ഉമ്മന്‍ ചാണ്ടിയുടെ വാദങ്ങള്‍ പൊളിഞ്ഞു; ശബരിമലയില്‍ എല്‍ഡിഎഫ് നല്‍കിയത് 1521 കോടി; യുഡിഎഫ് 456 കോടി

തിരുവനന്തപുരം > ശബരിമലയ്‌ക്കായി എൽഡിഎഫ്‌ സർക്കാർ ഇതുവരെ 1521.36 കോടി രൂപ വകയിരുത്തിയതായി ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

മാസ്റ്റർപ്ലാൻ വിഹിതം ഉൾപ്പെടെ യുഡിഎഫ് സർക്കാർ അഞ്ചുവർഷംകൊണ്ട്‌ 456.216 കോടി നൽകിയ സ്ഥാനത്താണിത്‌.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അവതരിപ്പിച്ച കണക്കുകൾ വസ്‌തുതാവിരുദ്ധമാണ്‌. തെറ്റിദ്ധാരണ പരത്തി തെരഞ്ഞെടുപ്പിൽ ആനുകൂല്യം നേടാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌–- കടകംപള്ളി സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ കിഫ്‌ബി ഫണ്ട് ഉൾപ്പെടെ 1521.36 കോടിയാണ്‌ വകയിരുത്തിയത്‌. കൂടാതെ ദേവസ്വം ബോർഡിന് 100 കോടി അനുവദിച്ചു.

ആദ്യ ഗഡുവായ 30 കോടി ട്രഷറിയിലേക്കു മാറ്റി. ശബരിമല തീർഥാടനത്തിനായി യുഡിഎഫ്‌ സർക്കാർ അഞ്ചുവർഷംകൊണ്ട്‌ 341.21 കോടി വകയിരുത്തിയ സ്ഥാനത്ത്‌ എൽഡിഎഫ്‌ ഇതുവരെ 1255.32 കോടി വകയിരുത്തി. മാസ്‌റ്റർപ്ലാനിനായി യുഡിഎഫ്‌ ചെലവഴിച്ചത്‌ 115 കോടിയെങ്കിൽ ഈ സർക്കാർ ഇതുവരെ 106 കോടി അനുവദിച്ചു.

ഇടത്താവളസമുച്ചയം പദ്ധതിക്കായി 100 കോടിയുടെയും നിലയ്ക്കൽ ബേസ് ക്യാമ്പ് വികസനത്തിനായി 50 കോടിയുടെയും പ്രവൃത്തികൾക്ക് കിഫ്‌ബി അനുമതി നൽകി.

നിർവഹണ ഏജൻസിയായി കേന്ദ്രസർക്കാരിനുകീഴിലുള്ള നാഷണൽ ബിൽഡിങ് കൺസ്‌ട്രക്‌ഷനെ (എൻബിസിസി) ചുമതലപ്പെടുത്താൻ നടപടി സ്വീകരിച്ചു.

അന്നദാനമണ്ഡപം, റസ്റ്റോറന്റ് ബ്ലോക്ക്, നിലയ്‌ക്കലിലെ കൺവൻഷൻ ബ്ലോക്ക്, നടപ്പന്തൽ എന്നിവയുടെ നിർമാണം ഇഴഞ്ഞുനീങ്ങുകയായിരുന്നു.

ഈ സർക്കാരാണ്‌ പൂർത്തിയാക്കിയത്‌. ശബരിമലയിൽ എട്ടുകോടി ചെലവിൽ 50 ലക്ഷം ലിറ്ററിന്റെ നാല്‌ ജലസംഭരണികളും 12 കോടി ചെലവിൽ 54 മുറികളുള്ള ദർശൻ കോപ്ലക്സും നാലുകോടി ചെലവിൽ വലിയ നടപ്പന്തലിന്റെ നവീകരണവും 5.5 കോടി ചെലവിൽ പുതിയ ആശുപത്രിയും ആരംഭിച്ച് പൂർത്തിയാക്കിയത് ഈ സർക്കാരാണ്.

മലബാർ ദേവസ്വം ബോർഡിന്‌ യുഡിഎഫ്‌ ഭരണകാലത്ത് 71.458 കോടി അനുവദിച്ചപ്പോൾ ഈ സർക്കാർ 121.48 കോടി നൽകി.

മാടായിക്കാവ് ക്ഷേത്രകലാ അക്കാദമിക്ക് ഈ സർക്കാരാണ് ഗ്രാന്റ്‌ അനുവദിച്ചത്. സാംസ്കാരികവകുപ്പ് അക്കാദമിക്ക് 50 ലക്ഷം രൂപയും അനുവദിച്ചു.

വിരമിച്ച എക്സിക്യൂട്ടീവ് ഓഫീസർമാരുടെ പെൻഷൻ 3000 ആയിരുന്നത്‌ 6000 രൂപയാക്കി. കൊച്ചിൻ ദേവസ്വം ബോർഡിലെ ക്ഷേത്രഭൂമിയിൽ നക്ഷത്രവനം, ഹരിതക്ഷേത്രം എന്നീ പദ്ധതികൾ നടപ്പാക്കി.

പത്മനാഭസ്വാമി ക്ഷേത്രത്തിലെ വികസനപ്രവൃത്തികൾ പൂർത്തിയാക്കി. ഗുരുവായൂരിലെ വികസനപദ്ധതികൾ ഉടൻ പൂർത്തിയാക്കുകയാണെന്നും മന്ത്രി പറഞ്ഞു.

മുന്നോക്കസമുദായത്തിലെ പിന്നോക്കക്കാർക്കായി ആദ്യമായി സംവരണം അനുവദിച്ചത്‌ എൽഡിഎഫ്‌ സർക്കാരാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഇതുപ്രകാരമുള്ള നിയമനം ഉടൻ നടക്കുമെന്നും അദ്ദേഹം ചോദ്യത്തിന്‌ മറുപടിയായി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News