എറണാകുളത്ത് തെരഞ്ഞടുപ്പിനായുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയുടെ പരസ്യപ്രചാരണത്തിന് ഇന്ന് സമാപനം

ഒരുമാസം നീണ്ട ആവേശകരമായ പരസ്യപ്രചാരണങ്ങള്‍ക്ക് സമാപനം കുറിച്ച് എറണാകുളം നിയമസഭാ മണ്ഡലത്തിനും ഇന്ന് കൊട്ടിക്കലാശം. നടന്‍ ഇന്നസെന്റ് ഉദ്ഘാടനം ചെയ്യുന്ന റോഡ് ഷോ മണ്ഡലങ്ങളിലൂടെ ചുറ്റി കലൂര്‍ ബസ്റ്റാന്‍ഡില്‍ എത്തിച്ചേരുന്നതോടെയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മനു റോയിയുടെ പരസ്യപ്രചാരണത്തിന് സമാപനമാവുക.

വീറും വാശിയും നിറഞ്ഞ പ്രചരണ പരിപാടികളും സംവാദങ്ങളും വാദപ്രതിവാദങ്ങളും തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ ജയം സുനിശ്ചിതമാക്കിയെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍. ഒരു മാസം നീണ്ട പരസ്യപ്രചരണത്തിന്റെ കലാശം ഇന്ന് കൊച്ചി നഗരത്തില്‍ കൊട്ടിക്കയറുമ്പോള്‍ ആവേശം വാനോളമുയരും.

കരുത്തുകാട്ടി വോട്ടര്‍മാരെ സ്വാധീനിക്കാനുളള തയ്യാറെടുപ്പിലാണ് പ്രമുഖ രാഷ്ട്രീയപാര്‍ട്ടികള്‍. നടനും മുന്‍ എംപിയുമായ ഇന്നസെന്റ് വാത്തുരുത്തിയില്‍ നിന്നാരംഭിക്കുന്ന റോഡ് ഷോ ഉദ്ഘാടനം ചെയ്യുന്നതോടെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മനു റോയിയുടെ കൊട്ടിക്കലാശത്തിന് തുടക്കമാകും.

കൊച്ചിയുടെ നഗരവീഥികളെ ചുവപ്പണിയിച്ച് കടന്നുപോകുന്ന റോഡ് ഷോ കലൂര്‍ സ്റ്റാന്‍ഡില്‍ എത്തിച്ചേരുന്നതോടെ ചെങ്കടലായി മാറും. യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദിന്റെ കൊട്ടിക്കലാശം എറണാകുളം ടൗണ്‍ ഹാളിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന്റെ കൊട്ടിക്കലാശം ഫാര്‍മസി ജംഗ്ഷനിലും നടക്കും.

വീടു കയറിയും തുറന്ന വാഹനത്തിലും വോട്ടര്‍മാരെ നേരില്‍ക്കണ്ട് പരമാവധി വോട്ടുറപ്പിക്കാനുളള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാര്‍ത്ഥികള്‍. അതേസമയം ഉപതെരഞ്ഞടുപ്പിനായുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായിക്കഴിഞ്ഞു. നാളെ പോളിംഗ് സാമഗ്രികളുടെ വിതരണം നടക്കും. വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News