കോന്നിയില്‍ ജനമനസ്സുകള്‍ കീഴടക്കി കെ യു ജനീഷ് കുമാര്‍; കൊട്ടിക്കലാശം ഇന്ന്

20 ദിവസം നീണ്ടു നിന്ന പ്രചരണത്തിന് ഒടുവില്‍ കോന്നിയില്‍ ഇന്ന് കൊട്ടിക്കലാശം. നാളിതുവരെയുള്ള കോന്നിയുടെ ചരിത്രത്തിലെ ഏറ്റവും വീറും വാശിയുമുള്ള തെരഞ്ഞെടുപ്പ് പ്രചരണത്തിനാണ് മൂന്ന് മുന്നണികളും നേതൃത്വം നല്‍കിയത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളില്‍ ഊന്നി എല്‍ഡിഎഫ് വോട്ട് ചോദിക്കുമ്പോള്‍ ശബരിമല അടക്കമുള്ള വൈകാരിക വിഷയങ്ങളാണ് യുഡിഎഫും ബിജെപിയും ഉന്നയിച്ചത്.

കോന്നിയെ ഉപേക്ഷിച്ച് ആറ്റിങ്ങലിലേക്ക് പോയ അടൂര്‍ പ്രകാശ് ആറ്റിങ്ങല്‍ നിന്നും എംപി ആയി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് കോന്നിയില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. നീണ്ട ഇരുപത്തിമൂന്ന് വര്‍ഷക്കാലം കോന്നിയുടെ എംഎല്‍എ ആയിരുന്ന അടൂര്‍ പ്രകാശ് മാറിയതോടെ ഈ മണ്ഡലം പിടിച്ചെടുക്കാന്‍ എല്‍ഡിഎഫും നിലനിര്‍ത്താന്‍ യുഡിഎഫും തമ്മില്‍ പൊരിഞ്ഞ പോരാട്ടത്തിലാണ്.

യുവജന നേതാവിന്റെ സ്ഥാനാര്‍ഥിത്വം ആദ്യം പ്രഖ്യാപിക്കുക വഴി മണ്ഡലത്തില്‍ ആദ്യ റൗണ്ടില്‍ തന്നെ ഇടതുമുന്നണി മുന്നില്‍ വന്നു. കാല്‍നൂറ്റാണ്ടിലെ ഏറ്റവും അടുക്കും ചിട്ടയും ഉയര്‍ന്ന പ്രവര്‍ത്തനമാണ് ഇടതുമുന്നണി ഇത്തവണ സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ആയിരുന്നു പ്രധാനമായും ഇടതുമുന്നണി ഉയര്‍ത്തി കാണിച്ചത്. കോന്നി നിവാസിയായ യുവജന നേതാവ് ആണെന്ന പരിവേഷം കെ യു ജനീഷ് കുമാറിന് മണ്ഡലത്തില്‍ പൊതു സ്വീകാര്യത ലഭിച്ചു .

പ്രധാന എതിരാളിയായ യുഡിഎഫ് ക്യാംപ് ആദ്യം മുതല്‍ തന്നെ അന്തശ്ചിദ്രങ്ങളാല്‍ ആടിയുലഞ്ഞു. അടൂര്‍ പ്രകാശ് നിര്‍ദേശിച്ച സ്ഥാനാര്‍ഥിക്ക് സീറ്റ് ലഭിക്കാതിരുന്നത് തുടക്കത്തിലെ കല്ലുകടിയായി. പ്രവര്‍ത്തനങ്ങള്‍ പലപ്പോഴും താളം തെറ്റി. വിജയിച്ചാലും പരാജയപ്പെട്ടാലും അതിന് ഉത്തരവാദി അടൂര്‍പ്രകാശ് ആയിരിക്കുമെന്ന് കെപിസിസി അധ്യക്ഷനെ പ്രസ്താവന ഘട്ടത്തിലാണ് ഉണ്ടാവുന്നത്.

പിറവം പള്ളി തര്‍ക്ക കേസില്‍ യാക്കോബായ പക്ഷത്തിന് ഒപ്പമാണ് താന്‍ എന്ന് ഉറക്കെ പ്രഖ്യാപിച്ച യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നിലപാട് കൂനിന്മേല്‍ കുരുവായി. ഓര്‍ത്തഡോക്‌സ വിശ്വാസിയായ റോബിന്‍ പീറ്ററെ വെട്ടി എന്ന വില്ലന്‍ പരിവേഷവും , പ്രചരണ ഘട്ടത്തില്‍ ഇരുവരും നേരിട്ട് ഉരസിയതും മോഹന്‍രാജിന് പ്രതികൂല ഘടകങ്ങള്‍ ആണ്. നായര്‍ വോട്ടുകളിലാണ് കോണ്‍ഗ്രസ്സിന് കണ്ണ് . ശബരിമല സമരനായകന്‍ പരിവേഷത്തോടെ ബിജെപി അവതരിപ്പിച്ച കെ സുരേന്ദ്രന്‍ മറ്റു രണ്ടു മുന്നണികളെ കാള്‍ ബഹുദൂരം പിന്നിലാണ്.

തെരഞ്ഞെടുപ്പ് പ്രചരണം പൂര്‍ണ്ണമായും താളംതെറ്റിയ നിലയില്‍ ആയിട്ടും മെല്ലെപോകും ഉദാസീനതയും ബിജെപി ക്യാമ്പില്‍ നിലനില്‍ക്കുന്നു. പുറമേ നിന്നെത്തിയ പ്രവര്‍ത്തകരാണ് മിക്ക വീടുകളിലും സുരേന്ദ്രന്റെ പ്രചാരണ സാമഗ്രികള്‍ എത്തിച്ചത് എന്നത് ഗൗരവം വര്‍ധിപ്പിക്കുകയാണ്.

ഒരുവേള തന്നോടൊപ്പം സെല്‍ഫിയെടുക്കാന്‍ മാത്രമായി ആരും ഇങ്ങോട്ട് വരേണ്ടതില്ലെന്ന് സുരേന്ദ്രന്‍ തന്നെ ബിജെപി പ്രവര്‍ത്തകരോട് പറയേണ്ടിവന്നു. എന്നാല്‍ ശബരിമല അടക്കമുള്ള വിഷയങ്ങള്‍ തങ്ങളെ തുണയ്ക്കും എന്നാണ് ബിജെപി കരുതുന്നത്. 20 ദിവസം നീണ്ട് നിന്ന പ്രചാരണത്തിന്റെ ചൂട് ഇന്ന് വൈകിട്ട് ആറ് മണി വരെ നിലനിര്‍ത്താന്‍ ആവും മുന്നണികള്‍ ശ്രമിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News