ഓര്‍ത്തോഡോക്‌സ് സഭയെ അപമാനിച്ച് ബിജെപിയുടെ പ്രചാരണം; ജില്ലാ കളക്ടര്‍ക്ക് വിശ്വാസികളുടെ പരാതി

പത്തനംതിട്ട: ഓര്‍ത്തോഡോക്‌സ് സഭയുടെ പരമാധ്യക്ഷനും, മലങ്കര മെത്രാപ്പോലീത്തയുമായ കാതോലിക്ക ബാവായുടെ ഔദ്യോഗിക ചിഹ്നവും അദ്ദേഹത്തിന്റെ ഫോട്ടോയും ബിജെപി സ്ഥാനാര്‍ഥി സുരേന്ദ്രന്‍ പ്രചാരണത്തിനായി ഉപയോഗിച്ചതിനെതിരെ സഭയില്‍ ശക്തമായ പ്രതിഷേധം ഉയരുകയാണ്.

തങ്ങളുടെ മതവികാരത്തെ അപമാനിച്ചതിനെതിരെ ജില്ലാ കളക്ടര്‍ക്കു സഭയിലെ ഒരു പറ്റം വിശ്വാസികള്‍ ചേര്‍ന്ന് പരാതി നല്‍കി.

കത്തോലിക്കാ സഭയുടെ പാട്ടു കുര്‍ബ്ബാനയിലും, മാര്‍ത്തോമാ, പെന്തക്കോസ് സഭകളുടെ ഗാന ശുശ്രുഷയിലും ഉപയോഗിക്കുന്ന ”യിസ്രായേലിന്‍ നാഥനായി വാഴുമേക ദൈവം” എന്ന ഗാനത്തിന്റെ ഈണത്തില്‍ സുരേന്ദ്രന് വേണ്ടി വരികള്‍ എഴുതി ചേര്‍ക്കുകയായിരുന്നു.
സഭാവ്യത്യാസമില്ലാതെ എല്ലാ വിശ്വാസികള്‍ക്കിടയിലും തങ്ങളുടെ ആരാധനാഗാനത്തെ മോശമായി ചിത്രീകരിച്ചതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്.

ഓര്‍ത്തോഡോക്‌സ് സഭയുടെ ഔദ്യോഗിക ചിഹ്നം രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ബിജെപി ഉപയോഗിച്ചത് നിയമപരമായ കുറ്റമാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് ഒരു പറ്റം വിശ്വാസികള്‍ കളക്ടറെ സമീപിച്ചു പരാതി നല്‍കിയത്.

ഓര്‍ത്തോഡോക്‌സ് സഭയുടെ അധ്യക്ഷന്‍ ബാവാതിരുമേനിയുടെ ഫോട്ടോയും ചിഹ്നങ്ങളും ഉപയോഗിച്ചതിനെതിരെ സിപിഐഎം സംസ്ഥാന സെക്രെട്ടറിയേറ്റു അംഗം കെഎന്‍ ബാലഗോപാല്‍, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, സംസ്ഥാന കമ്മിറ്റി അംഗം അനന്തഗോപന്‍, സിപിഐ ജില്ലാ സെക്രട്ടറി ജയന്‍ എന്നിവര്‍ ഇലക്ഷന്‍ കമ്മീഷന് പരാതി നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here