ഗോവിന്ദച്ചാമിക്കായി ഹാജരായ വക്കീലിനെ തന്റെ കേസ് വാദിക്കാന്‍ വേണ്ടെന്ന് കൂടത്തായി കൊലപാതകക്കേസിലെ മുഖ്യപ്രതി ജോളി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് ജോളി വാര്‍ത്താലേഖകരോട് ഇക്കാര്യം പറഞ്ഞത്.

സഹോദരന്‍ ഏല്‍പ്പിച്ചു എന്ന് പറഞ്ഞാണ് ബി എ ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ജയിലിലെത്തിയത്. ഇക്കാര്യം തനിക്ക് അറിയില്ലെന്നും ജോളി പറഞ്ഞു.

കേസില്‍ സൗജന്യമായി ഹാജരാകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ആളൂര്‍ സമീപിച്ചതെന്ന് ജോളി വെളിപ്പെടുത്തിയതായി അന്വേഷക സംഘത്തിലുള്ള ഒരു ഉദ്യോഗസ്ഥനും പറഞ്ഞു. മാധ്യമശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടിയാകാം ആളൂര്‍ കേസ് ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

ജോളിയെയും മറ്റ് പ്രതികളുടെയും കസ്റ്റഡി അപേക്ഷ നല്‍കിയ ദിവസമാണ് ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ ആദ്യമായി കോടതിയില്‍ എത്തിയത്. ഈ ദിവസം ജോളിക്ക് വേണ്ടി ആരും ഹാജരായിരുന്നില്ല.

പിന്നീട് ജയിലില്‍ എത്തിയാണ് ഇവര്‍ വക്കാലത്തില്‍ ഒപ്പിടുവിച്ചത്. സഹോദരന്‍ പറഞ്ഞിട്ടാണ് വക്കാലത്ത് ഏറ്റെടുക്കുന്നതെന്ന് പറഞ്ഞപ്പോള്‍ ജോളി ഒപ്പിട്ടു നല്‍കിയെന്നാണ് ഇവര്‍ അന്ന് പറഞ്ഞിരുന്നത്.

അതേസമയം, കോടതിയില്‍ ഹാജരാക്കിയ ജോളിയുമായി ആളൂരിന്റെ ജൂനിയര്‍ അഭിഭാഷകര്‍ വനിതാപൊലീസിന്റെ സാന്നിധ്യത്തില്‍ സംസാരിച്ചു. ജാമ്യാപേക്ഷയെക്കുറിച്ചും ആരോഗ്യകാര്യങ്ങളുമാണ് സംസാരിച്ചതെന്ന് അഭിഭാഷകര്‍ പറഞ്ഞു.