മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വോട്ടെടുപ്പ് തിങ്കളാഴ്ച്ച

രാജ്യം ഉറ്റ് നോക്കുന്ന നിര്‍ണ്ണായകമായ മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും. തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ്. രാജ്യത്തെ വലിയ നിയമസഭകളിലൊന്നായ മഹാരാഷ്ട്രയില്‍ തുടര്‍ ഭരണമെന്ന ലക്ഷ്യത്തിലാണ് ബിജെപി-ശിവസേന സഖ്യം. അട്ടിമറികളില്‍ വിശ്വസിച്ച് എന്‍.സിപി-കോണ്‍ഗ്രസ് സഖ്യവും ശുഭപ്രതീക്ഷയിലാണ്.

എന്‍.സി.പി സ്ഥാപകനും ദേശിയ രാഷ്ട്രിയത്തിലെ അതികായകനുമായ ശരത്പവാറിനെതിരായ ആദായനികുതി കേസോട് കൂടിയാണ് മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത്. ശരദ് പവാറിന്റെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയുമായി പ്രഫുല്‍ പട്ടേലിനെതിരായ കേസും സജീവമാക്കിയ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണം ബിജെപി ചൂടാക്കി.ആദായ നികുതി ഓഫീസിലേയ്ക്ക് മഹാരാഷ്ട്രയെ ഇളക്കി മറിച്ച് കൊണ്ട് ബഹുജന റാലി സംഘടിപ്പിച്ചാണ് എന്‍സിപി മറുപടി നല്‍കിയത്.

മൂന്ന് ദിവസം മഹാരാഷ്ട്രയില്‍ തമ്പടിച്ച് പ്രചാരണം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മൂബൈ സ്ഫോടനത്തിന് പിന്നില്‍ ശരദ്പവാറിന് ബന്ധമുണ്ടെന്ന് സൂചനയോടെയാണ് റാലികളോരോന്നും സംബോധന ചെയ്തത്. ആര്‍.എസ്.എസ് നേതാവ് സവര്‍ക്കറിന് ഭാരത രത്ന നല്‍കുമെന്ന് ബിജെപി പ്രകടന പത്രിക പുറത്തിറക്കിയതും ഏറെ വിവാദമായിരുന്നു. കാശ്മീരിന്റെ പ്രത്യേക പദവി മാറ്റിയതും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായി.

2014ല്‍ തിരഞ്ഞെടുപ്പിന് ശേഷമാണ് ശിവസേന-ബിജെപി സഖ്യം നിലവില്‍ വന്നതെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കാന്‍ ഇരുപാര്‍ടികള്‍ക്കും കഴിഞ്ഞു. അതിന്റെ മുന്‍ തൂക്കം പ്രചാരണത്തില്‍ കണ്ടുവെങ്കിലും ഭാവി മുഖ്യമന്ത്രി ശിവസേനക്കാരനായിരിക്കുമെന്ന് ശിവസേന പ്രഖ്യാപിച്ചത് സഖ്യത്തില്‍ വിള്ളല്‍ വീഴ്ത്തി.

ബിജെപി 150 സീറ്റിലും 124 സീറ്റില്‍ ശിവസേനയും മത്സരിക്കുന്നുണ്ട്. താക്കറെ കുടുംബത്തില്‍ നിന്നൊരാള്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ പുത്രന്‍ ആദിത്യ താക്കറേ വറോളി മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്നു.

123 സീറ്റ് വീതമാണ് കോണ്‍ഗ്രസും എന്‍സിപിയും മത്സരിക്കുന്നത്. പ്രചാരണം അവസാനിക്കുമ്പോഴും കോണ്‍ഗ്രസ് പക്ഷത്ത് കാര്യമായി പ്രചാരണം ഉണ്ടായില്ലെന്ന് പരാതി എന്‍സിപിയ്ക്കുണ്ട്.

അവസാന സമയം മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങ് വന്നുവെന്നതൊഴിച്ചാല്‍ രാഹുല്‍ഗാന്ധിയല്ലാതെ ആരും മഹാരാഷ്ട്രയില്‍ കാര്യമായ പ്രചാരണത്തിന് എത്തിയില്ല. തിങ്കളാഴ്ച്ചയാണ് വോട്ടെടുപ്പ്.1,16,495 സര്‍വീസ് വോട്ടടക്കം 8,95,62,706 വോട്ടര്‍മാരാണ് ഇത്തവണ മഹാരാഷ്ട്രയുടെ വിധിയെഴുതുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here