ഗോവിന്ദച്ചാമിയ്ക്ക് വേണ്ടി വാദിച്ച ആളൂരിനെ തനിക്ക് അഭിഭാഷകനായി വേണ്ടെന്ന് ജോളി. തന്റെ സഹോദരന്‍ ഏര്‍പ്പാടാക്കിയതാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. എന്നാല്‍ ഇത് താന്‍ വിശ്വസിക്കുന്നില്ല. സൗജന്യ നിയമസഹായമെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ജോളിയെക്കൊണ്ട് വക്കാലത്ത് ഒപ്പിടീപ്പിച്ചതെന്ന് അന്വേഷണ സംഘത്തിലെ പ്രമുഖനും സ്ഥിരീകരിച്ചു. കുപ്രസിദ്ധ കേസുകളാണ് ആളൂര്‍ ഏറ്റെടുക്കാറുള്ളതെന്ന് ജോളിക്ക് പിന്നീടാണ് മനസിലായത്.

ചീപ്പ് പബ്ലിസിറ്റിക്ക് വേണ്ടിയാണ് ആളൂരും സംഘവും ഇത്തരം നടപടികളുമായി മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോളിയുടെ കട്ടപ്പനയിലെ വീട്ടുകാരും ഗള്‍ഫില്‍ നിന്നടക്കം ചിലരും ആവശ്യപ്പെട്ടതിനാലാണ് വക്കാലത്ത് ഏറ്റെടുത്തതെന്ന് ആളൂര്‍ അസോസിയേറ്റ്സിലെ അഭിഭാഷകര്‍. ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് ജോളിയുടെ ബന്ധുക്കള്‍ പറയുന്നത്.

എന്നാല്‍ അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥന്റെ സമ്മര്‍ദ്ദമാണ് ജോളി തന്നെ തള്ളിപ്പറയാന്‍ കാരണമെന്ന് അഡ്വ. ആളൂര്‍ പറയുന്നു. ജോളി ഇക്കാര്യം എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ലെന്നും അദ്ദേഹം ചോദിക്കുന്നു. പോലീസ് ഒന്നിനും അനുവദിക്കാത്തതിനാല്‍ പ്രതിഭാഗം വക്കീലിന് പ്രതിയുമായി കോടതിയില്‍ വച്ച് സംസാരിക്കാന്‍ അപേക്ഷ കൊടുക്കേണ്ടി വന്നിരിക്കുകയാണ് ഇപ്പോഴെന്നും ആളൂര്‍ കൂട്ടിച്ചേര്‍ത്തു.