസ് പരസ്യമായി യുഡിഎഫിന് വോട്ട് തേടിയതിനെതിരെ സിപിഐ എം തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കി. ഊര്‍ധശ്വാസം വലിക്കുന്ന യുഡിഎഫിനെ വെന്റിലേറ്ററില്‍ കിടത്താനുള്ള ശ്രമത്തിലാണ് എന്‍എസ്എസ് നേതൃത്വമെന്ന് കോടിയേരി ബാലകൃഷ്ണന്‍ ആഞ്ഞടിച്ചു.

ജാതിപറഞ്ഞ് വോട്ട് പിടിക്കുന്നതിനെതിരെ നടപടി എടുക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ മുന്നറിയിപ്പ് ശ്രദ്ധേയമാണ്. സാമുദായിക ഭിന്നതയുണ്ടാക്കാനുള്ള യുഡിഎഫ് നീക്കത്തെ ഭരണപരിഷ്‌കാര കമീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദനും രൂക്ഷമായി വിമര്‍ശിച്ചു.

ശബരിമല വിഷയവും വിശ്വാസസംരക്ഷണവും എടുത്തിട്ട് ആക്രമിക്കാനുള്ള യുഡിഎഫ് ശ്രമത്തെ അതേ നാണയത്തില്‍ എല്‍ഡിഎഫ് പ്രതിരോധിച്ചു. വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണിതെന്ന് മുഖ്യമന്ത്രി അഞ്ച് മണ്ഡലത്തിലും ആവര്‍ത്തിച്ച് വ്യക്തമാക്കി.

ശബരിമല വികസനത്തിനായി ചെലവിട്ട തുകയുടെ കണക്ക് നിരത്തി മുഖ്യമന്ത്രിയും ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനും ആക്രമണത്തിന്റെ കുന്തമുന തിരിച്ചതോടെ യുഡിഎഫിനും ബിജെപിക്കും പിടിവള്ളി നഷ്ടമായി. ശബരിമലയ്ക്ക് ചെലവിട്ട തുകയുടെ വിശദമായ കണക്ക് ചോദിച്ചത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കുമ്മനം രാജശേഖരനുമായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ കൃത്യമായ കണക്ക് വെളിപ്പെടുത്തി.

എംജി സര്‍വകലാശാല ബിടെക് പരീക്ഷയ്ക്ക് മോഡറേഷന്‍ നല്‍കിയതിന്റെ പേരിലായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസങ്ങളില്‍ സര്‍ക്കാരിനെതിരെ തിരിഞ്ഞത്. എന്നാല്‍, ചെന്നിത്തലയുടെ മകന് സിവില്‍ സര്‍വീസ് പരീക്ഷയുടെ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചതെങ്ങനെ എന്ന ചോദ്യം കുറിക്കുകൊണ്ടു. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്തും എംജി സര്‍വകലാശാലയില്‍ അദാലത്ത് നടത്തിയിട്ടുണ്ടെന്ന വിവരംകൂടി പുറത്തുവന്നതോടെ ചെന്നിത്തല ശരിക്കും പ്രതിരോധത്തിലായി.

സിറ്റിങ് സീറ്റുകളില്‍പ്പോലും കടുപ്പമേറിയ മത്സരമാണ് യുഡിഎഫ് നേതൃത്വത്തിനുള്ള ആധി. വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് ജാതിക്കാര്‍ഡ് തിരിച്ചടിക്കുമോയെന്ന ഭയവും യുഡിഎഫിന് കലശലാണ്. പാലായുടെ തനിയാവര്‍ത്തനം അഞ്ചിടത്തും അരങ്ങേറുമോ എന്നാണ് ഉമ്മന്‍ചാണ്ടിയെയും മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും അലട്ടുന്നത്.

കഴിഞ്ഞ തവണ രണ്ട് മണ്ഡലത്തില്‍ രണ്ടാംസ്ഥാനത്ത് വന്ന ബിജെപിയുടെ ആപല്‍ശങ്ക സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള തുറന്നു പറഞ്ഞിട്ടുണ്ട്. വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും ബിജെപി യുഡിഎഫുമായി വോട്ടുമറിക്കല്‍ ധാരണയിലാണെന്ന ആരോപണവും ശക്തമാണ്.