ബിജെപിയെ ചെറുക്കാനാകുക കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രം; കോണ്‍ഗ്രസിന് ആശയ അടിത്തറ നഷ്ടമായി: പ്രകാശ് കാരാട്ട്

കേന്ദ്രത്തില്‍ ബിജെപിക്കെതിരെ യഥാര്‍ഥ ബദലൊരുക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രമേ സാധിക്കൂവെന്ന് പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ടി രൂപീകരണത്തിന്റെ നൂറാംവാര്‍ഷികത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യസമരകാലത്തുണ്ടായിരുന്ന ആശയപരമായ അടിത്തറ കോണ്‍ഗ്രസിന് നഷ്ടമായി. മോഡി– ഷാ ഭരണത്തിനെതിരായ ബദലൊരുക്കുക എന്ന ഉത്തരവാദിത്തം നിറവേറ്റാന്‍ കമ്യൂണിസ്റ്റ് പാര്‍ടിക്കുമാത്രമേ സാധിക്കൂ.

കര്‍ഷകരെയും തൊഴിലാളികളെയും വിദ്യാര്‍ഥികളെയും യുവജനങ്ങളെയും ബിജെപിക്കെതിരെ സജ്ജമാക്കാനുള്ള തീവ്രദൗത്യത്തിലാണ് സിപിഐ എം. കൊളോണിയലിസത്തിനെതിരായ ശക്തമായ പോരാട്ടം നടത്തിയതിന്റെ പാരമ്പര്യം കമ്യൂണിസ്റ്റ് പാര്‍ടിക്കുണ്ട്.

വലിയ വേട്ടയാടലുകളും നേരിടേണ്ടിവന്നു. നേതാക്കളെ കള്ളക്കേസില്‍ കുടുക്കി നിരന്തരം വേട്ടയാടി. എന്നാല്‍, അതുകൊണ്ടെന്നും അന്നും ഇന്നും കമ്യൂണിസ്റ്റ് മുന്നേറ്റം തടയാനായില്ല -കാരാട്ട് ചൂണ്ടിക്കാട്ടി.

ത്രിപുരയിലെ ബിജെപി സര്‍ക്കാര്‍ ഭീകരശക്തികള്‍ക്ക് സംസ്ഥാനത്ത് പിടിമുറുക്കാന്‍ അവസരമൊരുക്കുകയാണെന്നും സിപിഐ എം നേതാക്കളെ വ്യാപകമായി വേട്ടയാടുകയാണെന്നും മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ പറഞ്ഞു. ത്രിപുരയിലെ ജനവിരുദ്ധ സര്‍ക്കാരിനെതിരെ പോരാട്ടം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News